Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
കഥ
Print this page    Email this page   Post Feedback




പ്രേംകുമാര്‍ കണ്ണോം
കേരളീയം യുവപ്രതിഭാപുരസ്‌കാരത്തിനുവേണ്ടിയുള്ള കഥ, കവിത, ലേഖന മത്സരത്തില്‍ കഥാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കൃതി. കണ്ണൂര്‍ ജില്ലയിലെ കണ്ണോം സ്വദേശിയായ പ്രേംകുമാര്‍ സാഹിത്യ രചനയില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ഇപ്പോള്‍ കുറുമാത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനാണ്‌.


നനവ്‌ സംസ്‌കരണമാകുന്നത്‌


ഗലികള്‍ അശാന്തമായി വിണ്ടു കിടന്നു. ഇഷ്‌ടികച്ചുമരുകള്‍ക്കിടയിലെ ഇത്തിരിച്ചതുരത്തിനിടയിലൂടെ വെളുത്തു നീണ്ടുമെലിഞ്ഞ പെണ്‍മുഖങ്ങള്‍ എത്തിനോക്കി മറഞ്ഞു. കുതിര വണ്ടിക്കാരന്‍ നേരത്തെ പാട്ടു നിര്‍ത്തിയിരുന്നു. യാത്രയുടെ അവസ്ഥകളില്‍ അതവളെ
അത്രയും അലോസരപ്പെടുത്തിയിരുന്നു. അടഞ്ഞു കിടന്ന ഗലികളുടെ മൂലകളില്‍ അവിടവിടെയായി കത്തിയമര്‍ന്ന ടയറുകളില്‍ നിന്ന്‌ കറുത്ത പുക അന്തരീക്ഷത്തെ നിറച്ചു. മടിയില്‍ ഉറങ്ങിക്കിടന്ന ഹസീനയുടെ കയറിക്കിടന്ന പാവാട കണങ്കാലിനെ മറച്ച്‌ അഭിരാമി വലിച്ചു താഴ്‌ത്തി. ഓരോ കുലുക്കങ്ങളിലും അവളുടെ കുഞ്ഞുമുഖം അസ്വസ്ഥമാകുന്നുണ്ട്‌. കുതിരവണ്ടിക്കാരന്‍ ഇടക്കിടെ പിറകിലേക്ക്‌ പാളിനോക്കുന്നുണ്ട്‌. അയാള്‍ കൈയ്യിലിട്ട്‌ തിരുമ്മിക്കൊണ്ടിരുന്ന പൊടി വായിലേക്ക്‌ തിരുകിക്കയറ്റി ബാക്കി കാറ്റിലേക്ക്‌ തട്ടിപ്പറത്തി. ചമ്മട്ടി ഉയര്‍ത്തി കുതിരയെ ആഞ്ഞൊന്നു തല്ലി. വണ്ടി വീണ്ടും ശക്തിയായി കുലുങ്ങി.

റെയില്‍വേ സ്റ്റേഷന്‍ പഴയ അവസ്ഥയിലേക്ക്‌ തിരിച്ചു വന്നിരുന്നു. കഴിഞ്ഞ ദുരന്തങ്ങളെ അത്‌ ചുളുക്കി ചവറ്റു കൊട്ടയിലേക്ക്‌ തള്ളിക്കഴിഞ്ഞിരുന്നു. ചിതറിയ ചിതല്‍ക്കൂട്ടം പോലെ ഒരുപാട്‌ പേര്‍ കെട്ടും ഭാണ്‌ഡവുമായി അടുത്തവണ്ടിക്കായി കാത്ത്‌ നില്‍ക്കുകയാണ്‌. കുറേപ്പേര്‍ പ്ലാറ്റ്‌ഫോമില്‍ ഭാണ്‌ഡം ഉപധാനമാക്കി മയങ്ങു
ന്നു.

