കൈയേറ്റവും കുടിയൊഴിപ്പിക്കലും
സുപ്രീംകോടതി മാതൃകാപരമായി ഇടപെടുന്നു. Posted on: 22 Jul 2010
ഭരണകൂടങ്ങള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ഭൂമി കൈയേറ്റവും തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കല്‍ പദ്ധതികളിലും സുപ്രീംകോടതി ശക്തമായി ഇടപെടുന്നു. മനുഷ്യ ജീവനുകള്‍ക്കും അവന്റെ ജീവിത സ്വാതന്ത്ര്യത്തിനും ആവശ്യമായ നിയമങ്ങളെയെല്ലാം നിഷ്പ്രഭമാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി, ചൂഷണത്തിന് വിട്ടു കൊടുക്കുകയും മണ്ണിന്റെ ഉടമസ്ഥരെ പുനരിധിവസിപ്പിക്കാതെ മനുഷ്യത്വം ചവിട്ടി മെതിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. നക്‌സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമായ ഒറീസയിലെ സുന്ദര്‍ഗഢില്‍ നിന്ന് ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും ആവശ്യമായ നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ ഇടപെടല്‍. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ പരമോന്നത കോടതിയുടെ ഉത്കണ്ഠ പ്രകടമായ പരാമര്‍ശം ഇങ്ങിനെ "ദശലക്ഷക്കണക്കായ പൗരന്മാര്‍ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്‍പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? " -കോടതി ചോദിച്ചു.ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമ്മീഷന്‍ രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
വികലമായ കാഴ്ചപ്പാടിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്ന മനുഷ്യ സമൂഹത്തോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നീതിയുക്തമായി നടപ്പാക്കണമെന്ന താല്‍പര്യമില്ലായ്മ - ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമനിര്‍മാണസഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ സത്യമായി ഭവിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. മുഖ്യധാര മാദ്ധ്യമങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം നടത്തുന്ന നിയമങ്ങളുടെ ഭാഗികമായ നടപ്പിലാക്കല്‍ മാത്രമാണ് പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ അരങ്ങേറാറുള്ളത്. ഇത്തരം മാദ്ധ്യമങ്ങളുടെ ശ്രദ്ധ പ്രസ്തുത വിഷയത്തില്‍ നിന്ന് മറ്റൊരു ആനുകാലിക വിഷയത്തിലേക്ക് മാറിയാല്‍ അവിടെ അവസാനിക്കും നിയമങ്ങളുടെ നടപ്പിലാക്കല്‍ പ്രക്രിയ.!! വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യ ജീവികളോടും ഇതര പ്രകൃതിയോടും ജീവ ജാലങ്ങളോടും ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ മാനുഷിക നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. സ്‌കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കല്‍ നേരത്ത്, കുടിയിറക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. ഭൂമി ഏറ്റെടുക്കല്‍ കഴിഞ്ഞാല്‍, അര്ഹതയുള്ളവനെ കൊഞ്ഞനംകുത്തി വാഗ്ദാനങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു തുടങ്ങും. ഇതിനൊക്കെ പുറമെയാണ് ഇത്തരം പ്രദേശത്ത് രാസ മാലിന്യങ്ങളും മറ്റു അപകടകരമായ വിഷ വസ്തുക്കളും പുറം തള്ളുന്ന സ്ഥാപനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും മലിനീകരണവും സൃഷ്ടിക്കുന്നത്. മനുഷ്യര്‍ എങ്ങിനെ തീവ്ര വാദികള്‍ ആകാതിരിക്കണം? ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും അങ്ങിനെ ആയി പോയാല്‍ ഭരണകൂടങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും? വികസനത്തിന്റെയും സാമ്പത്തികവളര്‍ച്ചയെയും (?!!!) ചൂണ്ടി കാണിച്ചു ഭരണകൂടങ്ങള്‍ നടത്തുന്ന നീക്കങ്ങളോടുള്ള സാമൂഹിക എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതാണ് സുപ്രീം കോടതിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം ചര്‍ച്ചകളും പഠനങ്ങളും സൂക്ഷ്മ ഗവേഷണത്തിനു എടുക്കേണ്ട ചിലത് : ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കും മനുഷ്യവികസനസൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്‍പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ?!!! കുടിയോഴിപ്പിക്കപ്പെടുന്ന പാവം മനുഷ്യജീവികളുടെ പ്രശ്നത്തില്‍ അല്പം വൈയ്കിയാണെങ്കിലും പരമോന്നത കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു കഴിഞ്ഞു. ഇനിയും ആരോഗ്യകരമായ ചര്‍ച്ച മുഖ്യധാര മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളും ആരംഭിച്ചില്ലങ്കില്‍, ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു ഭരണകൂടത്തിനും രാജ്യത്തിനും ഭീഷണി ഉയര്‍ത്തുന്നവിധം ശക്തി സമാഹരിക്കുന്ന രാഷ്ട്രീയ-മത- ജാതി തീവ്രവാദിക രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന കാലം അതിവിദൂരമല്ല . മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവരെ വളര്‍ത്താതിരിക്കാന്‍ അടിച്ചൊതുക്കല്‍ അല്ല ആവശ്യം. അത് പരിഹാരവും അല്ല. ഇവര്‍ ചൂണ്ടി കാണിക്കുന്ന വിഷയങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ ജനാധിപത്യപരമായി ഏറ്റെടുക്കണം. പരിഹാരം കാണണം. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഇതൊക്കെ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം വിഷയങ്ങള്‍ മുഖ്യധാര ജനാധിപത്യപരമായി ഏറ്റെടുക്കണം.
