|
 |
മലയാളിയും അപ്രിയസത്യങ്ങളും
- ആന്റോ.എം.
|
[ സഹോദരിമാരുടെ മാറ് മറയ്‌ക്കാനായി പ്രതിഷേധിച്ച മലയാളി ഇന്ന് കോളേജുകളില്‍ ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു. അയിത്തതിനെതിരെ മുഷ്‌ടി ചുരുട്ടിയ മലയാളി ജാതിയുടെ പേരില്‍ ഉന്തും തള്ളും നടത്തുന്നു ]
പണ്ടൊരിക്കല്‍ പുതുവര്‍ഷപ്പുലരിയില്‍ പുറത്തിറങ്ങിയ ഒരു മാസിക 365 രാവും പകലും പിന്നിട്ടപ്പോള്‍ ജനം വിസ്‌മരിച്ച കുറെ കാര്യങ്ങള്‍ കോറിയിട്ടു. മുറം, ചൂല്‍, കോളാമ്പി, റാന്തല്‍വിളക്ക്.... പട്ടിക നീണ്ടു.
ഈയിടെ ഞാനും ചിന്തിച്ചു പോയി. 2010 കണ്ണും തിരുമ്മിയെഴുന്നേറ്റപ്പോള്‍ മലയാളികള്‍ കാലത്തിന്റെ മഷിത്തണ്ടുകൊണ്ട് തുടച്ചു നീക്കിയതെന്തെല്ലാമാണ്?
1. വൈകാരികതയുള്ള ബന്ധങ്ങള്‍ കുഷ്‌ഠം ബാധിച്ചവരെപ്പോലെയാണ് ഇന്നത്തെ മലയാളികള്‍. ആ ചര്‍മ്മത്തില്‍ എത്ര പൊള്ളുന്നത് പതിച്ചാലും ഒരനക്കവുമില്ല. ശവം പോലെ നിശ്ചലം! എന്നാല്‍ പഴഞ്ചന്‍ ആള്‍ക്കാരെക്കാളും അഭിനവ മലയാളി ജിതേന്ദ്രിയനുമാണ്. ഹെയ്‌ത്തിയില്‍ എത്രപേരെ മൃത്യു തഴുകിയെന്നും, കോപ്പന്‍ ഹേഗന്‍ എന്തുകൊണ്ട് വാട്ടര്‍ലൂ ആയെന്നും, IELTS -ന്റെ പരിഷ്‌കരിച്ച സിലബസ് എന്താണെന്നും അവനറിയുന്നു.
ചിരിക്കാന്‍ മറന്നുപോയ മലയാളിയെപ്പറ്റി സാഹിത്യകാരന്‍ സേതു ഈയിടെ പരാതിപ്പെടുന്നത് കേട്ടു. സഹപ്രവര്‍ത്തകനെ കണ്ടമാത്രയില്‍ വാക്കുകള്‍ ഉരുണ്ടു പിരണ്ടു വീണുരുളും.
"ങാ.... കണ്ടിട്ടെത്ര നാളായി സുഖമാണല്ലോ?" "ഓ.... അങ്ങനെ പോണു." അപരന്റെ പ്രതിവചനം. "ഇപ്പം ഏത് സെക്ഷനാ?" വീണ്ടും ചോദ്യചിഹ്നം. "ഫിനാന്‍സാ. പോട്ടെ... ഇത്തിരി തിരക്കുണ്ട്." പൂര്‍ണ്ണ വിരാമം.
വെറും പുഴുവാണെന്നറിയാതെ പുലിയെപ്പോലെ പായുന്ന മലയാളി. ജാടയുടെ ഹൈഹീല്‍ പാദുകമണിഞ്ഞ്, അപരിചിതത്വത്തിന്റെ പര്‍ദ്ദയ്‌ക്കു പിന്നില്‍ മലയാളി നിര്‍വ്വികാരനായി ഈവിടെ തിരുവനന്തപുരത്ത് നിലം പൊത്തിയ മൂന്നു നില കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നു. അടുത്ത നിമിഷം റിമോട്ട് ഐഡിയ സ്റ്റാര്‍ സിംഗങിലേക്ക് എടുത്തു ചാടുന്നു. പിന്നെ കോമഡി പ്രോഗ്രാം കണ്ട് ഗൗരവം വിടാതെ പല്ലിളിക്കുന്നു.
ചാനലുകാരുടെ നേരിട്ടുള്ള സംപ്രേക്ഷണം കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഏറെ ക്ലേശിച്ചുവെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറയുന്നത് കേട്ടു. മലയാളിയുടെ മറ്റുള്ളവരുടെ വേദനകള്‍ സ്വന്തമെന്നതുപോലെ അനുഭവിക്കാനുള്ള കഴിവ് (Empathy)!