``ഗാവ്‌ മേം ചല്‍ ഗയാ''- മുറുക്കാന്‍ തിന്ന്‌ ചുണ്ടിനിരുവശത്തുകൂടിയും ഒലിച്ചിറങ്ങിയ മുഖവുമായി പ്രായമേറിയ വെളുത്തു തടിച്ച ഒരു സ്‌ത്രീയുടെ എവിടേക്കെന്ന ചോദ്യത്തിന്‌ അഭിരാമി പതുക്കെ മറുപടി പറഞ്ഞു. ഒരു പ്രാര്‍ത്ഥനപോലെ ആ വാക്കുകള്‍ കൈകൂപ്പി. അവരുടെ തലയിലെ കണ്ണാടിത്തുണ്ടുകള്‍ പിടിപ്പിച്ച ചുവപ്പും പച്ചയും പൂക്കള്‍ വിരിഞ്ഞ തട്ടത്തിലേക്ക്‌ കൗതുകത്തോടെ ഹസീന നോക്കി.ആ സ്‌ത്രീയുടെ കൂടെയുണ്ടായിരുന്ന പൊക്കം കൂടി തലപ്പാവ്‌ ധരിച്ച മധ്യവയസ്‌ക്കന്‍ സംശയം നിറച്ച കണ്ണോടെ ഹസീനയെത്തന്നെ ശ്രദ്ധിക്കുന്നത്‌ അഭിരാമിയില്‍ ചെറിയ നടുക്കമുണ്ടാക്കി....റെയില്‍വേ സ്റ്റേഷന്‍ പിറുപിറുക്കലിന്റേയും നിശ്വാസങ്ങളുടേയും കുഞ്ഞുങ്ങളുടെ കരച്ചിലിന്റേയും വലിയൊരു ചിതല്‍പുറ്റ്‌ പടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നു.

വിയര്‍പ്പിന്റെയും ലഹരിവസ്‌തുക്കളുടേയും മടുപ്പിക്കുന്ന ഗന്ധം കംപാര്‍ട്ടുമെന്റില്‍ നിറഞ്ഞു. എതിരെ ഇരിക്കുന്നവര്‍ ഉറക്കത്തിലേക്ക്‌ പിടിച്ചുകയറുകയാണ്‌. ബര്‍ത്തില്‍ കിടന്നുറങ്ങുന്ന സ്‌ത്രീയുടെ ദുപ്പട്ട മുമ്പില്‍ തോരണം പോലെ ഞാന്നു കിടന്നത്‌ പിടിച്ചു കളിക്കുകയായിരുന്ന ഹസീനയെ അഭിരാമി വിലക്കി. പുറത്തെ കാഴ്‌ചകളിലേക്ക്‌ അവള്‍ കൗതുകത്തോടെ ചിരിച്ചു. റെയില്‍വേ സ്റ്റേഷന്‍ വലിയൊരു ഇഴജന്തുവിനെപ്പോലെ പതുക്കെ പിറകിലേക്ക്‌ ഇഴഞ്ഞു. പുറത്ത്‌ വിശാലമായ ഗോതമ്പു വയലുകള്‍....വര്‍ഷങ്ങളായി വെള്ളം കാണാത്ത പോലെ ചെമ്പിച്ചു പരന്നു. വിളപ്പെടുപ്പിനായി കഴുത്തു കുനിച്ചു ഊഴം കാത്തു അവ കാറ്റിലിളകന്നു. ഉഷ്‌ണത്തിന്റെ കുപ്പിച്ചീളുകള്‍ കാറ്റിനൊപ്പം കംപാര്‍ട്ടുമെന്റിലേക്ക്‌ ചീറി വന്നു കൊണ്ടിരുന്നു. അഭിരാമി പിറകിലേക്ക്‌ തലചാരി. അവളുടെ ഉള്ളിലേക്ക്‌ വലിയൊരു തീമല ഇടിഞ്ഞു വീണു.

``അരേ തൂ ക്യാ സമ്‌ഛാ..യെ സബ്‌ മേരാ ഹെ..തൂഭി....തൂഭി മേരാ ഹേ..സിര്‍ഫ്‌ പാഞ്ച്‌ ഹസാര്‍...പാഞ്ച്‌ ഹസാര്‍...''

വലിയൊരു പൊട്ടിച്ചിരിയല്ലായിരുന്നു അതെങ്കിലും അതിന്റെ മുഴക്കം ആ..... മുറിയുടെ ഇരുണ്ട കൂടുതല്‍ ഇടുങ്ങിയതാക്കി...മറ്റു മുറികളിലുണ്ടായിരുന്ന പെണ്ണുങ്ങളെല്ലാം കൂടുതല്‍ നിശ്ശബ്‌ദരായിട്ടുണ്ടാവണം. മോതിരങ്ങള്‍ തിരുകി കയറ്റിയ കൂറിയ വിരലുകള്‍ ഞൊടിച്ച്‌, ഒരു വശത്തേക്ക്‌ മുറുക്കാന്‍ തുപ്പി ആ വെളുത്തു തടിച്ച മനുഷ്യന്‍ ഏണിപ്പടികള്‍ ചവിട്ടിക്കുലുക്കിയിറങ്ങുമ്പോള്‍ അഭിരാമിയില്‍ എങ്ങോ എന്തോ ഉടഞ്ഞു തകര്‍ന്നിരുന്നു.

രാത്രികള്‍, പകലുകള്‍, ഇവയ്‌ക്കിടയിലെ സന്ധ്യ, എല്ലാം ഏതോ മഹായന്ത്രത്തിലൂടെ ചതഞ്ഞിറങ്ങി നനഞ്ഞു കുതിര്‍ന്ന തലയിണയും വിയര്‍ത്തൊട്ടിയ മുടിനാരുകളും ചുറ്റിപ്പിടിപ്പിച്ച്‌ കട്ടിലില്‍ ചുരുങ്ങിയ അഭിരാമിയെ നോക്കാതെ കടന്നുപോയി. അതിനിടയിലും ആരോ കൊണ്ടു വരുന്ന ഫോണില്‍ കേള്‍ക്കുന്ന ഹസീനയുടെ നേരിയ ശബ്‌ദം മാത്രമാണ്‌ ജീവനെ നിലനിര്‍ത്തുന്നത്‌.

``പാഞ്ച്‌ ഹസാര്‍ പ്ലസ്‌ പചാസ്‌ ഹസാര്‍ മതിയാകും.....പിന്നെ നമ്മള്‍ രണ്ടാളും...'' നുണക്കുഴിച്ചിയോടെ പണ്ട്‌ അമീര്‍ അഹമ്മദ്‌ അഭിരാമിയുടെ കൈകള്‍ മുഖത്തോടടുപ്പിച്ചപ്പോള്‍ ഷിഫ്‌റ്റ്‌ ചെയ്‌ഞ്ചിന്റെ അലറാം അടിച്ചു തുടങ്ങിയിരുന്നു.

``അരേ..യാര്‍... പോതും.... പോതും....ഐഡിയല്‍ കപ്പിള്‍സ്‌... നോ..നോ...ഹൈടെക്‌ ലവ്‌ ബേര്‍ഡ്‌സ്‌...ഐമീന്‍ ഇന്‍ യുവര്‍ ലാംഗ്വേജ്‌....ക്രൗഞ്ച മിഥുനങ്ങള്‍''

കൈയ്യടിച്ച്‌ ചിരിച്ച്‌ കൊണ്ട്‌ കമ്പനി എം ഡി ജയവര്‍ദ്ധന്‍ മിശ്ര അത്രയും പറഞ്ഞപ്പോള്‍ അഭിരാമി വല്ലാതെ നാണിച്ചു. അമീര്‍ അഹമ്മദ്‌ ആ ചിരിയിലും കൈയ്യടിയിലും പങ്കു ചേര്‍ന്നു. ആ ചിരിയുടെ മുഴക്കത്തില്‍ അഭിരാമി നാട്ടിലെ അച്ഛനെ മറന്നു.....അമ്മയെ മറന്നു...ചോറ്റുംകര ഭഗവതിയെ മറന്നു.

