Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
FLASH NEWS
പ്രധാനവാര്‍ത്തകള്‍


വയനാട്ടില്‍ മാവോയിസ്റ്റ്‌ പ്രവര്‍ത്തനം ശക്തം : ജി.കെ.പിള്ള
കൊല്ലം : വയനാട്ടിലെ വനമേഖലകളില്‍ മാവോയിസ്റ്റ്‌ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമായതായി ഇന്റലിജന്‍സ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ ആക്രമണത്തെത്തുടര്‍ന്ന്‌ രാജ്യത്തെ തീരദേശ മേഖലകള്‍ സുരക്ഷിതമല്ലെന്ന്‌ വ്യക്തമായതിനാലാണ്‌ തീരദേശങ്ങളില്‍ കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതെന്ന്‌ ജി.കെ.പിള്ള വ്യക്തമാക്കി. കേരളത്തിന്‌ അനുവദിച്ച എട്ട്‌ കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷനുകളില്‍ ആറെണ്ണം പ്രവര്‍ത്തന സജ്ജമായി. രണ്ടെണ്ണം വൈകാതെ തന്നെ പ്രവര്‍ത്തനം തുടങ്ങും. എന്നാല്‍, കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന ബോട്ടുകള്‍ ഉപയോഗിക്കാന്‍ വിദഗ്‌ദ്ധരായവരുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന കേരള സര്‍ക്കാരിന്റെ കത്ത്‌ ലഭിച്ചിട്ടുണ്ടെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. കത്ത്‌ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും. മതതീവ്രവാദമാകും ഭാവിയില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നം. ബീഹാറില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ടകര കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷനിലെ സംവിധാനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം സ്റ്റേഷനിലെ ആധുനിക ബോട്ടില്‍ കടലില്‍ യാത്രയും നടത്തി. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ജി.കെ.പിള്ളയുടെ നേതൃത്വത്തില്‍ ഇന്ന്‌ ഉച്ചയ്‌ക്കുശേഷം സംസ്ഥാനത്ത്‌ ഉന്നതതല യോഗം ചേരും.
Posted on: 06 Sep 2010


കുറ്റിപ്പുറത്ത്‌ വ്യാജമദ്യം കഴിച്ച്‌ നാല്‌ മരണം
കുറ്റിപ്പുറം : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്‌ വ്യാജമദ്യം കഴിച്ച്‌ നാലുപേര്‍ മരിച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്‌. മരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‌നാട്‌ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്‌. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനു സമീപത്തും പേരശന്നൂരിലുമുള്ള ഷാപ്പുകളില്‍ നിന്ന്‌ മദ്യം കഴിച്ചവരാണ്‌ ദുരന്തത്തിനിരയായത്‌. മരിച്ചവരില്‍ നിതിന്‍ (25), ധനശേഖരന്‍ എന്നിവരെ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ കുറ്റിപ്പുറം ഷാപ്പ്‌ കോണ്‍ട്രാക്‌ടര്‍ ദ്രവ്യനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുറ്റിപ്പുറം മേഖലയിലെ ഷാപ്പുകള്‍ പോലീസ്‌ സീല്‍ ചെയ്‌തു. എക്‌സൈസും പൊലീസും സംയുക്തമായി തിരൂര്‍ മേഖലയിലെ ഷാപ്പുകളില്‍ റെയ്‌ഡ്‌ തുടരുകയാണ്‌. തിരൂര്‍ ഡിവൈഎസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ദുരന്തത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന്‌ കേസെടുക്കുമെന്നും ഉദ്യോഗസ്ഥതലത്തില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്നന്വേഷിക്കുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തുമെന്ന്‌ എക്‌സൈസ്‌ മന്ത്രി പി.കെ.ഗുരുദാസനും വ്യക്തമാക്കി.

അതിനിടെ കുറ്റിപ്പുറത്തെ കള്ളുഷാപ്പ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പ്രകടനമായി എത്തിയ സംഘം ഷാപ്പ്‌ അടിച്ചുതകര്‍ത്തതിനുശേഷം എക്‌സൈസ്‌ ഓഫീസിന്‌ മുന്നിലേക്ക്‌ പ്രകടനം നടത്തി.
Posted on: 06 Sep 2010


ലോട്ടറി : സംവാദം മുഖ്യമന്ത്രിയോട്‌ ആകാമെന്ന്‌ ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌ : ലോട്ടറി വിവാദത്തില്‍ മുഖ്യമന്ത്രിയുമായി സംവാദം ആകാമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. ധനമന്ത്രി പരസ്യസംവാദത്തിന്‌ ക്ഷണിച്ചിട്ടും പിനാമാറുന്നതെന്തെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി. ധനമന്ത്രിയുമായുള്ള സംവാദത്തിന്‌ യുഡിഎഫ്‌ പ്രതിനിധി പങ്കെടുക്കും. സംവാദത്തിന്‌ ഏര്‍പ്പെടും മുമ്പ്‌ തോമസ്‌ ഐസക്‌ മുഖ്യമന്ത്രിയെയും സ്വന്തം പാര്‍ട്ടിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 04 Sep 2010


പൊലീസുകാരെ ബന്ദിയാക്കിയ സംഭവം : സൂത്രധാരന്‍ പിടിയില്‍
പട്‌ന : ബീഹാറില്‍ നാലുപൊലീസുകാരെ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ സംഭവത്തിന്റെ സൂത്രധാരനെന്ന്‌ കരുതുന്നയാള്‍ പൊലീസ്‌ പിടിയിലായി. മാവോയിസ്റ്റ്‌ നേതാവായ പ്രമോദ്‌ ആണ്‌ ലഖി സാരായി വനമേഖലയില്‍ പൊലീസ്‌ നടത്തിയ തിരച്ചിലില്‍ പിടിയിലായത്‌. പ്രമോദിനൊപ്പം മറ്റൊരാള്‍കൂടി പിടിയിലായിട്ടുണ്ടെന്നാണ്‌ സൂചന. ബന്ദികളായവരില്‍ ലൂക്കാസ്‌ ടെറ്റ എന്ന പൊലീസുകാരന്റെ മൃതദേഹം വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. മറ്റ്‌ മൂന്നു പൊലീസുകാരെ രക്ഷപെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.
Posted on: 04 Sep 2010




ലോട്ടറി : സംവാദമല്ല വേണ്ടതെന്ന്‌ ഉമ്മന്‍ചാണ്ടി
കണ്ണൂര്‍ : ലോട്ടറി വിവാദത്തില്‍ നടപടിയാണ്‌, സംവാദമല്ല ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ഭാഗത്തുനിന്ന്‌ വേണ്ടതെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. കേന്ദ്ര നിയമത്തെ കുറ്റം പറയാതെ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള ആര്‍ജ്ജവമാണ്‌ മന്ത്രി കാണിക്കേണ്ടത്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നാണ്‌ കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 03 Sep 2010


ലോട്ടറി: പരസ്യസംവാദം സപ്‌തം.9നെന്ന്‌ തോമസ്‌ ഐസക്‌
തിരുവനന്തപുരം : ലോട്ടറി വിവാദത്തില്‍ ഈ മാസം ഒന്‍പതിന്‌ കോഴിക്കോട്‌ വച്ച്‌ പരസ്യസംവാദം നടത്തുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. പൊതുജനങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി നടത്തുന്ന സംവാദത്തിലേക്ക്‌ യു.ഡി.എഫ്‌. നേതാക്കളും വരേണ്ടി വരുമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.
Posted on: 03 Sep 2010


ലോട്ടറി പ്രശ്‌നം : യു.ഡി.എഫ്‌. സമരത്തിന്‌
ന്യൂഡല്‍ഹി : ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സെപ്‌തംബര്‍ 16 മുതല്‍ യു.ഡി.എഫ്‌ സമരപരിപാടികള്‍ ആരംഭിക്കുമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രശ്‌നത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്‌ വസ്‌തുനിഷ്‌ഠമായി മറുപടി നല്‍കണം. ഗുസ്‌തിക്കാരേപ്പോലെ വെല്ലുവിളിക്കാതെ അന്വേഷണം നേരിടുകയാണ്‌ അദ്ദേഹം ചെയ്യേണ്ടത്‌. ധനമന്ത്രിയുമായി പരസ്യസംവാദത്തിന്‌ യു.ഡി.എഫില്‍ നിന്ന്‌ ഒരാളെ ചുമതലപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Posted on: 03 Sep 2010

 
മഅദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാനനുവദിക്കും : ഡിജിപി
കൊച്ചി : കര്‍ണാടക പോലീസ്‌ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുമെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. എന്നാല്‍, ഇത്തരം ഒരു ആവശ്യം ഡിജിപി എന്ന നിലയില്‍ തന്നോട്‌ ഇതുവരെ കര്‍ണാടക പോലീസ്‌ ആവശ്യപ്പെട്ടിട്ടില്ല. പോപ്പുലര്‍ഫ്രണ്ട്‌ ആസ്ഥാനത്ത്‌ തടിയന്റവിട നസീര്‍ താമസിച്ചിരുന്നുവെന്ന വിവരത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു.

