Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
ശാസ്‌ത്രലോകം
Print this page    Email this page   Post Feedback

ബഹിരാകാശ വാര്‍ത്തകള്‍
- പി.ആര്‍.ചന്ദ്രമോഹന്‍ 

ചന്ദ്രനിലെ ഗുഹകള്‍

ചന്ദ്രന്റെ ഉപരിതലത്തിന്‌ താഴെ ഗുഹകള്‍ കണ്ടെത്തിയതായി നാസയും ജാപ്പനീസ്‌ സ്‌പെയ്‌സ്‌ ഏജന്‍സി ജാക്‌സായും (JAXA) അറിയിച്ചിരുന്നു. ഇപ്പോള്‍ ചന്ദ്രയാന്‍ എടുത്ത ചിത്രങ്ങളില്‍ അത്തരം ഒരു വലിയ ടണലിന്റെ ആകൃതിയിലുള്ള ഗുഹ കിലോമീറ്ററോളം നീണ്ട്‌ കിടക്കുന്നതായി 1520 ചിത്രങ്ങള്‍ പഠിച്ച ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തി. ഭാവിയില്‍ അന്യഗ്രഹയാത്രകള്‍ക്ക്‌ ചന്ദ്രനെ ഇടത്താവളമായി ഉപയോഗിക്കുമ്പോഴും ഹീലിയം 3 എന്ന അപൂര്‍വ്വധാതു തേടി മനുഷ്യന്‍ ചന്ദ്രനില്‍ താമസിക്കുമ്പോഴും സുരക്ഷിതമായ താമസത്തിന്‌ ഇത്തരം ഗുഹകള്‍ ഉപയോഗ്യമാകും. അന്തരീക്ഷ വാതകങ്ങള്‍ ഇല്ലാത്തതിനാല്‍ ഉല്‍ക്കകള്‍ ചന്ദ്രഉപരിതലത്തില്‍ ഒരു വലിയ ഭീഷണിയാണ്‌. കൂടാതെ, ബഹിരാകാശത്തില്‍ നിന്നും സൂര്യനില്‍ നിന്നും വരുന്ന ഊര്‍ജ്ജം കൂടിയ കണങ്ങളും രശ്‌മികളും. ഈ ഗുഹകള്‍ ഇത്തരം അപകടങ്ങളില്‍ നിന്ന്‌ സുരക്ഷിതമായി മനുഷ്യന്‌ താമസത്തിന്‌ ഉപയോഗിക്കാം. ചന്ദ്രയാന്‍-1ലെ Terrain Mapping Camera ചന്ദ്രനിലെ ഓഷ്യാനസ്സ്‌ പ്രസല്ലോറം എന്ന മേഖലയില്‍ (രേഖാംശം 53.30W - അക്ഷാംശം 14.10N) ഇത്തരം ഒരു നീണ്ട ഗുഹ കണ്ടെത്തി. ചില സ്ഥലത്ത്‌ ഇത്തരം ഗുഹകള്‍ അടിഞ്ഞമര്‍ന്ന്‌ ഒരു തോടുപോലെ കാണപ്പെടുന്നുണ്ട്‌. 365 കി.മീറ്റര്‍ നീണ്ടതും 1.73 കി.മീറ്റര്‍ നീണ്ടതുമായ അത്തരം രണ്ടു തോടുകള്‍ക്ക്‌ മദ്ധ്യത്തില്‍ 2 കി.മീറ്റര്‍ നീളത്തില്‍ ടണല്‍ പോലെ നീണ്ട ലാവ ഗുഹ ചന്ദ്രയാന്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. അഹമ്മദാബാദ്‌ ഫിസിക്കല്‍ ലബോറട്ടറിയില്‍ നടന്ന ചന്ദ്രയാന്‍ ശാസ്‌ത്രസമ്മേളനത്തില്‍ എ.എസ്‌.ആര്യ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ നിരീക്ഷണങ്ങള്‍ വിവരിച്ചത്‌. ഉപരിതലത്തില്‍ നിന്നും 160 മീറ്റര്‍ താഴെയുള്ള ഇത്തരം ഗുഹകള്‍ ബഹിരാകാശവാഹനങ്ങളും ഇന്ധനവും മറ്റും സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപയോഗിക്കാം. ജപ്പാന്‍ സ്‌പെയ്‌സ്‌ ഏജന്‍സിയുടെ ചാര ഉപഗ്രഹമായ `കഗൂയ' (KAGUYA)യും ഇത്തരം ഒരു ഗുഹ കണ്ടെത്തിയിരുന്നു. അത്‌ വളരെ ആഴമുള്ള കിണര്‍പോലെയായതിനാല്‍ മനുഷ്യന്‌ താമസിക്കാന്‍ പറ്റുകയില്ല. മറ്റൊരു നാസ ഉപഗ്രഹചിത്രത്തില്‍ ചന്ദ്രന്റെ മാറിയസ്സ്‌ ഹില്‍സ്സ്‌ എന്ന മേഖലയില്‍ 15 മീറ്റര്‍ വ്യാസവും 80 മീറ്റര്‍ ആഴവുമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ 370 മീറ്റര്‍ നീളമുള്ള ഒരു ലാവ ഗുഹയിലേക്കുള്ള മാര്‍ഗ്ഗമായിട്ടാണ്‌ കാണപ്പെടുന്നത്‌.