ബി. പി. ഒ.കളുടെ ഹൈടെക്‌ ജീവിതത്തിന്റെ വിധികളായി അമീര്‍ അഹമ്മദും അഭിരാമിയും ഫ്‌ളാറ്റുകളിലേക്ക്‌ ജീവിതത്തെ വിഭജിച്ചു. പതിവിന്‌ വിപരീതമായി ജയവര്‍ദ്ധന്‍ മിശ്രതന്നെ അവര്‍ക്ക്‌ ഒരേ ഷിഫ്‌റ്റ്‌ നല്‍കി.

ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റില്‍ മോള്‍ക്ക്‌ ഹസീന എന്ന്‌ തന്നെ പേര്‌ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അമീറിന്റെ പിടിവിടുവിച്ച്‌ ഒ#ാടിയ അത്രയും തന്നം അഭിരാമി കിതച്ചു. അമീര്‍ വെറുതെ ചിരിച്ചു.

ഉഷ്‌ണിച്ചുരുകുന്ന പകലുകളില്‍ പരസ്‌പരം വിയര്‍ത്തൊട്ടാതെയും, തണുത്തുറയുന്ന രാത്രികളില്‍ വിയര്‍പ്പിനായി അലിയാനും മറന്ന്‌ വ്യത്യസ്‌ത ഷിഫ്‌റ്റുകളിലേക്ക്‌ ജീവിതത്തെ ക്രമീകരിക്കാന്‍ അമീര്‍ നിര്‍ബന്ധിക്കുമ്പോള്‍ അത്‌ മോള്‍ക്ക്‌ വേണ്ടി മാത്രമെന്ന്‌ വിശ്വസിക്കരുതായിരുന്നുവെന്ന തിരിച്ചറിവ്‌ അഭിരാമിക്കുണ്ടായത്‌ മൂടിക്കെട്ടിയ സന്ധ്യയിലായിരുന്നു.

നാട്ടില്‍ നിന്ന്‌ ആദ്യമായും അവസാനമായും അച്ഛന്‍ വിളിച്ചതും അന്നവസാനമായിരുന്നു.
``അമ്മ മരിച്ചു.... നിന്നെ അറിയിക്കേണ്ടാന്ന്‌ ഏട്ടന്മാര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനമാണ്‌. എന്നെ ഇനിയാരും കേക്കില്ല.....പറ്റുമെങ്കില്‍ നീയൊന്ന്‌....''
വാര്‍ദ്ധക്യത്തിന്റെ മുറിഞ്ഞ വാക്കുകളില്‍ സ്വകാര്യം പോലെയുള്ള ശബ്‌ദം അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹസീന പനിച്ചു വിറയ്‌ക്കുകയായിരുന്നു. ഡോ: രണ്‍വീര്‍ ഷായെ കാണിക്കാന്‍ അമീറിനെ കാത്തു നില്‌ക്കയാണ്‌.
``ആം വെരിസോറി.....താങ്ക്‌സ്‌ ഫോര്‍ എവ്‌രിതിംഗ്‌...ആം ചെഞ്ച്‌ഡ്‌ മൈ ഷിഫ്‌റ്റ്‌ ആന്‍ഡ്‌ ലൈഫ്‌ വിത്ത്‌ സാന്ദ്ര....ഗുഡ്‌ബൈ'' കൈയ്യിലൊരു വിറയലായി മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞ മെസ്സേജില്‍ അമീര്‍ ചിരിച്ചു....നുണക്കുഴിച്ചിരി.

