അമ്പിളി.ടി.ദേവ്
`കേരളീയം യുവപ്രതിഭാപുരസ്‌കാര'ത്തിനു വേണ്ടിയുള്ള കഥാ, കവിത, ലേഖന മത്സരങ്ങളില്‍ കവിതാ വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ ഈ കൃതിയുടെ രചയിതാവ് അമ്പിളി.ടി.ദേവ്, എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കിങ്ങിണിമറ്റം സ്വദേശിയാണ്.
|
|
ഒറ്റദിക്ക് മാത്രമറിയുന്ന കാറ്റാടിയുടെ ചലനം പോലെ പ്രാകൃതമാണ് എന്റെ അന്തര്‍വേഗം. ഉദയത്തില്‍ നിന്നും അസ്‌തമയത്തിലേക്കൊഴുകുന്ന ജീവതാളം ഞാന്‍ മഴയെ മാത്രം കാത്തിരിക്കുന്ന വേഴാമ്പലിന് എന്നെ അറിയില്ല, പതയുന്ന വികാരങ്ങള്‍ക്കുമീതേ അണക്കെട്ടു തീര്‍ത്ത നിങ്ങള്‍ക്കും. കാടിന്റെ കുതിര്‍ന്ന തേങ്ങലിനും പൂക്കളുടെ കൊഴിയാത്ത ചിരിക്കുമിടയിലെ നിസ്സംഗത ഭേദിച്ചാണ് ഒരു കാട്ടരുവിയായി ഞാനൊഴുകി വന്നത്. പേരറിയാത്ത മരങ്ങളുടെ താരാട്ടില്‍ മേഘങ്ങളുടെ നിഴലുകള്‍ തണല്‍ വിരിച്ചപ്പോള്‍ കരിമ്പാറകള്‍ മുലകള്‍ ചുരത്തി വെണ്‍നീര്‍ത്തടാകങ്ങളുടെ മിഴിനീരായി ഒഴുകുന്നു ഞാനോ, കറുത്തപാറകളെ മുത്തമിട്ട് കടലിന്റെ പ്രണയം തേടുന്നു ആകാശത്തിന്റെ കണ്ണുകള്‍ക്ക് കണ്ണാടിയാകുവാന്‍ വരളുന്ന ഹൃദയത്തിന്റെ അഭ്രപാളികളില്‍ കിനാക്കളുടെ വസന്തം കൊണ്ട് ആയിരം പൂക്കളെ വിടര്‍ത്തി. മറുകരയിലെ ദ്വീപുകള്‍ എനിക്കജ്ഞാതം മുത്തുകള്‍ പെറുക്കാന്‍ വന്ന മനുഷ്യരും. എന്നിട്ടോ, കടത്തുകാരനും കളിയോടവുമില്ലാതെ
പൊങ്ങുതടികള്‍ മാത്രം മറുകരതാണ്ടുന്നു.
ചോരുന്ന അണക്കെട്ടുകളും കരിമണലിനായി പകുത്ത തീരങ്ങളും പ്രകൃതിനിഷേധത്തിന്റെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയേക്കാം; എന്നിലേക്കിറങ്ങി ഇനി പാപമോക്ഷം തേടി മുങ്ങാം കുഴിയിടുമ്പോള്‍ നിരപരാധികളായ കുഞ്ഞുമത്സ്യങ്ങളെക്കൂടി വലയെറിയരുത്...
|