ആലുവയ്‌ക്കടുത്തുള്ള പോപ്പുലര്‍ ഫ്രണ്ട്‌ ആസ്ഥാനത്ത്‌ തടിയന്റവിട നസീര്‍ താമസിച്ചിരുന്നതായി രേഖകള്‍ ലഭിച്ചുവെന്ന്‌ സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളില്‍ ചിലരില്‍ നിന്ന്‌ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ്‌ ഈ വിവരം ലഭിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Posted on: 03 Sep 2010


ബീഹാറില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പൊലീസുകാരനെ വധിച്ചു
പട്‌ന : ബീഹാറിലെ ലഖിസാരായ്‌ വനമേഖലയില്‍ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല്‌ പൊലീസുകാരില്‍ ഒരാളുടെ മൃതദേഹമാണിതെന്ന്‌ കരുതുന്നു. ലഭിച്ച മൃതദേഹം കൊലപ്പെടുത്തിയെന്ന്‌ മാവോയിസ്റ്റുകള്‍ അവകാശപ്പെട്ട എസ്‌.ഐ. അഭയ്‌ യാദവിന്റേതല്ലെന്നാണ്‌ പൊലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബന്ദികളെ വിട്ടയക്കുന്നതിന്‌ മാവോയിസ്റ്റുകള്‍ നല്‍കിയ സമയപരിധി അവസാനിച്ചു. പൊലീസ്‌ കസ്റ്റഡിയിലെടുത്തിരിക്കന്ന എട്ടുമാവോയിസ്റ്റുകളെ വിട്ടയയ്‌ക്കുക, വനമേഖലയില്‍നിന്നും സുരക്ഷേസേനയെ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ മാവോയിസ്റ്റുകള്‍ നാല്‌ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്‌. എസ്‌.ഐ. അഭയ്‌ യാദവിനുപുറമെ മുഹമ്മദ്‌ ഇഹ്‌സാന്‍, രൂപേഷ്‌ കുമാര്‍ സിന്‍ഹ, ലോകസ്‌ തെതെ എന്നിവരെയാണ്‌ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്‌. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നാളെ വൈകീട്ട്‌ നാല്‌ മണിക്ക്‌ അടിയന്തര സര്‍വ്വകക്ഷിയോഗം വിളിച്ചു. യോഗത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ വസതിക്ക്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.
Posted on: 03 Sep 2010

കോഴിക്കോട് ഇരട്ടസ്‌ഫോടനം: ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കി

കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസിനെ എന്‍.ഐ.എ മാപ്പുസാക്ഷിയാക്കി. മാപ്പുസാക്ഷിയാക്കണമെന്ന ഷമ്മി ഫിറോസിന്റെ ആവശ്യത്തെ ദേശീയ അന്വേഷണ സംഘം എതിര്‍ത്തില്ല. മറ്റു പ്രതികളോട് ഇടപഴകരുതെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിനെക്കുറിച്ചുള്ള എല്ലാവിവരങ്ങളും തുറന്നുപറയാന്‍ തയ്യാറാണെന്ന് ഷമ്മി ഫിറോസ് മാര്‍ച്ചില്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ തനിക്ക്‌ നേരിട്ട്‌ പങ്കില്ലെന്നും ലഷ്‌കര്‍ തീവ്രവാദി തടിയന്റവിട നസീര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ സംഭവത്തില്‍ പങ്കെടുത്തതെന്നും ഷമ്മി കോടതിയില്‍ അറിയിച്ചിരുന്നു. ബസ്‌ സ്‌റ്റേഷനുകളില്‍ ബോംബുവച്ച വിവരം മാധ്യമസ്‌ഥാപനങ്ങളിലേക്ക്‌ വിളിച്ചുപറഞ്ഞതും മറ്റു പ്രതികളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ഷമ്മി ഫിറോസ്‌ പിടിയിലായതോടൊയണ്‌ കേസിലെ നിര്‍ണ്ണായ തെളിവുകളും പ്രധാന പ്രതികളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ വിവരം ലഭിച്ചത്‌.
Posted on: 02 Sep 2010

സ്‌മാര്‍ട്ട്‌സിറ്റി: ടീകോമിനുള്ള കത്തിന്‌ മന്ത്രിസഭയുടെ അംഗീകാരം‍

സ്മാര്‍ട്‌സിറ്റിപദ്ധതിയുടെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് ടീകോമിന് അയക്കാനുള്ള കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്നും ടീകോം പിന്മാറിയതായി കണക്കാക്കും. വില്‍പ്പനാവകാശത്തോടുകൂടിയുള്ള സ്വതന്ത്രാവകാശം ഭൂമിയ്ക്ക് നല്‍കാനാവില്ലെന്നും കത്തില്‍ ഉള്‍പ്പെടുത്തും. തിരുവനന്തപുരം: ദേശീയപാതാവികസനത്തിനുള്ള പുനരധിവാസപാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ പത്തുശതമാനം അധികവില നല്‍കും. പാക്കേജ് നടപ്പിലാക്കിയശേഷം മാത്രമേ കുടിയൊഴിപ്പിക്കല്‍ നടത്തേണ്ടതുള്ളൂ എന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നാറിലെ 17,922 ഏക്കര്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. റേഷന്‍ നിജപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ റിവ്യുഹര്‍ജി നല്‍കും.
Posted on: 02 Sep 2010

സ്വാശ്രയം: ഓപ്ഷന്‍ രജിസ്‌ട്രേഷന് ധാരണ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ വിളിക്കാന്‍ ധാരണയായി. സര്‍്ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഓപ്ഷന്‍ രജിസ്‌ട്രേഷന്  സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ഈമാസം 13ന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. വിദ്യാഭ്യാസമന്ത്രി എം.എ ബേബി, ആരോഗ്യമന്ത്രി പി.കെ. ശ്രീമതി എന്നിവരാണ് സര്‍ക്കാരിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്.
Posted on: 02 Sep 2010

ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കി

വാഷിങ്ടണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്ത് ഇന്ത്യസന്ദര്‍ശിക്കുന്ന യു.എസ് പൗരന്മാര്‍ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഗെയിംസ് നടക്കുന്ന സമയത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന് പ്രത്യേക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് വെളിപ്പെടുത്തി. സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് പോകുന്നവര്‍ http://www.travel.state.gov എന്ന വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Posted on: 02 Sep 2010


തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്തും
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നിന്‌ പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ ഒക്‌ടോബര്‍ അവസാന വാരം തെരഞ്ഞെടുപ്പ്‌ നടക്കും.
Posted on: 01 Sept 2010

റേഷന്‍ പ്രശ്‌നത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം : റേഷന്‍ സംവിധാനം ബി.പി.എല്ലുകാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ 20 ലക്ഷത്തോളം പേരെ ബാധിക്കുന്ന പ്രശ്‌നമാണിത്‌. പതിനഞ്ച്‌ ശതമാനം നെല്ല്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. അതുകൊണ്ട്‌ കേരളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ല. കേന്ദ്രം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണം. ബിപിഎല്ലുകാര്‍ക്ക്‌ സൗജന്യമായും, എപിഎല്ലുകാര്‍ക്ക്‌ എട്ട്‌ രൂപ തൊണ്ണൂറ്‌ പൈസ നിരക്കിലും അരി അനുവദിക്കണമെന്നാണ്‌ കേരളത്തിന്റെ നിലപാടെന്നും സി.ദിവാകരന്‍ പറഞ്ഞു.
Posted on: 01 Sept 2010