വലിയൊരു ഐസ്‌ കട്ടയായി അഭിരാമി സാന്ദ്രീകരിക്കപ്പെട്ടു. ചുമലില്‍ ഹസീന തപിച്ചു വിയര്‍ത്തു. സന്ധ്യ കറുപ്പായി കനത്തു. ഷിഫ്‌റ്റ്‌ ചെയ്‌ഞ്ചിന്റെ മുഴക്കം അഭിരാമി കേട്ടു.

ജയവര്‍ദ്ധന്‍ മിശ്ര സ്വിച്ച്‌ ഓഫ്‌, സുധീര്‍ കുമാര്‍, രാം ജഠ്‌ കപൂര്‍, ബിശ്വാസ മേത്ത....നൈറ്റ്‌ ഷിഫ്‌റ്റിലെ മുഴുവന്‍ പേരും നാട്ടിലേക്ക്‌ പേക്‌ ചെയ്‌തു കഴിഞ്ഞു.
`ബ്രേക്കിംഗ്‌ ദ കമ്പനി റൂള്‍ എബൗട്ട്‌ പംജ്‌ച്വാലിറ്റി ആന്റ്‌ മൊറാലിറ്റി ക്രൈറ്റീരിയ'-എന്ന ഗുരുതരമായ പിഴവ്‌. കൂട്ട പിരിച്ചു വിടല്‍ ഇനി താനും അമീറുമടങ്ങുന്ന സെക്കന്റ്‌ ഷിഫ്‌റ്റിനാണെന്നും സംസാരമുണ്ടായിരുന്നു.

ഏതു നിമിഷവും ആയുസ്സസ്‌തമിക്കാവുന്ന ജോലി.....അമീറിന്റെ തിരോധാനം.....ഹസീനയുടെ അസുഖം........നടുവശം തേഞ്ഞൊടിഞ്ഞ ക്രെഡിറ്റ്‌ കാര്‍ഡ്‌....പ്രതിസന്ധിയുടെ ഏറ്റവും കൃത്യമായ മര്‍മ്മത്തിലേക്കാണ്‌ വിശാല്‍ താക്കറെയെന്ന വളുത്തു തടിച്ച മനുഷ്യന്‍ ചിരിച്ചുകൊണ്ട്‌ പടികള്‍ കയറിവന്നത്‌....
``അരേ...യേക്‌ മുസല്‍മാന്‍ കെ സാഥ്‌ ഹിന്ദുഔരത്ത്‌.....'' ഫ്‌ളാറ്റിന്റെ വാടക കുടിശ്ശികയെക്കാളും താക്കറെയെ അന്നേ അലോസരപ്പെടുത്തിയത്‌ അതായിരുന്നു. മിഴികളില്‍ ദൈന്യത നിറച്ച്‌ അയാള്‍ ചിരിനിറുത്തി.

മറ്റൊരു വഴിയും ഇല്ലാത്തിടത്ത്‌ താക്കറെ നീട്ടിപ്പിടിച്ച വിസിറ്റിംഗ്‌ കാര്‍ഡിലെ അക്ഷരങ്ങള്‍ ചെറിയ തുറസ്സുകള്‍ പോലെ തോന്നിച്ചു. യന്ത്രക്കുഴലുകള്‍ പോലുള്ള ചുമരുകള്‍ക്കുള്ളിലേക്ക്‌ ആ തുറസ്സുകള്‍ കൂടുതല്‍ ഇരുണ്ടുകയും തന്നിലൊരു സംസ്‌കരണം തുടങ്ങുമെന്നും അഭിരാമി ഒരിക്കലും ഒര്‍ക്കാത്തതായിരുന്നു.

