|
 |
ദൈവങ്ങള്‍ സമ്പന്നരാകുമ്പോള്‍ ഭക്തര്‍ ദരിദ്രരാകുന്നു
-പ്രസന്നകുമാര്‍ ഇത്തിത്താനം
|
[ പണം നല്‍കി കൂപ്പണെടുത്ത് ഈശ്വരന്റെ അനുഗ്രഹം വാങ്ങാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്. പുരാതന ക്ഷേത്രങ്ങള്‍ നോക്കൂ. അവിടെ കാണിക്ക വഞ്ചിയെന്നും ഭണ്ഡാരമെന്നും പറയുന്ന സാധനങ്ങളില്ല ]
അങ്ങനെ ആറ്റുകാല്‍ ദേവിയും ഗിന്നസ് ബുക്കില്‍ കയറിക്കൂടി. പോയ വര്‍ഷം ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ പൊങ്കാല ഇട്ടതിന്റെ പേരിലാണ് ദേവി ഈ ഗിന്നസ് റിക്കോര്‍ഡ് അടിച്ചെടുത്തത്. തിരുപ്പതി ഭഗവാന്റെ കാറ്റഗറിയിലെത്തിയ ആദ്യ മലയാളി ദേവിയാണ് ആറ്റുകാല്‍ ഭഗവതി. 25 ലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം പൊങ്കാല ഇട്ടത്. മുന്‍വര്‍ഷം 15 ലക്ഷം ആളുകള്‍ മാത്രമേ വന്നുള്ളൂ. അതായത് ഒരു വര്‍ഷം കൊണ്ട് 10 ലക്ഷം ഭക്തന്മാര്‍ കൂടി. ഇനിയിപ്പോള്‍ അടുത്ത വര്‍ഷം ഈ പത്ത് ചിലപ്പോള്‍ 15-ഉം 20-ഉം ആകും. വിശ്വാസികള്‍ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാം. നിരീശ്വരവാദികള്‍ നാടുഭരിച്ചിട്ടും ഈശ്വര വിശ്വാസത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലല്ലോ? മതമില്ലാത്ത ജീവിനെക്കുറിച്ച് പഠിപ്പിച്ചാലും ജീവനില്ലാത്ത മതത്തെക്കുറിച്ച് പഠിപ്പിച്ചാലും വിശ്വാസികളുടെ മനസ്സിനെ മാറ്റാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ലെന്ന് ഈ ഭരണക്കാര്‍ക്കറിയില്ലല്ലോ. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ തുട്ടുകള്‍ കുന്നു കൂടുകയും ദേവീ-ദേവന്മാരുടെ ബാങ്കു ബാലന്‍സുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയുമാണ്.
വിശ്വാസികളുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ഹൈന്ദവ ക്ഷേത്രങ്ങളിലാണ്. പിന്നെയുള്ളത് മോസ്‌കുകളിലാണ്. മൂന്നാം സ്ഥാനമേ പള്ളികള്‍ക്കുള്ളൂ. ഇതിന്റെ അടിസ്ഥാന കാരണം സാമ്പത്തികം തന്നെയാണ്. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ദരിദ്രരുടേയും പാവപ്പെട്ടവരുടേയും എണ്ണം സമ്പന്നേരേക്കാള്‍ അധികമാണ്. പൊങ്കാല ഇടാന്‍ ആറ്റുകാലില്‍ എത്തുന്ന ഭക്തരുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുകയാണെങ്കില്‍, സമ്പന്നരുടെ എണ്ണം വളരെ കുറവുള്ളതായി കാണാം. പൊങ്കാല ഇടാന്‍ എത്തുന്ന സമ്പന്നരില്‍ കൂടുതലും സിനിമ നടികളാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സിനിമ നടികളുടെ പ്രൊഫഷന്‍ എപ്പോഴും ഭാഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു സിനിമിയില്‍ അവസരം കിട്ടണമെങ്കില്‍ ഭാഗ്യം വേണം. ആ സിനിമ വിജയിച്ചെങ്കില്‍ മാത്രമേ അടുത്ത ചിത്രത്തില്‍ ചാന്‍സ് കിട്ടൂ. അതും