തളിപ്പറമ്പില്‍ ബസ്സപകടം : നാല്‌ മരണം
തളിപ്പറമ്പ്‌ : കണ്ണൂര്‍ തളിപ്പറമ്പില്‍ കുപ്പം അക്കരെ വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌ ബസ്‌ പാഞ്ഞുകയറി മൂന്ന്‌ വിദ്യാര്‍ത്ഥിനികളടക്കം നാല്‌ പേര്‍ മരിച്ചു. തളിപ്പറമ്പ്‌ സീതി സാഹിബ്‌ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ യു.എം.റിസ്‌വാന, കെ.എം.ഖദീജ, ടി.കെ.കുഞ്ഞാമിന എന്നിവരും കോഴിക്കോട്‌ സ്വദേശി ഖാദറും (50) ആണ്‌ മരിച്ചത്‌. പരുക്കേറ്റ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. അമിതവേഗത്തില്‍ പയ്യന്നൂര്‍ ഭാഗത്തുനിന്നും വന്ന ബസ്‌ നിയന്ത്രണം വിട്ട്‌ വെയിറ്റിംഗ്‌ ഷെഡിലേക്ക്‌ പാഞ്ഞുകയറിയതിനേത്തുടര്‍ന്ന്‌ വെയിറ്റിംഗ്‌ ഷെഡിന്റെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര കുട്ടികളുടെ മേലേക്ക്‌ വീഴുകയായിരുന്നു. നാട്ടുകാര്‍ ബസ്‌ തല്ലിത്തകര്‍ത്തു.
Posted on: 01 Sept 2010

കേരളത്തിന്‌ അവാര്‍ഡ്‌; കോണ്‍ഗ്രസ്‌ എം.പി.മാര്‍ക്ക്‌ പ്രതിഷേധം
ന്യൂഡല്‍ഹി : കേരളത്തിന്‌ ദേശീയ അവാര്‍ഡുകള്‍ നല്‍കിയതില്‍ കോണ്‍ഗ്രസ്‌ എം.പി.മാര്‍ക്ക്‌ പ്രതിഷേധം. ആരോഗ്യ-വൈദ്യുത മന്ത്രിമാര്‍ക്കും ഡിജിപിക്കും അതാത്‌ രംഗങ്ങളിലെ ദേശീയ അവാര്‍ഡ്‌ നല്‍കിയതിലുള്ള അതൃപ്‌തി എട്ട്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ രേഖാമൂലം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടതുസര്‍ക്കാരിനെ പ്രശംസിക്കുന്നതിലുള്ള അതൃപ്‌തിയും ഇവര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്‌.
Posted on: 31 Aug 2010


പൊതുവിതരണ സമ്പ്രദായം സമ്പന്നര്‍ക്കു വേണ്ട : സുപ്രീംകോടതി
ന്യൂഡല്‍ഹി : സമ്പന്നര്‍ക്ക്‌ ഭക്ഷ്യ സബ്‌സിഡി നല്‍കരുതെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എ.പി.എല്‍. വിഭാഗത്തെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന്‌ ഒഴിവാക്കണം. എ.പി.എല്‍-ബി.പി.എല്‍, എ.എ.വൈ ഉപഭോക്താക്കളെ കണ്ടെത്താന്‍ പുതിയ സര്‍വ്വേ നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Posted on: 31 Aug 2010

സഹകരണസംഘം ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍
തിരുവനന്തപുരം : കേരളത്തിലെ എല്ലാ സഹകരണസംഘം ജീവനക്കാര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതായി സഹകരണമന്ത്രി ജി.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറഞ്ഞത്‌ 600 രൂപയും പരമാവധി പതിനായിരം രൂപയുമായിരിക്കും പെന്‍ഷന്‍. 1993ന്‌ ശേഷം വിരമിച്ചവര്‍ക്കും പെന്‍ഷന്‌ അര്‍ഹതയുണ്ടായിരിക്കും. സഹകരണവകുപ്പിന്‌ കീഴില്‍ വരാത്ത ക്ഷീരവികസനം, വ്യവസായം, കയര്‍, ഫിഷറീസ്‌ വകുപ്പുകള്‍ക്ക്‌ കീഴിലുള്ള സംഘങ്ങളിലെ ജീവനക്കാരേയും പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തും. 6000 ജീവനക്കാര്‍ക്ക്‌ ഈ ആനുകൂല്യം ലഭിക്കും.

ഒമ്പതുവര്‍ഷമായി ശമ്പളപരിഷ്‌കരണം നടക്കാത്ത കയര്‍ മേഖലയിലെ ജീവനക്കാര്‍ക്ക്‌ ശമ്പള പരിഷ്‌കരണം നടപ്പാക്കാനും തീരുമാനമായി. ശമ്പള പരിഷ്‌കരണം ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമായതിനാല്‍ 2,500 രൂപയുടെ പ്രത്യേക ആനുകൂല്യവും ഈ വര്‍ഷം നല്‍കുമെന്നും സുധാകരന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.
Posted on: 31 Aug 2010

കേരള ലോട്ടറികളുടെ നറുക്കെടുപ്പ്‌ റദ്ദാക്കി
തിരുവനന്തപുരം : ഈ ആഴ്‌ചയില്‍ നറുക്കെടുപ്പ്‌ നടക്കേണ്ട കേരള ലോട്ടറികളില്‍ വിന്‍-വിന്‍ ഒഴികെയുള്ള ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ്‌ റദ്ദാക്കി. ഇന്ന്‌ ഉച്ചയ്‌ക്ക്‌ നടക്കേണ്ടിയിരുന്ന പെരിയാര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്‌. ടിക്കറ്റുകള്‍ എടുത്തവര്‍ക്ക്‌ പണം തിരികെ നല്‍കും.
Posted on: 31 Aug 2010

കേരളലോട്ടറികള്‍ക്ക്‌ ഇനി മാസത്തില്‍ നാല്‌ നറുക്കെടുപ്പ്‌ മാത്രം
തൃശ്ശൂര്‍ : കേരള ഭാഗ്യക്കുറിക്ക്‌ ഇനി മാസത്തില്‍ നാല്‌ നറുക്കെടുപ്പ്‌ മാത്രമേ ഉണ്ടാകൂവെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകും. ഏജന്റുമാര്‍ നേരത്തേ വാങ്ങി സൂക്ഷിച്ചിരിക്കുന്ന ലോട്ടറികള്‍ തിരിച്ചെടുത്ത്‌ പണം നല്‍കും. ലോട്ടറി വിവാദത്തില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ശിഖണ്ഡിയുദ്ധമാണ്‌ നടത്തുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസും പ്രതിപക്ഷനേതാവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലോട്ടറിപ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടിയെ പരസ്യ സംവാദത്തിന്‌ വെല്ലുവിളിക്കുകയാണെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

ധനമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുകയാണെന്നും പ്രശ്‌നത്തില്‍ പരസ്യ സംവാദത്തിന്‌ താന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ധനമന്ത്രിയുമായി പരസ്യസംവാദത്തിന്‌ യു.ഡി.എഫിലെ ഒരാളെ ചുമതലപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.
Posted on: 31 Aug 2010

തെരഞ്ഞെടുപ്പ്‌ രണ്ട്‌ ഘട്ടമാക്കാനാവില്ല : സര്‍ക്കാര്‍
കൊച്ചി : സംസ്ഥാനത്ത്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ രണ്ട്‌ ഘട്ടമായി നടത്തുന്നത്‌ പ്രായോഗികമല്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ഇരട്ടി ചെലവുണ്ടാക്കും. തെരഞ്ഞെടുപ്പ്‌ പഞ്ചായത്ത്‌ രാജ്‌ നിയമഭേദഗതിയെ തുടര്‍ന്നാണ്‌ വാര്‍ഡ്‌ വിഭജനം അനിവാര്യമായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.
Posted on: 31 Aug 2010