നനഞ്ഞു കുതിര്‍ന്ന തലയിണയുടെ ഈര്‍പ്പത്തില്‍ നിന്ന്‌ കവിളുകള്‍ അടര്‍ത്തി തിരിഞ്ഞു കിടക്കുമ്പോള്‍ വാരിയെല്ലുകള്‍ പ്രതിഷേധിച്ചു. മുടിയിലെ നനവ്‌ ചുണ്ടില്‍ ചേര്‍ന്നു. വിയര്‍പ്പിന്റെ ഉപ്പ്‌ മണം, ചവര്‍പ്പ്‌. അമീറിന്റെ വിയര്‍പ്പല്ല.....അറിയാത്ത ഏതൊക്കെയോ വിയര്‍പ്പുകള്‍...അമീറിന്റെ വിയര്‍പ്പേതാണ്‌? ഹസീനയുടേതാണോ? അല്‌പം മുമ്പ്‌ കാതോരം കേട്ട ഹസീനയുടെ ശബ്‌ദത്തിന്‌ തന്റെ തളര്‍ച്ചയുടെ സമാനതയുണ്ടെന്ന്‌ അഭിരാമിയില്‍ ഇടിവാളായി ഉരറിവ്‌കൂടി ഉറവപൊട്ടി. താഴത്തെ മറ്റേതോ മുറിയില്‍, മറ്റൊരു നനവില്‍.......

മയക്കത്തിന്റെ ഇടവേളകളില്‍ ഏതോ ഒന്നില്‍ പൊടുന്നനെ വലിയൊരു ഇടിഞ്ഞു തരല്‍ കേട്ടു. വെടിയൊച്ചയോ...? സ്‌ഫോടനമോ..? ആളുകളുടെ നിലവിളി ബഹളം...! ആരോ തല്ലിത്തുറന്ന വാതില്‍ വിടവിലൂടെ ഇറങ്ങിയോടി....കോണികള്‍ ചാടിയിറങ്ങി ഇരുട്ടു മുറികളിലെ ...പെണ്ണുങ്ങളും ആണുങ്ങളും തലങ്ങും വിലങ്ങും.....തുടരെ തുടരെ വെടിയൊച്ച...! ഇടനാഴിയിലെവിടുന്നോ അപ്രതീക്ഷിതമായി ഒരു നിലവിളിയായി ഹസീനയും ഒപ്പം കൂടി.....ഇരുളിന്റെ മറവിലെ പലയിടങ്ങളില്‍ മഞ്ഞ വെളിച്ചങ്ങളായി തീയുണ്ടകള്‍...പട്ടാളക്കാരുടെ ബൂട്ടിന്റെയൊച്ചകള്‍.....!
ഒരു പകലുകള്‍ രണ്ട്‌ രാത്രിയും ഹസീനയെയും കൊണ്ട്‌ ഏതൊക്കെയോ പല്‍ ചക്രങ്ങള്‍ക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്‌ ഒടുവില്‍ ഏതോ ഉല്‌പന്നമായ വെളുപ്പിന്‌ ആദ്യ കിട്ടിയത്‌ കുതിരവണ്ടിയായിരുന്നു....