എന്‍സലാഡസ്സ്‌ (ENCELADUS)
ശനിയുടെ അത്ഭുത ഉപഗ്രഹം

ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എന്‍സലഡസ്സില്‍ ദ്രാവകരൂപത്തില്‍ ജലം ഉണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി കാസ്സിനി ഹുജന്‍സ്‌ മിഷന്‍ ശാസ്‌ത്രസംഘം അറിയിച്ചു. ഹൈഡ്രോകാര്‍ബണുകളും അമോണിയയും എന്‍സലാഡസ്സില്‍ മുമ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്‍സലഡസ്സിന്റെ ഉപരിതലത്തില്‍ ഉയരത്തില്‍ ജറ്റുകള്‍ പോലെ വരുന്നവയിലെ പദാര്‍ത്ഥങ്ങള്‍ പഠിച്ചാണ്‌ അവയില്‍ നെഗറ്റീവ്‌ ചാര്‍ജ്ജ്‌ ഉള്ള ജലത്തിന്റെ അയോണുകള്‍ കണ്ടെത്തിയത്‌. ഇത്‌ ദ്രാവകരൂപത്തില്‍ ജലം ഉള്ളതിന്റെ തെളിവാണ്‌. ഭൂമി, ശനിയുടെ വലിയ ഉപഗ്രഹമായ ടൈറ്റന്‍, ധൂമകേതുക്കള്‍ എന്നീ മൂന്ന്‌ സ്ഥലങ്ങളില്‍ മാത്രമാണ്‌ പ്രപഞ്ചത്തില്‍ ഇതിന്‌ മുമ്പ്‌ നെഗറ്റീവ്‌ ചാര്‍ജ്ജ്‌ ഉള്ള ജല അയോണുകള്‍ കണ്ടെത്തിയിട്ടുള്ളത്‌. ശനിക്ക്‌ ചുറ്റും 2004/05 മുതല്‍ പ്രവര്‍ത്തിക്കുന്ന കാസ്സിനി പേടകം ശനിയുടെ അരികെ എത്തിയപ്പോള്‍ തന്നെ എന്‍സലാഡസ്സിലെ വളരെ ഉയരത്തില്‍ ചീറ്റിവരുന്ന ജറ്റുകള്‍ കണ്ടെത്തിയിരുന്നു. ശനിയുടെ കാന്തമണ്ഡലത്തിലും E വലയത്തിലും എന്‍സലാഡസ്സിലെ ജറ്റുകളില്‍ നിന്ന്‌ വരുന്ന പദാര്‍ത്ഥങ്ങള്‍ പ്രഭാവം ചെലുത്തുന്നുണ്ട്‌.

1789ല്‍ യൂറാനസ്സ്‌ ഗ്രഹത്തെ കണ്ടെത്തിയ വില്യം ഹെര്‍ഷല്‍ എന്ന ജ്യോതിശാസ്‌ത്രജ്ഞനാണ്‌ ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എന്‍സലഡസ്സിനെ കണ്ടെത്തിയത്‌. വ്യാസം 505 കി.മീറ്ററാണ്‌. എന്‍സലഡസ്സിന്റെ ദക്ഷിണധ്രുവമേഖലയില്‍ 2005ല്‍ തന്നെ ജറ്റുകള്‍ കണ്ടെത്തിയിരുന്നു. ഭൂമിയുടെ ചന്ദ്രനെപ്പോലെ ഒരുഭാഗം എപ്പോഴും ശനിയുടെ നേര്‍ക്ക്‌ ആണെന്നതാണ്‌ ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. പുറത്തേക്ക്‌ വരുന്ന ജറ്റുകളില്‍ ഐസ്‌ തരികളും ഹൈഡ്രോകാര്‍ബണും മറ്റും 2008ല്‍ കണ്ടെത്തിയപ്പോള്‍ തന്നെ ഇതിന്റെ അടിയില്‍ ഒരു സമുദ്രമുണ്ടെന്ന്‌ ഉറപ്പായിരുന്നു. ജറ്റുകളുടെ വേഗത 2.18 കി.മീ. / മണിക്കൂര്‍ ആണ്‌. റേഡിയോ ഏക്ടീവ്‌ ആയ മൂലകങ്ങളും വേലിയേറ്റ ബലങ്ങളും എന്‍സലഡസ്സിന്റെ ഉള്‍ഭാഗത്ത്‌ താപഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. 2008ല്‍ കാസ്സിനി പേടകം എന്‍സലഡസ്സിന്റെ ഉപരിതലത്തിന്‌ 50 കി.മീ. വരെ അരികിലൂടെ കടന്നുപോയപ്പോഴാണ്‌ അതിലെ പ്ലാസ്‌മ സ്‌പെക്ട്രോ മീറ്റര്‍ ജറ്റുകളിലെ ജലത്തിന്‌ തെളിവ്‌ കണ്ടെത്തിയത്‌. ദ്രാവകരൂപത്തില്‍ ജലവും കാര്‍ബണും ഉണ്ടെങ്കില്‍ അവിടെ ജീവന്‌ വളരെ സാദ്ധ്യത കൂടുതലാണ്‌.


ടൈറ്റാനിലെ തടാകങ്ങള്‍
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്‍ അന്തരീക്ഷ വാതകമുള്ള ഒരേയൊരു ഉപഗ്രഹമെന്ന രീതിയില്‍ തന്നെ വളരെ പ്രധാനമായ ഉപഗ്രഹമാണ്‌. ടൈറ്റാനിലെ മിഥൈന്‍ ദ്രാവക തടാകങ്ങള്‍ സൂര്യപ്രകാശമേറ്റ്‌ മിന്നിത്തിളങ്ങുന്ന ദൃശ്യം ആദ്യമായി കാമറയില്‍ പകര്‍ത്തുവാന്‍ നാസയുടെ കാസ്സിനി പേടകത്തിന്‌ കഴിഞ്ഞു. കാസ്സിനി ബഹിരാകാശപേടകം 2004 മുതല്‍ ശനിഗ്രഹത്തെ പരിക്രമണം ചെയ്‌തുകൊണ്ട്‌ ശനിയെയും അതിന്റെ 63 ഉപഗ്രഹങ്ങളെയും കുറിച്ച്‌ വിവരം ശേഖരിച്ചുവരികയാണ്‌. ടൈറ്റന്‍ ഉപഗ്രഹത്തിന്റെ ഉത്തര ധ്രുവമേഖലയിലാണ്‌ മിഥൈന്‍ ദ്രാവകതടാകങ്ങള്‍ മുമ്പ്‌ കണ്ടെത്തിയിരുന്നത്‌. അവിടെ ദീര്‍ഘകാലമായി സൂര്യപ്രകാശമേല്‍ക്കാതെ ഇരുട്ടായിരന്നു. 2009 ആഗ്‌സ്റ്റ്‌ മാസത്തോടെ അവിടെ ശൈത്യകാലം അവസാനിച്ച്‌ സൂര്യപ്രകാശം പതിച്ചുതുടങ്ങി. മൂടല്‍മഞ്ഞുപോലെ അന്തരീക്ഷം എപ്പോഴും ഉപരിതലത്തെ മറയ്‌ക്കുക അവിടെ സാധാരണമാണ്‌.