റെഡ്‌ സെല്‍ മെമ്മോറാണ്ടവുമായി വിക്കി ലീക്ക്‌സ്‌
വാഷിംഗ്‌ടണ്‍ : `റെഡ്‌ സെല്‍ മെമ്മോറാണ്ടം' എന്ന്‌ വിളിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള സി.ഐ.ഐ. രേഖകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടുകൊണ്ട്‌ വിക്കിലീക്ക്‌സ്‌ വീണ്ടും അമേരിക്കയെ ഞെട്ടിച്ചു. 2010 ഫെബ്രുവരി 2ലെ സി.ഐ.എ. റിപ്പോര്‍ട്ടാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. തീവ്രവാദസംഘടനകളെ വളര്‍ത്തിയത്‌ അമേരിക്കയാണെന്നുള്ള ആരോപണത്തെക്കുറിച്ചുള്ള വിശകലനമാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.
Posted on: 26 Aug 2010


തീവ്രവാദികളും വിഘനടവാദികളും ഭീഷണി : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : തീവ്രവാദികളും വിഘടനവാദികളും യോജിച്ചു പ്രവര്‍ത്തിക്കുന്നത്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഡിജിപിമാരുടേയും ഐജിമാരുടേയും വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കശ്‌മീരിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്‌. പൊലീസ്‌ സംവിധാനം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്‌. പൊലീസ്‌ സേനയില്‍ കൂടുതല്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. നക്‌സലിസത്തെ നേരിടാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ഇന്റലിജന്‍സ്‌ സംവിധാനം ശക്തിപ്പെടുത്തണം. സുരക്ഷാ ഏജന്‍സികള്‍ ഏകോപിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Posted on: 26 Aug 2010














കൈവെട്ട്‌ കേസിലെ പ്രതികളെ പുറത്തുകൊണ്ടുവരും : ഡിജിപി
കൊച്ചി : കൈവെട്ട്‌ കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ ആരു ശ്രമിച്ചാലും കണ്ടെത്തുമെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കൈ വെട്ടിയതാരാണ്‌, വെട്ടിച്ചതാരാണ്‌ എന്നൊക്കെ കണ്ടെത്തിക്കഴിഞ്ഞു. കര്‍ണാടക പൊലീസ്‌ ആവശ്യപ്പെട്ടാല്‍ മദനിയുടെ ടൂര്‍ ഡയറി അടക്കമുള്ള രേഖകള്‍ നിയമാനുസൃതം കൈമാറുമെന്നും ഡിജിപി പറഞ്ഞു.
Posted on: 19 Aug 2010


പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു
ജമ്മു : ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പുഞ്ച്‌ മേഖലയിലെ കൃഷ്‌ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക്‌ ഇന്നു പുലര്‍ച്ചെ പാക്‌ സൈനികര്‍ വെടിയുതിര്‍ത്തു. മൂന്നു മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ മോട്ടോര്‍ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ആളപായമില്ല, ആര്‍ക്കും പരിക്കുകളുമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണ്‌ ഇത്‌. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ്‌ പാക്‌സൈന്യത്തിന്റെ വെടിവെയ്‌പെന്ന്‌ സംശമുണ്ട്‌. ഈ മേഖലയില്‍ പാകിസ്‌താന്‍ കഴിഞ്ഞ ജൂലൈ മുതല്‍ ആറു തവണ വെടിവയ്‌പ്‌ ലംഘിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Posted on: 19 Aug 2010


മഅദനിയുടെ ശബ്‌ദസാമ്പിള്‍ പരിശോധിക്കും
ബാംഗ്ലൂര്‍ : അബ്ദുള്‍ നാസര്‍ മഅദനിയുടെ ശബ്‌ദസാമ്പിള്‍ പരിശോധനയ്‌ക്കയയ്‌ക്കാന്‍ ബാംഗ്ലൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്‌ മുമ്പും പിമ്പും തടിയന്റവിട നസീര്‍ സൂഫിയ മഅദനിയുടെ ഫോണിലേക്ക്‌ വിളിച്ചിട്ടുണ്ട്‌. ഈ ഫോണ്‍ സംഭാഷണങ്ങളിലെ ശബ്‌ദം മഅദനിയുടേത്‌ തന്നെയാണോയെന്ന്‌ പരിശോധിക്കുന്നതിനാണ്‌ ശബ്‌ദസാമ്പിള്‍ അയയ്‌ക്കുന്നത്‌. ഇന്നലെ രാവിലെ മഅദനിയെ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കിയതിനു ശേഷം ചോദ്യം ചെയ്‌തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന്‌ പൊലീസ്‌ തയ്യാറെടുക്കുകയാണ്‌. മതപരമായ കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കാന്‍ അനുവദിച്ചുകൊണ്ട്‌ അതിനനുസൃതമായ രീതിയിലാണ്‌ ചോദ്യം ചെയ്യലിന്റെ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തെളിവെടുപ്പിനായി മഅദനിയെ ഈയാഴ്‌ച കുടകിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
Posted on: 19 Aug 2010


ആണവബാധ്യത ബില്‍ : പാര്‍ലമെന്റ്‌ തടസ്സപ്പെട്ടു
ന്യൂഡല്‍ഹി : ആണവ ബാധ്യതാബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇരുസഭകളിലും ചോദ്യോത്തരവേള തടസ്സപ്പെട്ടു. ആണവബാധ്യതാ ബില്‍ പാസ്സാക്കിയെടുക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ്‌, ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന്‌ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ഷൊറാബുദ്ദീന്‍ ഷെയ്‌ഖ്‌ കേസില്‍ നരേന്ദ്രമോഡിയെയും അമിത്‌ഷായെയും രക്ഷിക്കുവാനാണ്‌ ഈ ഒത്തുകളിയെന്നും അവര്‍ ആരോപിച്ചു. ആര്‍.ജെ.ഡി, സമാജ്‌വാദി, ബിഎസ്‌പി നേതാക്കളുടെ നേതൃത്വത്തിലാണ്‌ പ്രതിപക്ഷം ബഹളംവെച്ചത്‌. ഇതേത്തുടര്‍ന്ന്‌ ലോക്‌സഭ 12 മണിവരെയും രാജ്യസഭ 11.5വരെയും നിര്‍ത്തിവച്ചു. പിന്നീട്‌ സഭ ചേര്‍ന്നെങ്കിലും വീണ്ടും ബഹളം മൂലം തടസ്സപ്പെട്ടു.
Posted on: 18 Aug 2010


സഹകരണ ജീവനക്കാര്‍ക്ക്‌ ബോണസ്‌ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ ബോണസ്‌ പ്രഖ്യാപിച്ചു. കുറഞ്ഞ ബോണസ്‌ 3500 രൂപയും കൂടിയത്‌ 8400 രൂപയുമാണ്‌. കണ്‍സ്യൂമര്‍ ഫെഡിലെ സ്ഥിരം ജീവനക്കാര്‍ക്ക്‌ ബോണസും വില്‍പ്പന ഇന്‍സന്റീവും അടക്കം പതിനായിരം രൂപ ലഭിക്കും. സഹകരണ ഓണം വിപണിയില്‍ ഇതുവരെ 84.51 കോടി രൂപയുടെ കച്ചവടം നടന്നതായി സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 18 ദിവസത്തെ കണക്കാണിത്‌. സബ്‌സിഡിയായി 37 കോടിയില്‍പരം രൂപ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Posted on: 18 Aug 2010


സാമ്രാജ്ജ്യത്വ ശക്തികളുടെ ഒരു മനശാസ്ത്ര യുദ്ധം പൂര്‍ണ്ണമാകുന്നു.
അബ്‌ദുള്‍ നാസര്‍ മഅദനി പൊലീസിനാല്‍ അറസ്‌റ്റ് ചെയ്യപ്പെട്ടു