ജനാലയിലൂടെ മുഖത്തു വീണ മഴത്തുള്ളികള്‍ ഹസീന അമ്മയുടെ സാരിത്തലപ്പ്‌ വലിച്ചു തുടച്ചു. കാഴ്‌ചകളിലൂടെ അവള്‍ ഒരുപാട്‌ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. വണ്ടിയിലപ്പോള്‍ മഴയുടെ തണുപ്പ്‌ ഉറക്കത്തിനെ സുഖപ്പിക്കുന്നതായിത്തീര്‍ന്നിരുന്നു. അഭിരാമി കണ്ണിലെ നനവ്‌ മഴ നനവോട്‌ ചേര്‍ത്തു.നിശബ്‌ദതയ്‌ക്കൊരു ശ്രുതി ചേര്‍ത്ത്‌ കംപാര്‍ട്ട്‌മെന്റിലെ ഫേനുകള്‍ കറങ്ങിക്കൊണ്ടിരുന്നു.
ജനല്‍ കാഴ്‌ചയായി മഹാനായ ഏതോ കലാകാരന്റെ എണ്ണഛായ ചിത്രം പോലെ ഇളം നീല നിറത്തില്‍ മഞ്ഞിന്‍ പാളിയില്‍ പൊതിഞ്ഞി വിശാലമായ നെല്‍ വയല്‍ അനന്തമായി പരന്നു. തെന്നി മറഞ്ഞ മഞ്ഞ ബോര്‍ഡില്‍ അഭിരാമി നാടിന്റെ നെടുവീര്‍പ്പു വിട്ടു. അടുത്തസ്റ്റേഷന്‍......!
ഹസീനയുടെ കൈമുറുകെ പ്പിടിച്ച്‌ പ്ലാറ്റ്‌ ഫോമിലിറങ്ങുമ്പോള്‍ ആ കൈയ്യുടെ മാര്‍ദ്ദവം അഭിരാമിയുടെ കനല്‍പ്പൊള്ളലായി. ഇരുണ്ട ചുമരുള്ള മുറിയിലെ മുഴുവന്‍ ഈര്‍പ്പവും വിയര്‍പ്പും ഛര്‍ദ്ദില്‍ പോലെ അവളുടെ ആമാശയത്തില്‍ കുതിച്ചു മറിഞ്ഞു.

വണ്ടി സ്വകാര്യം പോലെ പിറുപിറുപ്പായി ഇരുട്ടിലേക്ക്‌ ഇഴഞ്ഞു. നേരം വെളുക്കാനുള്ള മണിക്കൂറുകളിലേക്ക്‌ സ്റ്റേഷന്‍ മഞ്ഞവെളിച്ചത്തില്‍ കനത്തു കിടന്നു....
ചുറ്റും നോക്കി....കുറെപ്പേര്‍ പ്ലാറ്റ്‌ഫോമിലും സിമന്റ്‌ ബെഞ്ചിലുമായി ഉറങ്ങുന്നു. അപരിചിതര്‍! ചുളുങ്ങിയ പ്ലാസ്റ്റിക്‌ ഗ്ലാസുകളും കുപ്പികളും അവിടവിടെ അനാഥമാവുന്നു.
``ഇനി എങ്ങോട്ട്‌....തന്നെക്കാത്ത്‌...തങ്ങളുടെ വരവും കാത്ത്‌ അച്ഛനെങ്ങാന്‍ വന്നിട്ടുണ്ടാകുമോ? എത്ര വിഡ്‌ഢിത്തമാണ്‌ താനോര്‍ക്കുന്നതെന്ന തിരിച്ചറിവിന്‌ പോലും അവളുടെ മനസ്സില്‍ അല്‌പഇടം മാത്രമേ ബാക്കിയിരുന്നുള്ളൂ.

സ്റ്റേഷനു വെളിയില്‍ രണ്ടുമൂന്ന്‌ ഓട്ടോറിക്ഷകളുണ്ട്‌.
``എന്താ പെങ്ങളേ...എങ്ങോട്ടാ...?''
മീശ വടിച്ച്‌ മുഖം മിനുപ്പാല്‍ തിളങ്ങുന്ന ഒരാള്‍ ഓട്ടോയില്‍ നിന്നിറങ്ങി.