ഒരു ഭാഗ്യമാണ്. ഈ ഭാഗ്യങ്ങളുടെ വിതരണക്കാര്‍ ദേവീ-ദേവന്മാരാണല്ലോ. അതുകൊണ്ടു തന്നെ ഇവര്‍ പൊങ്കാലയ്‌ക്കല്ല ശബരിമലയ്‌ക്ക് വരെ പോകാന്‍ തയ്യാറാകും. (ജയമാല ശബരിമലയിലെ ശാസ്‌താ വിഗ്രഹത്തെ തൊട്ടതായുള്ള വാര്‍ത്ത ഇവിടെ ശ്രദ്ധേയമാണ്). ഇത്തരം ഭാഗ്യത്തിലും ഭാഗ്യക്കേടിലും നടികള്‍ വിശ്വസിക്കുന്നതുകൊണ്ടാണല്ലോ ഇവര്‍ പൊതുവേ ``മതേതരവാദികളായി'' അറിയപ്പെടുകയും സ്ഥിരമായി ക്ഷേത്രങ്ങളിലും പള്ളികളിലും ദര്‍ശനം നടത്തി വരികയും ചെയ്യുന്നത്. ഒരുതരം ഞാണിന്മേല്‍ കളിയാണ് ഇവരുടെ പ്രൊഫഷണ്‍. അതു കൊണ്ടുതന്നെ ഇവര്‍ എല്ലാറ്റിനും ഉപരി ഭാഗ്യത്തിനും ഈശ്വരനും സ്ഥാനം നല്‍കുന്നു.
ആഗോളവത്‌കൃത സമൂഹത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി കൂടി വരുന്നു. അതേ പോലെ ദരിദ്രനാരായണന്മാരുടെ എണ്ണവും ഏറിവരികയാണ്. വിലക്കയറ്റവും പണപ്പെരുപ്പവും ദുരിതങ്ങളും എല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവരെയാണല്ലോ. സമ്പന്നന്‍ ഇത്തരം പ്രശ്‌നങ്ങളെ തന്റെ സമ്പത്തുകൊണ്ട് നേരിടുമ്പോള്‍ പാവപ്പെട്ടവനാകട്ടെ തന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഈശ്വരില്‍ അര്‍പ്പിക്കുന്നു. അതിനായി അവന്‍ പോകാത്ത അമ്പലങ്ങളില്ല. ഇതുമൂലം അമ്പലങ്ങളിലെ തിക്കും തിരക്കും കൂടി വരുന്നു. ക്ഷേത്രങ്ങളിലെ ഈ തിരക്ക് വിശ്വാസത്തിന്റെ ഭാഗമായുണ്ടാകുന്നതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
ഒരു ഉദാഹരണം പറയാം. ഹിന്ദുമതത്തില്‍പ്പെട്ട ഒരാള്‍, തന്റെ മകളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അയാളുടെ കൈവശം അതിനുള്ള പണമില്ല. അയാളെ സഹായിക്കാന്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന സമുദായക്കാരും തയ്യാറാകുന്നില്ല. പിന്നെ ആകെ ആശ്രയമുള്ളത് അയാള്‍ വിശ്വസിക്കുന്ന ദൈവം മാത്രമേയുള്ളു. ഈ ദൈവത്തോടു പറഞ്ഞാല്‍ എന്തെങ്കിലും അത്ഭുതം (ലോട്ടറി അടിക്കുക തുടങ്ങിയവ) സംഭവിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ഏതെങ്കിലും പേരുകേട്ട ജോത്സ്യനെ കാണാന്‍ അയാള്‍ തീരുമാനിക്കുന്നു. ഈ ജോത്സ്യന്‍ പറഞ്ഞതനുസരിച്ച് അയാള്‍ പല ക്ഷേത്രങ്ങളിലേക്കും നേര്‍ച്ചയും വഴിപാടും നേര്‍ന്ന് ക്ഷേത്രദര്‍ശനവും നടത്തുന്നു. അതുകൊണ്ട് അയാള്‍ക്ക് താല്‌ക്കാലികമായ ആശ്വാസം - പണം കിട്ടുമെന്ന വിശ്വാസം - ലഭിക്കുന്നു. പക്ഷേ പണം മാത്രം കിട്ടുന്നില്ല. പകരം അയാളുടെ കൈവശം ഇരുന്ന പണം കൂടി നഷ്‌ടമാകുന്നു. ഇയാളുടെ സാമ്പത്തികബുദ്ധിമുട്ടിന്റെ കാരണം അന്വേഷിക്കുകയാണെങ്കില്‍ തുശ്ചമായ വരുമാനവും ഉയര്‍ന്ന ജീവിതചെലവുകളുമായിരിക്കും. സാധനങ്ങളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവരെയായിരിക്കും. ഈ പാവങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരിക്കും. ഈ വിലക്കയറ്റത്തിന്റെ കാരണമെന്താണ്? ആഗോളവത്‌ക്കരണ-നവലിബറല്‍ സാമ്പത്തികനയം. പത്തു-പതിനഞ്ച് കൊല്ലം മുന്‍പ് ക്ഷേത്രങ്ങളില്‍ ഇത്രയും തിരക്കില്ലായിരുന്നു. കാരണം അന്ന് തുശ്ചമായ വരുമാനത്തില്‍ സുഖമായി കഴിയാന്‍ സാധാരണക്കാരനു കഴിയുമായിരുന്നു. സ്വര്‍ണ്ണത്തിന് വലിയ വിലയില്ലായിരുന്നു. മക്കളെ കെട്ടിച്ചുവിടാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നുമില്ല. 1990-ല്‍ ആണ് ഇന്ത്യയില്‍ നരസിംഹറാവു സര്‍ക്കാര്‍ ആഗോളവത്‌ക്കരണം നടപ്പിലാക്കുന്നത്. അതിന്റെ ഏറ്റവും ദുഷ്യഫലമാണ് ഇപ്പോഴത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്. ജനങ്ങളുടെ ദുരിതം കൂടി. അതുകൊണ്ട് തന്നെ ദുരിതത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാതെ അവര്‍ ക്ഷേത്രങ്ങളില്‍ അഭയം പ്രാപിക്കുന്നു. സ്വാഭാവികമായും ക്ഷേത്രത്തില്‍ തിരക്കുകൂടും വരുമാനവും.
കോടീശ്വരന്മെല്ലാം നിരീശ്വരവാദികളാണെന്ന് കരുതരുത്. ക്യൂ നിന്നും ബുദ്ധിമുട്ട് സഹിച്ചും ഈശ്വര ദര്‍ശനം നടത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നുമാത്രം. ഇവര്‍ ഗവണ്‍മെന്റിനെ വെട്ടിച്ചുണ്ടാക്കുന്ന പണത്തിന്റെ ഒരു വിഹിതം (കുറ്റബോധം കൊണ്ട്) ക്ഷേത്രത്തില്‍ നേരിട്ട് നല്‍കി അതിലൂടെ പബ്ലിസിറ്റിയും ഈശ്വരാനുഗ്രഹവും നേടാന്‍ ശ്രമിക്കുന്നു. ഗുരുവായൂരില്‍ സ്വര്‍ണ്ണം കൊണ്ട് തുലാഭാരം നടത്തുന്നതും ശബരിമലയില്‍ മെയിന്റന്‍സ് പണി നടത്തുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. മദ്യ വ്യവസായികള്‍ ഒന്നാംന്തരം ഈശ്വര ഭയമുള്ളവരാണ്. ഓരോ കുടുംബങ്ങളെയും വഴിയാധാരമാക്കുന്നതിന്റെ കുറ്റബോധവും പാപഭാരവും ഒഴിവാക്കാന്‍ ഇവര്‍ സ്ഥലകാലഭേദമില്ലാതെ വിദൂര ക്ഷേത്രങ്ങളില്‍വരെ നേര്‍ച്ചയും വഴിപാടുകളും നടത്താറുണ്ട്. ഇവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും അവരുടെ പണ സഞ്ചിയില്‍ നിന്നും ലക്ഷങ്ങള്‍ പിടുങ്ങുവാനും വേണ്ടിയാണ് ചില ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് മുഖേന വഴിപാടുകള്‍ നടത്തുകയും അതിന്റെ പ്രസാദം വീട്ടിലേക്ക് വരുത്തിക്കുകയും ചെയ്യാം. തിരുപ്പതിയിലും മറ്റും ഇത്തരം സജ്ജീകരണങ്ങള്‍ നിലവിലുണ്ട്. ഏറെ താമസിയാതെ ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ നടപ്പില്‍ വരും. പോസ്റ്റല്‍ വഴി ശബരിമല അരവണ എത്തിക്കുന്ന നടപടികള്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇനിയിപ്പോള്‍ കഷ്‌ടപ്പെട്ട് മല ചവിട്ടി അരവണ വാങ്ങേണ്ടിവരില്ല. പോസ്റ്റോഫീസില്‍ പണം അടച്ച് അഡ്രസ്സ് കൊടുത്താല്‍ പോസ്റ്റ്‌മാന്‍ അരവണ വീട്ടിലെത്തിക്കും.
വരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇക്കാലത്ത് ക്ഷേത്രങ്ങള്‍ തമ്മില്‍ മത്സരമാണ്. എങ്ങനെ തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാം എന്നതിനേക്കുറിച്ചാണ് ക്ഷേത്രഭാരവാഹികളുടെ ചിന്ത. വാവുബലിയ്‌ക്ക് മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യം തങ്ങളുടെ ക്ഷേത്രത്തിലുണ്ടെന്നും അതുകൊണ്ട് അവിടെ വന്ന് ഭക്തര്‍ ബലിയിടണമെന്നും കാട്ടി പത്രപരസ്യം വരെ കൊടുത്ത ക്ഷേത്രമുണ്ട് നമ്മുടെ കേരളത്തില്‍. ഒരുകാലത്ത് പൊങ്കാല എന്നാല്‍ ആദ്യം മനസ്സിലെത്തുന്നത് ആറ്റുകാല്‍ ദേവിയായിരിക്കും. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പൊങ്കാല ഒരു ചടങ്ങാക്കി മാറ്റി. ഭഗവത് ക്ഷേത്രങ്ങളില്‍ പൊങ്കാല നടത്തുവാന്‍ കഴിയാത്തതുകൊണ്ട് ഉപദേവതകളായി ദേവീ പ്രതിഷ്‌ഠകള്‍കൂടി നടത്തി പൊങ്കാലയ്‌ക്ക് പരവതാനി വിരിച്ചിരിക്കുന്നു. പണ്ടൊക്കെ ഓരോ ക്ഷേത്രങ്ങളിലും വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ പ്രധാന ദിവസങ്ങളായി അഥവാ ഉത്സവങ്ങളായി കൊണ്ടാടിയിരുന്നുവെങ്കില്‍ ഇന്ന് എല്ലാ ഹൈന്ദവ വിശേഷ ദിവസങ്ങളും ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രധാനപ്പെട്ടതായി മാറി. ബ്രഹ്മചാരിയായ അയ്യപ്പന്റെ ഉത്സവദിനങ്ങളായ മണ്ഡലകാലത്ത് 41 ദിവസവും ദേവീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ഭജനയും വഴിപാടുകളും നടത്തുന്നു. ഇതിലൂടെ ലക്ഷങ്ങള്‍ ആ ക്ഷേത്രങ്ങളുടെ ഭണ്ഡാരത്തിലേക്ക് വന്നു ചേരുന്നു. ഭിക്ഷാടന മാഫിയകള്‍ ഭിക്ഷക്കാരെ തെരക്കുള്ള പ്രദേശങ്ങളില്‍ മാറ്റി മാറ്റി ഇരുത്തി ഭിക്ഷയെടുപ്പിക്കുന്നതുപോലെയാണ് ക്ഷേത്രക്കമ്മറ്റിക്കാര്‍ ദേവീ-ദേവന്മാരെ ഉപയോഗിക്കുന്നത്.