തിരുവനന്തപുരം: നിഘൂഡമായ നീക്കങ്ങള്‍ക്കൊടുവില്‍ പൊലീസിനാല്‍ അറസ്‌റ്റ് ചെയ്യപ്പെട്ട അബ്‌ദുള്‍ നാസര്‍ മഅദനിയെ കര്‍ണാടക പൊലീസ്‌ വിമാനമാര്‍ഗം ബാംഗ്‌ളൂര്‍ക്ക്‌ കൊണ്ടുപോകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌  7 .40 നുള്ള കിംഗ്‌ ഫിഷര്‍ വിമാനത്തിലാണ്‌ അദ്ദേഹത്തെ കൊണ്ടുപോവുക. മഅദനിക്കായി പ്രത്യേക ലോഞ്ച്‌ ഒരുക്കണമെന്ന്‌ പൊലീസ്‌ വിമാനത്താവള അധികൃതരോട്‌ ആവശ്യപ്പെട്ടതനുസരിച്ചു പ്രത്യാഗ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി പത്ത് മണിയോടെ അദ്ദേഹത്തെ ബാംഗ്‌ളൂരിലെത്തിക്കും. വാഹനം കടന്നുപോകുന്ന വഴിയില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തിലും അതീവ സുരക്ഷ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്‌. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്നും ആരോഗ്യപ്രശ്‌ങ്ങളുണ്ടെങ്കില്‍ കോടതിയെ ബോധിപ്പിക്കാമെന്നും കോടതി പറഞ്ഞു. മഅദനിയെ പൊലീസ് അറസ്റ്റ് ചെയ്‌തുവെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കരുനാഗപ്പള്ളി കോടതിയില്‍ കീഴടങ്ങുന്നതിനായി വാഹനത്തില്‍ കയറിയ ഉടനേയാണ് മഅദനിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കേരള പൊലീസിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറാണ് മഅദനിയെ അറസ്റ്റ് ചെയ്‌തത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅദനി.

അറസ്റ്റിന് തൊട്ടുമുന്‍പ് മഅദനി വാര്‍ത്താ സമ്മേളനം നടത്തി കീഴടങ്ങുകയാണ് എന്ന് അറിയിച്ചിരുന്നു. അതിനുശേഷം അന്‍വാര്‍ശേരിയിലെ അനാധക്കുട്ടികള്‍ അടക്കമുളളവരുടെകൂടെ നമസ്‌കാരം നടത്തിയതിന് ശേഷം വികാരനിര്‍ഭരമായാണ് മഅദനി കോടതിയിലേക്ക് പുറപ്പെട്ടത്. മഅദനി വണ്ടിയില്‍ കയറിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ താന്‍ നിരപരാധിയാണെന്നും കോടതിയോടുള്ള ബഹുമാനം കൊണ്ടാണ് കീഴടങ്ങുന്നതെന്നും ഉച്ചയ്ക്കുനടത്തിയ വാര്‍ത്താസമ്മേളത്തില്‍ മഅദനി പറഞ്ഞിരുന്നു. അറസ്റ്റ് ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് കാരണമാകരുതെന്നും ഇതൊരു മുസ്ലീം ഹിന്ദു പ്രശ്‌നമായി മാറ്റിയെടുക്കരുതെന്നും മഅദനി അഭ്യര്‍ത്ഥിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് മുമ്പോ പിമ്പോ ആരും തന്നോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ തിയതി പോലും എനിക്ക് ഓര്‍മയില്ല. വളരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ് ഇത്- അദ്ദേഹം പറഞ്ഞു. ഖുറാന്‍ ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങളെ താന്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ഖുറാനാണ് എന്നെ പിടിച്ചു നിര്‍ത്തുന്നതും തീവ്രവാദത്തിനെതിരെ നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നതും. അതുകൊണ്ടാണ് ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ച് എന്റെ നിരപരാധിത്വം വിളിച്ചു പറയുന്നത്- മഅദനി വ്യക്തമാക്കി. " ദൈവം കഴിഞ്ഞാല്‍ ജീവിതത്തില്‍ ഇന്നുവരെ എറ്റവും താന്‍ ബഹുമാനിച്ചിട്ടുള്ളത് കോടതിയെയാണ്. കോടതിയെ ബഹുമാനിക്കുക എന്നതാണ് തന്റേയും പാര്‍ട്ടിയുടേയും തീരുമാനം. നിയമം അനുസരിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ എന്താണോ ചെയ്യാന്‍ സാധിക്കുക അതാണ് ഇതുവരെ ചെയ്തത്. വാറന്റ് പുറപ്പെടുവിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ പ്രഗത്ഭരായ വക്കീലന്മാരെ വെച്ച് ഒരു പൗരന്‍ എങ്ങനെയാണ് ചെയ്യേണ്ടത് അത് മാത്രമാണ് ചെയ്തത്. ജാമ്യ അപേക്ഷ തള്ളിയാല്‍ കോടതി വഴി അടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പൗരന് അവകാശമുണ്ട്. അത് മാത്രമാണ് താന്‍ ചെയ്തത്. കര്‍ണാടക പോലീസ് വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ താന്‍ പോകാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു. പക്ഷേ പോലീസ് വന്നില്ല. പിന്നീട് അറിഞ്ഞു ആഗസ്ത് 15 ന് ശേഷമായിരിക്കും അറസ്റ്റെന്ന് അതു കൊണ്ടാണ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നല്‍കിയത്. വാറന്റ് ഉണ്ട് എന്ന അറിഞ്ഞ ഉടന്‍ തന്നെ ബാംഗ്ലൂര്‍ പോയി കീഴടങ്ങാനാകില്ല. തന്നെ ആസൂത്രിതമായി കുടുക്കിയതാണ്. തന്നെ തകര്‍ത്ത് തരിപ്പണമാക്കാന്‍ വേണ്ടി, ഇല്ലാതാക്കാന്‍ വേണ്ടിയുള്ള പല ഏജന്‍സികളുടെ പങ്കാളിത്തത്തോടെ കര്‍ണാടക പോലീസ് ആസൂത്രണം ചെയ്ത കേസാണ് ഇത്. അങ്ങനെ അറിയുമ്പോള്‍ അവരുടെ മുമ്പില്‍ പോയി കഴുത്ത് വെച്ച് കൊടുക്കാതെ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അത് നേരിടാനാണ് ആഗ്രഹിച്ചത്. " മഅദനി പറഞ്ഞു.



അന്‍വാര്‍ശ്ശേരിയില്‍ നിരോധനാജ്ഞ
കൊല്ലം : അന്‍വാര്‍ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കണക്കിലെടുത്താണ്‌ ശാസ്‌താംകോട്ട, മൈനാകപ്പള്ളി പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌ . ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ കളക്‌ടര്‍ എ.ഷാജഹാനാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഇതനുസരിച്ച്‌ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടമായി നില്‍ക്കരുത്‌. അന്‍വാര്‍ശേരിയിലും പരിസരത്തുമായി സംഘം ചേര്‍ന്നുനിന്നവരെ പോലീസ്‌ സംഘം ഒഴിപ്പിച്ചു. പ്രതിഷേധിക്കാനെത്തിയവര്‍ക്ക്‌ നേരെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വന്‍ പോലീസ്‌ സന്നാഹം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുകയാണ്‌.
Posted on: 14 Aug 2010


സുപ്രീംകോടതിയില്‍ മഅദനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ.അഡോള്‍ഫ്‌ മാത്യു മുഖേന പ്രത്യേക അനുമതി ഹര്‍ജിയാണ്‌ മദനി ഫയല്‍ ചെയ്‌തത്‌. മഅദനിക്കെതിരേയുള്ള കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‌ അപേക്ഷയില്‍ പറയുന്നു. മഅദനിക്കെതിരേ വ്യക്തമായ തെളിവുകളില്ലെന്നും മനുഷ്യാവകാശങ്ങള്‍ കൂടി പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
Posted on: 14 Aug 2010

മമതയുടെ മാവോയിസ്റ്റ്‌ അനുഭാവ പ്രസംഗം - പ്രധാനമന്ത്രി പ്രതികരിക്കണം

കൊച്ചി : ലാല്‍ഗഡ്‌ പ്രസംഗത്തില്‍ മമതാ ബാനര്‍ജി മാവോയിസ്റ്റുകളെ ന്യായീകരിച്ചതിനേക്കുറിച്ച്‌ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന്‌ സിപിഐ(എം) പൊളിറ്റ്‌ബ്യൂറോ അഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന മുന്‍ എം.പി. പി.ആര്‍.രാജനെ കാണാന്‍ കൊച്ചിയിലെ ആശുപത്രിയിലെത്തിയതായിരുന്നു അദ്ദേഹം. നക്‌സലിസം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരം പറയുമ്പോള്‍ മറ്റൊരു കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രി അതിനെ പിന്തുണച്ചിരിക്കുകയാണ്‌. ഇതിനെക്കുറിച്ച്‌ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Posted on: 14 Aug 2010