ഈയിടെ കോട്ടയത്തുള്ള ഒരു സജിസാറിനെ പരിചയപ്പെട്ടു. സാറാണെന്നറിഞ്ഞപ്പോള്‍ വെറുതേ ചോദിച്ചു.
"വൈഫും ടീച്ചറായിരിക്കും, അല്ലേ?" "അതെ. ഹയര്‍ സെക്കന്ററി ടീച്ചര്‍. പക്ഷേ മരിച്ചു പോയി.?"
ഞാനാകെ വിഷണ്ണനായി.
"സര്‍, ക്ഷമിക്കണം. വിഷമിപ്പിച്ചതിന്. ഞാനറിഞ്ഞിരുന്നില്ല."
സജിസാര്‍ എന്നെ വീണ്ടും വ്യസനിപ്പിച്ചു.
"അതൊന്നും കുഴപ്പമില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഒരു അപകടത്തില്‍ മരിച്ചു. തൊട്ടടുത്ത വര്‍ഷം ഞാനും കുടുംബവും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. വണ്ടി കൊക്കയില്‍ വീണ് അമ്മയും, അനിയനും, എന്നോട് യാത്രപറഞ്ഞു. അന്ന് ഭാര്യയ്‌ക്ക് ഒന്നും പറ്റിയില്ല. പക്ഷേ നാളുകള്‍ കഴിഞ്ഞ് പ്രസവത്തില്‍ അവളും പോയി. ചിലപ്പം തോന്നും എന്തിനാ ജീവിക്കുന്നതെന്ന്? പിന്നെ മോളെക്കുറിച്ചോര്‍ക്കുമ്പോള്‍...."
ഇന്ന് എന്നും ആ സാറിന് ഒരു മെസ്സേജ് അയക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്യം ഞാനോര്‍ക്കും
"ചോദിച്ചതില്‍ കുഴപ്പമില്ല. ഇത്രയും സമയം എന്നെ കേട്ടിരുന്നല്ലോ. പലര്‍ക്കും അതിനു പോലും സമയമില്ല. തിരക്കല്ലേ എല്ലാവര്‍ക്കും"
എന്തിന് ജീവിക്കുന്നു. എന്നതിന് ഓരോ മനുഷ്യനും നല്‍കുന്ന ഉത്തരമായിരിക്കും അവന്‍ എങ്ങനെ ജീവിക്കുന്നു എന്നത് വിശദീകരിക്കുന്നത്. പണത്തിനു വേണ്ടി മാത്രം ജീവിക്കുന്നവന്‍ മക്കളെ പത്താം ക്ലാസ് കഴിഞ്ഞ ഉടനെ കോട്ടയം ജില്ലയിലെ പേരുകേട്ട എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ പഠിപ്പിക്കാനായി പ്രീഡിഗ്രിക്ക് അവിടുത്തെ തന്നെ ഒരു സ്‌കൂളില്‍ അഡ്‌മിഷന്‍ തരപ്പെടുത്തി, വീടുമായുള്ള വേരെല്ലാം മുറിച്ച് പഠിപ്പിച്ച് ഡോക്‌ടറാക്കി ഉപരിപഠനത്തിന് വിദേശത്തയച്ച്, മറുനാട്ടില്‍ നിന്നും സ്വയം കണ്ടെത്തിയ മരുമകനെ/മരുമകളെ കണ്ട് നിര്‍വൃതി പൂണ്ട്, ചെറുമക്കളുടെ ഇംഗ്ലീഷിനെ സാകൂതം നോക്കി, ഒടുവില്‍ മകന്‍ പത്രത്തില്‍ കൊടുത്ത പരസ്യം കണ്ട് പകച്ച് നില്‍ക്കും.
"അമ്മയെ നോക്കാന്‍ ആളെ ആവശ്യമുണ്ട്. പണം പ്രശ്‌നമല്ല. വീട്ടില്‍ ആരുമില്ല."
വളരണ്ട എന്നല്ല. പക്ഷേ... എന്തിന് വേണ്ടി നാം ജീവിക്കുന്നു? മുജീബ്-ഉള്‍-റഹുമാന്റെ കൊട്ടാരത്തിന് മുമ്പില്‍ കൊത്തിവെച്ച രാമകൃഷ്‌ണപരമഹംസന്റെ വാക്കുകള്‍ വീശിയടിക്കട്ടെ. പൊയ്‌മുഖങ്ങള്‍ ഉടയട്ടെ.
"നീ ജനിച്ചപ്പോള്‍ നീ കരഞ്ഞു. മറ്റുള്ളവര്‍ ചിരിച്ചു. നീ മരിക്കുമ്പോള്‍ നീ ചിരിക്കണം, മറ്റുള്ളവര്‍ കരയണം".