നക്‌സല്‍വേട്ട ആഭ്യന്തരയുദ്ധമായി കാണരുത്
രാജ്യം ഇന്നു നേരിടുന്ന ഭീഷണികളില്‍ മുന്നില്‍ തന്നെയാണ് അനുദിനം വര്‍ദ്ധിച്ചുവരുന്ന നക്‌സല്‍ ആക്രമണങ്ങള്‍. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള പത്തോളം നക്‌സല്‍ ആക്രമണങ്ങളില്‍ ഇരുന്നൂറോളം സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഛത്തീസ്‌ഗഡ്ഡിലെ ദന്തവാദെയില്‍ ഉണ്ടായ ആക്രമണത്തില്‍ 75 സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടതാണ് അവയില്‍ ഒടുവിലത്തെ ഞെട്ടിപ്പിക്കുന്ന സംഭവം.
ചുവപ്പ് ഇടനാഴി എന്നു പേരിട്ടുവിളിക്കുന്ന തരത്തില്‍ ഛത്തീസ്‌ഗഡ്ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ബീഹാര്‍, ഒറീസ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നക്‌സലുകളുടെ ശക്തികേന്ദ്രങ്ങളാണ്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന പിന്നോക്കവിഭാഗങ്ങള്‍ക്കിടയിലാണ് ഇവരുടെ പ്രവര്‍ത്തനം വ്യാപകമായിട്ടുള്ളത്. പട്ടിണിയില്‍ വലയുന്ന ആദിവാസികളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും പറഞ്ഞു പ്രലോഭിപ്പിച്ച് ആയുധമേന്തിക്കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനശൈലി. നക്‌സല്‍ വേട്ട എന്ന പേരില്‍ സൈനികരും പൊലീസും സാമാന്യജനങ്ങള്‍ക്കുനേരെ നടത്തുന്ന അതിക്രമങ്ങളും മാവോയിസ്റ്റുകളുടെ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗറില്ലാ പോരാട്ട ശൈലി സ്വീകരിച്ചിരിക്കുന്ന ഇവരെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ സുരക്ഷാസൈനികര്‍ പരാജയപ്പെടുന്നു എന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്. ചെറുത്തുനില്‍പ്പുപോലും അസാദ്ധ്യമായ വിധത്തില്‍ കെണിയിലകപ്പെട്ട് ദയനീയമായി മരണമേറ്റുവാങ്ങുകയെന്ന ദുര്‍വിധിയാണ് നേരിട്ടതെന്നാണ് സില്‍ദയിലേയും ദന്തവാദെയിലേയും സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന നക്‌സലുകള്‍ പല ഗ്രൂപ്പുകളാണെങ്കിലും അവയ്‌ക്ക് ഏകീകൃത നേതൃത്വമില്ലെങ്കിലും അവര്‍ ആര്‍ജ്ജിച്ചിരിക്കുന്ന ശക്തിയും ഭരണകൂടത്തിനുനേരെ നേടുന്ന വിജയവും അതിശയിപ്പിക്കുന്നതാണ്.
ഹരിതവേട്ടയെന്നും മറ്റും പേരിട്ട് നടത്തുന്ന നക്‌സല്‍വേട്ട ഫലത്തില്‍ ആഭ്യന്തരയുദ്ധമെന്ന തലത്തിലേക്കാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അടിച്ചമര്‍ത്തുക എന്നതിലുപരി രാഷ്ട്രീയമായ പരിഹാരമാണ് തേടേണ്ടത്. വികസനം തൊട്ടുതീണ്ടാത്ത, പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും പീഡനങ്ങളുമായി പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന സമൂഹമാണ് പ്രലോഭനങ്ങളില്‍ പെട്ട് ആയുധമേന്താന്‍ തയ്യാറാവുന്നത്. അവരുടെ അമര്‍ഷം പ്രകടിപ്പിക്കുവാനും പ്രതികരിക്കുവാനും അവര്‍ക്ക് മറ്റുവഴികളൊട്ടില്ല താനും.
നക്‌സലുകള്‍ക്ക് രാജ്യത്തില്‍ ഇടമില്ല എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട പിന്നോക്കവിഭാഗങ്ങളുടെയും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളുടെയും പ്രതികരണങ്ങളാണ് നക്‌സലിസത്തിന് വളമായതെന്നിരിക്കേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ സമൂഹത്തിന്റെ അനുദിനം വര്‍ദ്ധിച്ചുവരുന്ന വളര്‍ച്ചയാണ് അടിസ്ഥാന കാരണമെന്ന് ഭരണകൂടങ്ങള്‍ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വികസനത്തിനെന്നപേരില്‍ പാഴാക്കുന്ന കോടികളില്‍ കുറച്ചെങ്കിലും അടിസ്ഥാനവിഭാഗങ്ങള്‍ക്കായി ചിലവഴിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാതെ, നക്‌സല്‍ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാനും ആക്രമണങ്ങളില്‍ പങ്കുചേരാതിരിക്കാനും ആവശ്യപ്പെട്ട് കുത്തക പത്രങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.
രാഷ്ട്രീയാതീതമായി ഈ ജനവിഭാഗങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണം. മാവോവാദികളുടെ ശക്തികേന്ദ്രങ്ങളായ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍ ഫലപ്രദമായി തടയകു എന്നതിനോടൊപ്പം സാദ്ധ്യമായ മറ്റു വഴികളെല്ലാം തേടണം. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള നമ്മുടെ സംസ്ഥാനവും അതീവ ജാഗ്രത പുലര്‍ത്തണം.
|