കശ്‌മീര്‍ : ഇന്ന്‌ ഉന്നതതലയോഗം

കശ്‌മീരിലെ സംഘര്‍ഷാവസ്ഥ വിലയിരുത്താന്‍ ഉന്നതതല യോഗം ചേരും. ഇന്നലെ സുരക്ഷാസൈനികരും പ്രക്ഷോഭകാരികളുമായുള്ള ഏറ്റുമുട്ടലിനിടെ നാല്‌ പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്‌ യോഗം. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തിലാണ്‌ യോഗം ചേരുക. റംസാന്‍ വ്രതം ആരംഭിച്ചതോടെ പ്രാര്‍ത്ഥനയ്‌ക്കും മറ്റുമായി കര്‍ഫ്യൂവിന്‌ അയവ്‌ വരുത്തിയിരുന്നു. ഇതിനിടെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്‌ ഇന്നലെ പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ കഠിനശ്രമത്തിലായതിനാല്‍ യോഗം ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു.
Posted on: 14 Aug 2010


ഇന്ത്യ ലോകജനതയ്‌ക്ക്‌ പ്രചോദനം : ഒബാമ

വാഷിംഗ്‌ടണ്‍ : ഇന്ത്യയും ഇന്ത്യക്കാരും ലോകത്തിന്‌ പ്രചോദനവും പ്രതീക്ഷയുടെ വെളിച്ചവുമാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞു. സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസയിലൂടെ നടത്തിയ പോരാട്ടങ്ങള്‍, ജനാധിപത്യത്തിലുള്ള വിശ്വാസം, തീവ്രവാദത്തോടും ഭീകരവാദത്തോടുമുള്ള സമീപനം എന്നിവയിലൂടെയെല്ലാം ഇന്ത്യ ലോകജനതയ്‌ക്ക്‌ പ്രചോദനവും പ്രതീക്ഷയുമാവുകയാണ്‌. മാര്‍ട്ടിന്‍ ലൂതര്‍ കിങ്‌ ഉള്‍പ്പെടെയുള്ളവര്‍ മഹാത്മാഗാന്ധിയോട്‌ എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യാക്കാരെ ഒബാമ തന്റെ അഭിനന്ദനം അറിയിച്ചു. നവംബറില്‍ നടത്താനുദ്ദേശിക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച്‌ നല്ല പ്രതീക്ഷകളാണുള്ളത്‌. ഇന്തോ - അമേരിക്കന്‍ സൗഹൃദത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ബന്ധങ്ങളിലൊന്നായി വളര്‍ത്തിയെടുക്കുകയാണ്‌ ലക്ഷ്യമെന്നും ഒബാമ പറഞ്ഞു.
Posted on: 14 Aug 2010


സാമ്പത്തിക വളര്‍ച്ച എല്ലാവരിലും എത്തണം - പ്രതിഭാ പാട്ടീല്‍

പോത്തന്‍കോട്‌ : രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അനുഭവയോഗ്യമാകണമെന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അഭിമാനകരമായ ജീവിതം ഉണ്ടാകണം. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയും. സ്‌ത്രീക്ക്‌ വിദ്യാഭ്യാസം ലഭിക്കുകയെന്നാല്‍ അടുത്ത തലമുറയുടെ പുരോഗതിക്ക്‌ വിത്തുപാകുകയാണ്‌. വിദ്യാഭ്യാസവും ആരോഗ്യവും കഴിവുകളുടെ വികസനവുമാണ്‌ സ്‌ത്രീശാക്തീകരണത്തിന്‌ ആവശ്യമെന്നും രാഷ്ട്രപതി പറഞ്ഞു.
Posted on: 14 Aug 2010


മാവോയിസ്റ്റ്‌ അനുകൂല പ്രസംഗം : മമതയോട്‌ വിശദീകരണം തേടി

ന്യൂഡല്‍ഹി : ലാല്‍ഗഢ്‌ റാലിയെക്കുറിച്ച്‌ കേന്ദ്ര റയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമത ബാനര്‍ജിയോട്‌ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. റാലിയില്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും സംസാരിച്ചുവെങ്കില്‍ അത്‌ എന്തിനുവേണ്ടിയായിരുന്നു എന്നും രേഖാമൂലം വിശദീകരിക്കാനാണ്‌ കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്‌.
Posted on: 13 Aug 2010


തെരഞ്ഞെടുപ്പ്‌ ഒറ്റ ഘട്ടമായി നടത്താമെന്ന്‌ സര്‍ക്കാര്‍

തിരുവനന്തപുരം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്താമെന്ന്‌ കാണിച്ച്‌ തദ്ദശേ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‌ കത്തയച്ചു. നവംബര്‍ ഒന്നിന്‌ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തുന്ന തരത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്താമെന്ന്‌ കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമോപദേശം തേടും. കമ്മീഷന്റെ അന്തിമതീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.
Posted on: 13 Aug 2010


‌തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍

സി.എ.ടി. ശരിവച്ചു

കൊച്ചി : ഐജി ടോമിന്‍.ജെ.തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ ശരിവെച്ചു. സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌ത നടപടി ചോദ്യം ചെയ്‌ത്‌ തച്ചങ്കരി നല്‍കിയ ഹര്‍ജി കോടതി തള്ളി. വി.കെ. ജോഷി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്‌ വിധി പറഞ്ഞത്‌. നേരത്തെ ഇടക്കാല ഉത്തരവില്‍ ട്രൈബ്യൂണലിന്റെ ഏകാംഗ ബഞ്ച്‌ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു കാരണവശാലും തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട്‌ എന്‍.ഐ.എ. തച്ചങ്കരിക്കെതിരേ നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളും തച്ചങ്കരിയുടെ പേരില്‍ വിജിലന്‍സ്‌ കേസുകള്‍ നിലവിലുള്ള കാര്യവും സര്‍ക്കാര്‍ ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പെടുത്തി. തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്താല്‍ ഈ കേസുകളുടെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന്‌ സര്‍ക്കാര്‍ വാദിച്ചു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയശേഷം സംഭവം വിവാദമായപ്പോള്‍ തച്ചങ്കരി വ്യാജ അവധി അപേക്ഷ തയ്യാറാക്കി നല്‍കിയെന്നും സര്‍ക്കാര്‍ ട്രൈബ്യൂണലിനെ ബോധിപ്പിച്ചു.

തന്നെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി അന്യായമാണെന്നും, താന്‍ സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെ ഇരയാവുകയാണുണ്ടായതെന്നുമാണ്‌ തച്ചങ്കരി ട്രൈബ്യൂണല്‍ മുമ്പാകെ വാദിച്ചത്‌. വിദേശയാത്രയ്‌ക്കുവേണ്ടി മുന്‍കൂര്‍ അപേക്ഷ നല്‍കിയത്‌ തപാല്‍ വകുപ്പിലെ കാലതാമസം കൊണ്ടാണ്‌ മേലധികാരികള്‍ക്കു ലഭിക്കാന്‍ വൈകിയതെന്ന വാദവും തച്ചങ്കരി ഉന്നയിച്ചു. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥനെ മന്ത്രിസഭയുടെ അനുമതിയില്ലാതെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മുഖ്യമന്ത്രിയ്‌ക്ക്‌ അവകാശമുണ്ടോ എന്ന നിയമപ്രശ്‌നവും തച്ചങ്കരി ഉന്നയിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ ട്രൈബ്യൂണല്‍ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ ശരിവച്ചു. മന്ത്രിസഭയുടെ അനുമതിയില്ലാതെ തന്നെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മുഖ്യമന്ത്രിക്ക്‌ അധികാരമുണ്ട്‌. സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥന്‍ വ്യാജകത്ത്‌ തയ്യാറാക്കിയെന്നത്‌ അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നു. വിദേശയാത്രയ്‌ക്ക്‌ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. തച്ചങ്കരിക്കെതിരായ അന്വേഷണം നാല്‌ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി. സിഎടി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു.