സ്വര്‍ഗ്ഗീയ വിരുന്നിലെ തങ്കുബ്രദറെ കുറ്റം പറയുന്നവര്‍, ഭാഗവത സപ്‌താഹങ്ങള്‍ നടത്തി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നു. ഭാഗവത സപ്‌താഹങ്ങളിലെ മനഃശാസ്‌ത്രം തന്നെയാണ് തങ്കുബ്രദറെ പോലെയുള്ളവര്‍ പരീക്ഷിച്ച് വിജയിച്ചത്. ഭക്തരെ ആത്മീയതയുടെ ഉത്തംഗശൃംഗത്തിലെത്തിച്ചിട്ട് അവരുടെ കൈകളില്‍ നിന്ന് ``ഉദാരമായ'' സംഭാവനങ്ങള്‍ തട്ടിയെടുക്കുന്നു. ഇത്തരം സംഭാവനകളുടെ സംഖ്യകൂട്ടുകയെന്നതാണ് ഒരു നല്ല യജ്ഞാചാര്യന്റെ മിടുക്ക്. വരുമാനം കൂടുന്നതനുസരിച്ച് യജ്ഞാചാര്യന്റെ ഡിമാന്റ് വര്‍ദ്ധിക്കുകയും കമ്മീഷന്‍ കൂടുകയും ചെയ്യുന്നു. ശ്രീനാരായണ ക്ഷേത്രങ്ങളിലും ഭാഗവത സപ്‌താഹങ്ങള്‍ തകൃതിയായി നടന്നുവരുന്നു. പൊതുവേ ശൈവാരാധകനായിരുന്ന ശ്രീനാരായണന്‍ പോലും വൈഷ്‌ണവാരാധനയുടെ ഭാഗമായ ഭാഗവത സപ്‌താഹങ്ങള്‍ നടത്തിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ ശ്രീനാരായണ വിശ്വാസത്തെപ്പോലും കാറ്റില്‍ പറത്തി ക്ഷേത്രഭണ്ഡാരം നിറയ്‌ക്കുകയാണ് ഭാരവാഹികള്‍.
വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റു ദൈവങ്ങളെ വര്‍ഷങ്ങളായി ശബരിമല ശാസ്‌താവ് പിന്‍തള്ളിക്കൊണ്ടിരിക്കുകയാണ്. 2009 ലെ ശബരിമല സീസണ്‍ ആരംഭിച്ച് ഒരുമാസം തികയുന്നതിനുമുമ്പ് 45 കോടി രൂപയുടെ വരുമാനമാണ് ശബരിമലയില്‍ ഉണ്ടായത്. സീസണ്‍ കഴിയുമ്പോഴേക്കും കോടിയുടെ എണ്ണം മൂന്നക്ക സംഖ്യയോടടുത്തെത്തും. ശബരിമലയില്‍ എത്തുന്ന ഭക്തരുടേയും സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയാണെങ്കില്‍ സമ്പന്നരുടെ എണ്ണം കുറവും ദരിദ്രനാരായന്മാരുടേയും പാവപ്പെട്ടവരുടേയും സംഖ്യ കൂടുതലുമായിരിക്കും. ഇതിന്റെ കാരണം പ്രത്യേകിച്ച് പറയേണ്ടിതില്ലല്ലോ. ഇന്ത്യയില്‍ ശതകോടീശ്വരന്മാരില്‍ എത്രപേര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്? ക്യൂ നിന്ന് കഷ്‌ടപ്പെട്ട് ശബരീശന്റെ അനുഗ്രഹം നേടാന്‍ ഇവര്‍ക്ക് ഒരു താല്‌പര്യവും ഇല്ല. ഇവരും ഈശ്വരന്മാരാണല്ലോ; കോടികള്‍ കൈവശമുള്ള ഈശ്വരന്മാര്‍.