ഇവിടുന്ന്‌ ഒരു കിലോമീറ്ററപ്പുറം ....വയല്‍ കടന്ന്‌ ചോറ്റും കര ഭഗവതിക്കാവിനടുത്ത്‌ സിമന്റ്‌ കോണിയുള്ള വലിയ വീട്ടിലേക്ക്‌. അവിടെ വരാന്തയില്‍ വിളക്കണക്കാതെ ചാരുകസേരയില്‍ അച്ഛനുറങ്ങാതെയുണ്ടാവും. അവിടേയ്‌ക്ക്‌...ആയിരം നാവുകളോടെ അഭിരാമി അയാളോട്‌ വിളിച്ചു പറഞ്ഞു. പക്ഷെ എല്ലാ ശബ്‌ദങ്ങളും തൊണ്ടയില്‍ തന്നെ ഞെരിഞ്ഞ്‌ നിലവിളിയായമര്‍ന്നു. പകച്ച നോട്ടത്തിന്നപ്പുറത്തേക്കൊന്നും അതിന്‌ കുതിച്ചു ചാടാനായില്ല. ഹസീന ഭയന്ന കണ്ണോടെ അമ്മയെ നോക്കിചേര്‍ന്നു നിന്നു.

``ശരി...ശരി.. കേറിക്കോ...എത്തിക്കാം..''
അശ്ലീലം ചവച്ചുകൊണ്ട്‌ മറ്റൊരുത്തന്‍ കൂടി ഇറങ്ങിവന്നു.
`എത്തിക്കാം പെങ്ങളെ.... കേറിക്കോ....'
മസ്‌തിഷ്‌ക്കത്തിലൂടെ ചുട്ടു പഴുത്ത ഒരു കമ്പി ഭയങ്കരമായി കുത്തിയിറങ്ങി. മറ്റൊന്നും ചെയ്യാനാവാത്ത പോലെ അഭിരാമി ഹസീനയെയും പിടിച്ച്‌ ഓട്ടോയില്‍ കയറി.

ഓട്ടോയുടെ ശബ്‌ദം പാതിരാത്രിയിലെ വലിയ അലര്‍ച്ചയായിട്ടും സ്റ്റേഷന്‍ ഒന്നനങ്ങുക പോലും ചെയ്‌തില്ലെന്ന്‌ അഭിരാമി നടുങ്ങി. ഡ്രൈവര്‍ക്കൊപ്പം സഹായിയും കയറി. ഓട്ടോ നീങ്ങി.
മനസ്സില്‍ വിവിധങ്ങളായ പല്‍ചക്രങ്ങള്‍ കറങ്ങിത്തുടങ്ങി. ഏതൊക്കെയോ സൂചികള്‍ എങ്ങോട്ടൊക്കെയോ തിരിയാന്‍ തുടങ്ങി. ഹസീന വലിയൊരു നനവായി, ഈര്‍പ്പമായി ഒട്ടുന്നത്‌ അഭിരാമി അറിയുന്നുണ്ടായിരുന്നില്ല.

പിറകിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന സ്റ്റേഷനിലെ, സിമന്റു ബെഞ്ചിലൊന്നില്‍ മാറിയിരുന്നുറങ്ങുന്ന ഒരു വയസ്സന്റെ ദൃശ്യം പൊടുന്നനെ അവളിലേക്ക്‌ പാളിക്കയറി. അതവളില്‍ ഒരു സ്‌ഫോടനമായി....അതൊരു നിലനിളിയായി ചിതറിത്തെറിച്ചു.....ഓട്ടോ നിര്‍ത്താന്‍ അവള്‍ അലറി...ഹസീനയും അമ്പരന്നലറി.

ഒന്നു തിരിഞ്ഞു നോക്കി ചിരിച്ച്‌ ഡ്രൈവര്‍ വണ്ടിയുടെ വേഗം കൂട്ടി. അതവരുടെ നിലവിളികളെ....രാത്രി ഏതോ യന്ത്രതാളത്തിലേക്ക്‌ ക്രമപ്പെടുത്തിക്കൊണ്ടിരുന്നു. പുറത്തപ്പോള്‍ വീണ്ടുമൊരു മഴ നനവിനായി കോളുതുടങ്ങുകയായിരുന്നു.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും  രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള
post feedback സംവിധാനം ഉപയോഗിക്കുക.

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.