Posted on: 13 Aug 2010


മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനെതിരേ കേസെടുക്കും : ധനമന്ത്രി

തിരുവനന്തപുരം : മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ എന്ന ലോട്ടറി വിതരണക്കമ്പനിക്കെതിരേ ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു. സിക്കിം ലോട്ടറിയുടെ വ്യാജ നറുക്കെടുപ്പാണ്‌ കഴിഞ്ഞ രണ്ടുമാസമായി മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ നടത്തിയത്‌. അനധികൃത സീരിസുകള്‍ വില്‍ക്കുന്ന ലോട്ടറി കടകള്‍ റെയ്‌ഡു ചെയ്യും. ലോട്ടറി മാഫിയകള്‍ക്കെതിരേ നടപടിയെടുക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്നും ഇതിന്‌ കേന്ദ്രത്തെ പ്രേരിപ്പിക്കേണ്ടത്‌ യു.ഡി.എഫ്‌. ആണെന്നും ധനമന്ത്രി പറഞ്ഞു.
Posted on: 12 Aug 2010


ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യണമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തെ ന്യായവില ഷോപ്പുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കണം. ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോകുന്ന സ്ഥിതിയുണ്ടാകരുത്‌. പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കണം. എല്ലാ സംസ്ഥാനങ്ങളിലും വലിയ സംഭരണശാലകള്‍ പണിത്‌ ഭക്ഷ്യകരുതല്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യത്തെ എഫ്‌.സി.ഐ. ഗോഡൗണുകളില്‍ ലക്ഷക്കണക്കിന്‌ ടണ്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ട്‌ പി.യു.സി.എല്‍. എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌. ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോവാതിരിക്കാനും പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന്‌ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി ചോദിച്ചു. കാര്യക്ഷമം എന്നായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഭക്ഷ്യസുരക്ഷാപദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചുവെങ്കിലും ആറാഴ്‌ചയ്‌ക്കകം വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
Posted on: 12 Aug 2010


മെട്രോ റയില്‍ : ഇടത്‌ എം.പി.മാര്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി : കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക്‌ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള ഇടത്‌ എം.പി.മാര്‍ പാര്‍ലമെന്റ്‌ കവാടത്തില്‍ ധര്‍ണ നടത്തി. കൊച്ചി മെട്രോ പദ്ധതിക്കെതിരെയുള്ള ആസൂത്രണ കമ്മീഷന്റെയും ധനമന്ത്രാലയത്തിന്റെയും നിഷേധാത്മകസമീപനം മാറ്റണമെന്നും പദ്ധതി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും എം.പി.മാര്‍ ആവശ്യപ്പെട്ടു.

അതേസമയം ജാതി തിരിച്ചുള്ള സെന്‍സസ്‌ വിഷയത്തില്‍ പ്രതിപക്ഷബഹളത്തേത്തുടര്‍ന്ന്‌ ലോക്‌സഭയും രാജ്യസഭയും തടസ്സപ്പെട്ടു. സഭ ഉച്ചവരെ നിര്‍ത്തിവച്ചിരിക്കുകയാണ്‌.
Posted on: 12 Aug 2010


മഅദനിയുടെ അറസ്റ്റ്‌ ഉചിതസമയത്ത്‌ : ഡിജിപി

തിരുവനന്തപുരം : മദനിയുടെ അറസ്റ്റ്‌ സംബന്ധിച്ച്‌ ആശയക്കുഴപ്പമൊന്നുമില്ലെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കേരളത്തിലെയും കര്‍ണ്ണാടകത്തിലേയും പൊലീസ്‌ ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച്‌ ഉചിതമായ സമയത്ത്‌ അറസ്റ്റ്‌ നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ മദനിയെ അറസ്റ്റ്‌ ചെയ്യുമെന്നും ഡിജിപി പറഞ്ഞു.
Posted on: 12 Aug 2010


സിഎജി റിപ്പോര്‍ട്ടില്‍ സുരേഷ്‌ കല്‍മാഡിക്കെതിരേ പരാമര്‍ശം

കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെക്കുറിച്ച്‌ തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ സുരേഷ്‌ കല്‍മാഡിയ്‌ക്കെതിരെ പരാമര്‍ശം. സംപ്രേഷണാവകാശത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ കരാറിലൂടെ 24.6 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുത്തതില്‍ പൊരുത്തക്കേടുണ്ടെന്നും കല്‍മാഡിയും, മൈക്ക്‌ ഫെന്നലും, മൈക്ക്‌ ഹൂപ്പറും നിര്‍ദ്ദേശിച്ചതനുസരിച്ച്‌ മാത്രമാണ്‌ കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Posted on: 12 Aug 2010

 


ദേശീയപാത : കേരളത്തിന്‌ പ്രത്യേക പരിഗണന പരിശോധിക്കും

ന്യൂഡല്‍ഹി : ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ കേരളത്തിന്‌ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്‌ പാര്‍ലമെന്റില്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത്‌ 45 മീറ്ററാക്കണമെന്ന്‌ നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സമവായവുമായി മുന്നോട്ട്‌ വരേണ്ടത്‌ കേരളമാണെന്നും പി.സി ചാക്കോയുടെ ചോദ്യത്തിന്‌ കമല്‍നാഥ്‌ മറുപടി നല്‍കി.
Posted on: 10 Aug 2010


കല്‍മാഡി രാജിവയ്‌ക്കണം : ദിഗ്‌വിജയ്‌ സിംഗ്‌

ഷാജഹാന്‍പൂര്‍ : കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി അധ്യക്ഷസ്ഥാനത്തുനിന്നും സുരേഷ്‌ കല്‍മാഡി രാജിവയക്കുകയാണ്‌ വേണ്ടതെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മദ്ധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യചുമതലക്കാരനുമായ ദിഗ്‌വിജയ്‌സിംഗ്‌. സിബിഐയുടെ കയ്യില്‍ ആവശ്യമായ തെളിവുകളുണ്ടെങ്കില്‍ കല്‍മാഡി രാജിവെച്ചേ മതിയാവൂ. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിലൂടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതിന്‌ പകരം രാജ്യത്തിന്‌ അപമാനമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സിന്‌ അംഗീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു. അതേസമയം, കോമണ്‍വെല്‍ത്ത്‌ വിവാദത്തില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച്‌ സുരേഷ്‌ കല്‍മാഡി കോണ്‍ഗ്രസ്‌, ഡി.എം.കെ. എംപിമാര്‍ക്ക്‌ കത്തെഴുതി.
Posted on: 10 Aug 2010



മമതയ്‌ക്ക്‌ മാവോയിസ്റ്റുകളോട്‌  'മമത'; പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി : കേന്ദ്ര റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമത ബാനര്‍ജി മാവോയിസ്റ്റുകളെ അനുകൂലിച്ച്‌ ലാല്‍ഗഡില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. ഇന്നലെ ബംഗാളിലെ ലാല്‍ഗഡില്‍ മാവോയിസ്റ്റുകളുടെ പിന്തുണയോടെ മമതാ ബാനര്‍ജി റാലി നടത്തിയതും പ്രസംഗത്തില്‍ മാവോയിസ്റ്റുകളെ സുഹൃത്തുക്കള്‍ എന്ന്‌ സംബോധന ചെയ്‌തതും മാവോയിസ്റ്റ്‌ നേതാവ്‌ ആസാദിനെ ഏറ്റുമുട്ടലില്‍ വധിച്ച സുരക്ഷാ സേനയെ പ്രസംഗത്തില്‍ മമത അപലപിച്ചതുമാണ്‌ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിന്‌ കാരണമായത്‌. പ്രശ്‌നം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഇരുസഭകളിലും പ്രതിപക്ഷഅംഗങ്ങള്‍ ബഹളം വച്ചു. രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ ബിജെപി, ഇടത്‌ അംഗങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. പ്രശ്‌നം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കാണെന്ന സ്‌പീക്കറുടെ ഉറപ്പിനെ തുടര്‍ന്നാണ്‌ പ്രശ്‌നം അവസാനിച്ചത്‌.
Posted on: 10 Aug 2010