2. അനീതിയില്‍ അസ്വസ്ഥത ചീഞ്ഞ ചട്ടങ്ങളെ മാറ്റുവാന്‍ നവീന മലയാളിക്ക് താല്‍പര്യമില്ല. പണ്ടുണ്ടായിരുന്നു. ക്ഷേത്രപ്രവേശനത്തിനായി ദാഹിച്ച മലയാളി ഇന്ന് ക്ഷേത്രങ്ങളെ കച്ചവട വസ്‌തുക്കളാക്കി മാറ്റിയിരിക്കുന്നു. സഹോദരിമാരുടെ മാറ് മറയ്‌ക്കാനായി പ്രതിഷേധിച്ച മലയാളി ഇന്ന് കോളേജുകളില്‍ ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു. അയിത്തതിനെതിരെ മുഷ്‌ടി ചുരുട്ടിയ മലയാളി ജാതിയുടെ പേരില്‍ ഉന്തും തള്ളും നടത്തുന്നു. വിദേശവസ്‌തുക്കളും, ആര്‍ഭാടങ്ങളും ഉപേക്ഷിച്ച മലയാളി വാലന്റൈന്‍ ദിനവും, അക്ഷയത്രിദീയയും കൊണ്ടാടുന്നു.
അവസാനത്തെ മനുഷ്യനും ആശ്വാസം നല്‍കുന്നതുവരെ വിശ്രമമില്ലെന്ന വിശ്വാസം പഴയ മലയാളിക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ വടക്കന്‍ മലബാറിലെ ചിറയ്‌ക്കല്‍ താലൂക്ക് ഭാഗത്തെ ആയില്യേരി തറവാട്ടു മുറ്റത്ത് കോരന്‍ കാരണവരുടെ അനീതിക്കെതിരെ ശബ്‌ദമുയര്‍ത്തി മരുമകന്‍ സത്യാഗ്രഹമിരുന്നത്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവായി മാറിയ ആ ബാലന്‍ - എ.കെ. ഗോപാലന്‍ - കാണിച്ച അനീതിയിലെ അസ്വസ്ഥത ഇന്നെവിടെ?
'അവതാര്‍' എന്ന ചലച്ചിത്രത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ തീയേറ്ററുടമ പോലീസിനെ കൊണ്ടു നിറുത്തി. അടുത്ത ദിവസം മുതല്‍ വ്യാജടിക്കറ്റുകളുടെ വില്‌പന കൂടി. ഓരോ ടിക്കറ്റിനും പോലീസുകാരന് 20 രൂപ കമ്മീഷന്‍!
മലയാളിയുടെ അനീതിയിലെ സ്വസ്ഥത കണ്ടില്ലേ? പണ്ടൊക്കെ ഈച്ച പറ്റിയിരിക്കുന്ന പഴങ്ങള്‍ വാങ്ങാതെ മടങ്ങിയ മലയാളി ഇന്ന് കീടനാശിനി തളിക്കാത്ത പഴങ്ങള്‍ തിരിച്ചറിയാന്‍ ഈച്ചയെ തിരയുന്നു.
മരുന്നു കമ്പനിക്കാര്‍ നല്‍കുന്ന മാസപ്പടിയില്‍ കണ്ണും നട്ട് സഹജീവികള്‍ക്ക് അനാവശ്യമായ മരുന്നും, പരിശോധനയും കുറിക്കുന്ന ഭിഷഗ്വരന്റെ അനീതിയില്‍ മലയാളി സ്വസ്ഥത കണ്ടെത്തുന്നു. കുടീചകന്‍, ബഹുദകന്‍, ഹംസന്‍, പരമഹംസന്‍, തുരീയാതീതന്‍, അവധൂതന്‍ എന്നീ വിഭാഗങ്ങളിലൊന്നും പെടുത്താനാകാത്തവിധം പ്രവര്‍ത്തിക്കുന്ന സന്യാസിമാരുടെ അനീതിയിലും മലയാളി സ്വസ്ഥത കണ്ടെത്തുന്നു.
വാല്‍ക്കഷണം : മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ യുധിഷ്‌ഠരന് നേരിടേണ്ടിവന്ന യക്ഷപ്രശ്‌നങ്ങളിലൊന്ന് ഇതായിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്താണ്?" "നിത്യവുമെന്നോണം ജീവികള്‍ മരിക്കുന്നത് മനുഷ്യര്‍ കാണുന്നു. പക്ഷേ ജീവിച്ചിരിക്കുന്നവരാകട്ടെ തങ്ങള്‍ക്ക് മരണമില്ലെന്ന് വിചാരിക്കുന്നു" യുധിഷ്‌ഠരന്‍ പ്രതിവചിച്ചു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള
post feedback സംവിധാനം ഉപയോഗിക്കുക. |