ടൈറ്റാനിലെ തടാകത്തില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ മാതൃക
ഹൈഡ്രോകാര്‍ബണ്‍ ദ്രാവകങ്ങള്‍ ടൈറ്റാനിലെ ഉപരിതലത്തില്‍ തടാകങ്ങളായോ സമുദ്രങ്ങള്‍ ആയോ ഉണ്ടാകുമെന്ന്‌ 20 കൊല്ലമായി ശാസ്‌ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. 2008ല്‍ തന്നെ ടൈറ്റാന്റെ ദക്ഷിണ അര്‍ദ്ധഗോളത്തില്‍ ഒണ്ടാറിയോ ലോക്കസ്സ്‌ എന്ന തടാകം കാസ്സിനി പേടകം കണ്ടെത്തിയിരുന്നു. ഭൂമിയില്‍ ജലം നീരാവിയായി ഉയര്‍ന്ന്‌ പൊങ്ങി മഴ പെയ്യുന്നതുപോലെ ടൈറ്റാനില്‍ മീഥൈന്‍ ബാഷ്‌പമായാണ്‌ മഴ പെയ്യിക്കുന്നത്‌. മീഥൈന്‍ കൂടാതെ ഇഥൈന്‍, പ്രൊപ്പൈന്‍, മറ്റു ഹൈഡ്രോകാര്‍ബണുകളും ഉണ്ടാകും. ഭൂമിയുടെ അന്തരീക്ഷ മര്‍ദ്ദത്തിന്റെ ഒന്നരമടങ്ങ്‌ അന്തരീക്ഷമര്‍ദ്ദവും സമുദ്രങ്ങളും മറ്റും കൂടിയാവുമ്പോള്‍ ടൈറ്റാന്‍ കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഭൂമിയെപ്പോലെ ആയിരിക്കും. ടൈറ്റാനിലെ തടാകത്തില്‍ ബോട്ടുപോലെ സഞ്ചരിച്ച്‌ പഠനങ്ങള്‍ നടത്തുന്ന ഒരു ഗവേഷണപേടകം ഇറക്കാന്‍ നാസ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഉത്തരധ്രുവമേഖലയിലെ 100,000 ചതുരശ്ര കി.മീറ്റര്‍ വലുപ്പമുള്ള ലജിയമേയര്‍ എന്ന തടാകത്തിലാണ്‌ 425 ദശലക്ഷം ഡോളര്‍ ചെലവു വരുന്ന ബോട്ട്‌ ഗവേഷണപേടകം ഇറക്കുക. 2013ല്‍ വിക്ഷേപിക്കാനും ഭൂമിയുടെയും വ്യാഴത്തിന്റെയും ഗുരുത്വം ഉപയോഗിച്ച്‌ വേഗതകൂട്ടി (SLING SHOT EFFECT) 2023ല്‍ ടൈറ്റാനില്‍ ഇറക്കാനാണ്‌ പദ്ധതി.

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.