അഴിമതിയുടെ കാര്യത്തിലും ശബരിമല തന്നെ മുന്‍പില്‍. ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി പൂജ ചെയ്യാനുള്ള അവകാശം നേടിയെടുക്കുന്നതിനു വരെ കൈക്കൂലി കൊടുക്കേണ്ടിവരും. അന്നദാനം നടത്തുവാന്‍ ആളുകളും സംഘടനകളും ഉന്തുംതള്ളുമാണ്. ഈ അന്നദാന വിതരണത്തിലൂടെ ലക്ഷങ്ങള്‍ അടിച്ചുമാറ്റാമെന്ന് ഇവര്‍ക്കറിയാം. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ക്ക് സന്തോഷം. കാരണം അതിലൂടെ ലക്ഷങ്ങള്‍ കൈമടക്കു കിട്ടും. അങ്ങനെ ഓരോ ഭക്തനും മുണ്ടുമുറിക്കിയുടുത്ത് കൂട്ടിവയ്‌ക്കുന്ന സമ്പാദ്യം വര്‍ഷാവസാനം കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ നിന്നും കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളുടെ ഖജനാവിലുള്ളത് കോടികളാണ്. 2006-07-ലെ കണക്കുപ്രകാരം ഈ ദേവസ്വം ബോര്‍ഡുകള്‍ക്ക് ബാങ്ക് ബാലന്‍സായി 626 കോടി രൂപയും 946 കിലോ സ്വര്‍ണ്ണവും 4,196 കിലോ വെള്ളിയും ഉണ്ടായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ 21 ബാങ്കുകളിലായി 321.87 കോടി രൂപയുടെ നിക്ഷേപവും 641.37 കിലോ സ്വര്‍ണ്ണവും 3,888 കിലോയുടെ വെള്ളിയുമുണ്ടായിരുന്നു. 2009 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കൊച്ചിന്‍ ദേവസ്വത്തിന്റെ ബാങ്ക് ബാലന്‍സ് 2,25,35,635 രൂപയും, ഗുരുവായൂര്‍ - 6,66,09,318 രൂപയും, മലബാര്‍ - 94,09,627 രൂപയും, കൂടല്‍മാണിക്യം - 32,32,595 രൂപയുമാണ്. സ്വര്‍ണ്ണം കൊച്ചിന്‍ ദേവസ്വത്തില്‍ 11.266 കിലോയും ഗുരുവായൂര്‍ - 935.598 കിലോ (270.983 കിലോ + 51.492 കിലോ കല്ലോടു കൂടിയത് + 10 ഗ്രാം ലോക്കറ്റ് 7472 എണ്ണം + 5 ഗ്രാം ലോക്കറ്റ് 11,109 എണ്ണം + 3 ഗ്രാം ലോക്കറ്റ് 20,400 എണ്ണം + 2 ഗ്രാം ലോക്കറ്റ് 11,800 എണ്ണം + 53.163 കിലോ തിരുവാഭരണങ്ങള്‍ + 344.895 കിലോ എസ്.ബി.ഐ. ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീം), മലബാര്‍ - 1,344 ക്ഷേത്രങ്ങളിലായി പ്രത്യേകം രജിസ്റ്ററില്‍ സൂക്ഷിച്ചിരിക്കുന്നു. വെള്ളി കൊച്ചിന്‍ ദേവസ്വത്തില്‍ - 38.355 കിലോയും ഗുരുവായൂര്‍ - 4,289.647 കിലോ (3831.560 കിലോ + 10 ഗ്രാം ലോക്കറ്റ് 3,494 എണ്ണം + 5 ഗ്രാം ലോക്കറ്റ് 29,611 എണ്ണം + 275.092 കിലോ തിരുവാഭരണങ്ങള്‍).
5 ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ മാത്രം കണക്കുകളാണിത്. ആറ്റുകാല്‍ ദേവീക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ചക്കുളത്തുകാവ് തുടങ്ങിയ പ്രസിദ്ധമായ സ്വകാര്യ ട്രസ്റ്റ് വക ക്ഷേത്രത്തിലെ വരുമാനം ഇതിലും കൂടുതല്‍ വരും. ഈ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നുമാത്രമല്ല. ഇതില്‍ ഗവണ്‍മെന്റിന് അവകാശവുമില്ല. പക്ഷേ ഈ ക്ഷേത്രങ്ങളിലെ വിശേഷ ദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റുമായി കേരള സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനും ശുചീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ക്ഷേത്രങ്ങളില്‍ സമ്പത്തു കുന്നുകൂടുമ്പോള്‍ നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നു. രാജഭരണ കാലം മുതല്‍ ഈ പ്രതിഭാസം നിലനിന്നിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക നാട്ടുരാജാക്കന്മാരും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും അവിടങ്ങളിലെ സമ്പത്തുകള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്‌തിട്ടുണ്ട്. ഇതില്‍ ഹിന്ദു-മുസ്ലീംഭരണ ഭേദമുണ്ടായിരുന്നില്ല. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും കൊള്ളയടിക്കുവാന്‍ ടിപ്പു സുല്‍ത്താനെ പ്രേരിപ്പിച്ച ഘടകം ക്ഷേത്രങ്ങളിലെ അമിതമായ സമ്പത്തായിരുന്നു. ഇന്ന് ടിപ്പുസുല്‍ത്താനും മറ്റു രാജാക്കന്മാര്‍ക്കും പകരം വിദഗ്‌ദ്ധരായിട്ടുള്ള മോഷ്‌ടാക്കള്‍ ആ കര്‍മ്മം നിര്‍വ്വഹിക്കുന്നു. ക്ഷേത്രങ്ങളിലെ മോഷണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിന്നും പഞ്ചലോഹത്തിലേക്ക് പരിണാമം സംഭവിച്ച ഭഗവാന്റെ ``വില''യും വര്‍ദ്ധിച്ചു. സ്വാഭാവികമായും ഭഗവന്റെ സുരക്ഷിതത്വവും സമാധാനവും നഷ്‌ടപ്പെട്ടു തുടങ്ങി. ഈ അവസരത്തില്‍ ``ഭഗവാനെന്തിനാ പാറാവ്'' എന്ന് ചോദിക്കാന്‍ ആരും തുനിയില്ല; കാരണം ഇന്ന് ഭഗവാനേ പാറാവിന്റെ ആവശ്യമുള്ളൂ.

സ്വാമി സന്ദീപ് ചൈതന്യ
|
പാവപ്പെട്ടവന്റെ പോക്കറ്റിലെ ഓട്ടക്കാലണകള്‍ വരെ അടിച്ചുമാറ്റുന്ന ക്ഷേത്രഭണ്ഡാരങ്ങളെക്കുറിച്ച് സ്‌കൂള്‍ ഓഫ് ഭഗവത് ഗിതയുടെ ചെയര്‍മാന്‍ സ്വാമി സന്ദീപ് ചൈതന്യ എന്താണ് പറയുന്നതെന്ന് നോക്കൂ: ``ഭക്തന്‍ എന്തിന് വേണ്ടിയാണ് പണം നല്‍കുന്നത്. പലതും പറഞ്ഞ് അവന്റെ മനസ്സിനെ ഭയപ്പെടുത്തിയാണ് പൂജയ്‌ക്കും ഹോമത്തിനും പണം വാങ്ങുന്നത്. ദൈവത്തിന് എന്തിനാണ് പണവും സ്വര്‍ണ്ണവുമൊക്കെ. പണം നല്‍കാത്തതിന്റെ പേരില്‍ ദൈവം ശപിക്കുമെന്ന് കരുതുന്നത് അറിവില്ലായ്‌മ കൊണ്ടാണ്. നിങ്ങള്‍ യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കരുത്. സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആ പണം ഉപയോഗിക്കു. നല്ലവരുമാനമുള്ള രണ്ട് ക്ഷേത്രങ്ങളാണ് ശബരിമലയും ഗുരുവായൂരും. ഭക്തന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഈ പണം കൊണ്ട് ചെയ്യുന്നുണ്ടോ? പണം നല്‍കി കൂപ്പണെടുത്ത് ഈശ്വരന്റെ അനുഗ്രഹം വാങ്ങാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്. പുരാതന ക്ഷേത്രങ്ങള്‍ നോക്കൂ. അവിടെ കാണിക്ക വഞ്ചിയെന്നും ഭണ്ഡാരമെന്നും പറയുന്ന സാധനങ്ങളില്ല. ആധുനിക മനുഷ്യന്‍ പണിതു വച്ചതാണ് അതൊക്കെ''.
ആരൊക്കെ എന്തൊക്കെ എഴുതിയാലും ഈശ്വരനെത്തേടിയുള്ള ഭക്തരുടെ തിരക്കവസാനിക്കില്ല. അതവസാനിക്കണമെങ്കില്‍ പട്ടിണിയും ദുരിതങ്ങളും ഇല്ലാത്ത ഒരു കാലം വരണം. അങ്ങനെ ഒരു കാലം വരണമെങ്കില്‍ അതിനായി പരിശ്രമിക്കുന്ന ഒരു ഭരണകൂടം നിലവില്‍ വരണം. അല്ലാത്ത കാലത്തോളം ദേവാലയങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഗിന്നസ് ബുക്കിലെ ദേവീ-ദേവന്മാരുടെ സ്ഥാനം ഓരോ വര്‍ഷവും തിരുത്തേണ്ടിയും വരും.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള post feedback സംവിധാനം ഉപയോഗിക്കുക.
|