കസ്റ്റഡിമരണം : സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പുത്തൂര്‍ ഷീലാവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡിമരണം സിബിഐയ്‌ക്ക്‌ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവ്‌ സമഗ്രവും വ്യക്തവുമാണെന്ന്‌ സുപ്രീം കോടതി വിലയിരുത്തി. സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നടപടി അമ്പരപ്പുളവാക്കുന്നു. സംസ്ഥാനം അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണ്‌. രാജ്യത്തെ എല്ലാ കസ്റ്റഡി മരണങ്ങളുടെയും അന്വേഷണം സിബിഐ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കേസ്‌ പരിഗണിച്ച ജസ്റ്റിസ്‌ ദീപക്‌ വര്‍മ്മ പറഞ്ഞു.
Posted on: 09 Aug 2010


കൈവെട്ട്‌ കേസ്‌ : പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ക്ക്‌ നോട്ടീസ്‌

കൊച്ചി : തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ്‌ നസറുദ്ദീന്‍ എളമരത്തിന്‌ അന്വേഷണസംഘം നോട്ടീസ്‌ അയച്ചു. ഈ മാസം 12-ന്‌ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഈ മാസം 16-ന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ദേശീയസമിതിയംഗവും തേജസ്‌ പത്രത്തിന്റെ ചീഫ്‌ എഡിറ്ററുമായ പ്രൊഫ. പി.കോയയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ഇന്ന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയിരുന്ന പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്‌ദുള്‍ ഹമീദും അഷറഫ്‌ മൗലവിയും അന്വേഷണസംഘത്തിന്‌ മുമ്പാകെ ഹാജരായില്ല. ഒരാഴ്‌ചത്തെ സമയം ആവശ്യപ്പെട്ട്‌ ഇവര്‍ കത്ത്‌ നല്‍കിയിട്ടുണ്ട്‌.
Posted on: 09 Aug 2010


തിരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്തണമെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടത്താവുന്നതാണ്‌. തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ സംസ്ഥാനസര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാനാവില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്‌. ഇത്‌ മനപൂര്‍വ്വമാണോ കാര്യക്ഷമതയില്ലാത്തതുകൊണ്ടാണോ എന്നറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 09 Aug 2010


കോഴിക്കോട്‌ ഇരട്ടസ്‌ഫോടനം:
എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : കോഴിക്കോട്‌ ഇരട്ടസ്‌ഫോടന കേസില്‍ എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീറാണ്‌ ഒന്നാം പത്രി. മുഹമ്മദ്‌ അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്‌, ഷമ്മി ഫിറോസ്‌, കെ.പി.യൂസഫ്‌, ചെട്ടിപ്പടി യൂസഫ്‌ എന്നിവരാണ്‌ മറ്റു പ്രതികള്‌. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്‌. ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന അബ്‌ദുള്‍ ജലീലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.
Posted on: 02 Aug 2010


സര്‍ക്കാര്‍ മാഫിയ നിയന്ത്രണത്തിലെന്നു പറഞ്ഞിട്ടില്ല

കൊച്ചി : സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ മാഫിയയാണെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ ജസ്റ്റിസ്‌ സിരിജഗന്‍ പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖാനിക്കപ്പെടുകയാണുണ്ടായത്‌. അനധികൃത ക്വാറികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ പൊതുവായി വിമര്‍ശിക്കുകയായിരുന്നു താന്‍ ചെയ്‌തത്‌. ഇത്‌ ഒരു അഭിഭാഷകന്‍ മാദ്ധ്യമങ്ങളെ അറിയിച്ച്‌ വാര്‍ത്തയുണ്ടാക്കുകയായിരുന്നുവെന്നും ജസ്റ്റിസ്‌ സിരിജഗന്‍ പറഞ്ഞു. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ മാഫിയാണെന്ന പരാമര്‍ശത്തിനെതിരെ സര്‍ക്കാരിന്റെ അതൃപ്‌തി അഡ്വക്കേറ്റ്‌ ജനറല്‍, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെ അറിയിച്ചിരുന്നു.
Posted on: 02 Aug 2010


പാര്‍ലമെന്റ്‌ സ്‌തംഭനം
അവസാനിപ്പിക്കാന്‍ ധാരണ

ന്യൂഡല്‍ഹി : വിലക്കയറ്റത്തിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ പാര്‍ലമെന്റ്‌ നടപടികള്‍ തടസ്സപ്പെടുന്നത്‌ അവസാനിപ്പിക്കാന്‍ ഭരണ-പ്രതിപക്ഷ ധാരണയായി. ധനമന്ത്രി പ്രണബ്‌ മുഖര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ ഇതു സംബന്ധിച്ച ധാരണയുണ്ടായത്‌. ധാരണ പ്രകാരം വിലക്കയറ്റത്തെക്കുറിച്ച്‌ നാളെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടക്കും. വോട്ടിംഗ്‌ ഇല്ലാതെയുള്ള ചര്‍ച്ചയാണ്‌ നടക്കുക.
Posted on: 02 Aug 2010


ദേശീയപാത : വീതി 45 മീറ്ററില്‍ കുറയ്‌ക്കില്ലെന്ന്‌ കേന്ദ്രം

തിരുവനന്തപുരം : ദേശീയപാതയുടെ വീതി 45 മീറ്ററില്‍ കുറയ്‌ക്കാന്‍ സാധിയ്‌ക്കില്ലെന്ന്‌ കേന്ദ്രം അറിയിച്ചതായി സംസ്ഥാന പൊതുമരാമത്ത്‌ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്‌ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. ദേശീയപാത നിര്‍മ്മാണത്തില്‍ സ്വകാര്യപങ്കാളിത്തം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കാനാവില്ലെന്നാണ്‌ കേന്ദ്രനിലപാട്‌. ഇക്കാര്യത്തില്‍ സംസ്ഥാന നിലപാട്‌ പുനപ്പരിശോധിക്കുന്നതിനായി ആഗസ്‌ത്‌ 17ന്‌ സര്‍വ്വകക്ഷിയോഗം വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.
Posted on: 02 Aug 2010


കെ.എം.മാത്യുവിന്‌ ആദരാഞ്‌ജലി

കോട്ടയം : ഞായറാഴ്‌ച അന്തരിച്ച മലയാള മാദ്ധ്യമരംഗത്തെ കുലപതി മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം. മാത്യുവിന്‌ ആയിരങ്ങളുടെ ആദരാഞ്‌ജലി. കഞ്ഞിക്കുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ വച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്‌ക്ക്‌ 12 മണിയ്‌ക്കു ശേഷം മലയാള മനോരമ ഓഫീസിലെത്തിക്കും. മൂന്നുമണി വരെ മനോരമ ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വച്ച ശേഷം നാലുമണിയോടെ കോട്ടയം പുത്തന്‍പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

ഞായറാഴ്‌ച രാവിലെ ആറുമണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 93 വയസ്സായിരുന്നു. കഞ്ഞിക്കുഴിയിലെ വീട്ടില്‍ വച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിളയുടെ സഹോദരപുത്രന്‍ കെ.സി.മാമ്മന്‍ മാപ്പിളയാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌. 1954ല്‍ മനോരമയുടെ മാനേജിങ്‌ എഡിറ്ററും ജനറല്‍ മാനേജരുമായി ചുമതലയേറ്റ അദ്ദേഹം ജ്യേഷ്‌ഠന്‍ കെ.എം.ചെറിയാന്റെ മരണത്തേത്തുടര്‍ന്ന്‌ ചീഫ്‌ എഡിറ്ററായി. സമൂഹത്തിന്‌ നല്‍കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച്‌ 1998ല്‍ അദ്ദേഹത്തെ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചു.
കെ.എം.ഫിലിപ്പ്‌, പരേതരായ കെ.എം.ചെറിയാന്‍, കെ.എം.ഉമ്മന്‍, കെ.എം.ഈപ്പന്‍, കെ.എം.വര്‍ഗ്ഗീസ്‌ മാപ്പിള, കെ.എം.ജേക്കബ്‌, കെ.എം.മാമ്മന്‍ മാപ്പിള, മറിയക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്‌. മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ്‌ എഡിറ്റര്‍ ഫിലിപ്പ്‌ മാത്യു, എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ മാത്യു, തങ്കം മാമ്മന്‍ എന്നിവര്‍ മക്കളും വനിത എഡിറ്റര്‍ പ്രേമ, ബാലരമ എഡിറ്റര്‍ ബീന, മാജിക്‌പോട്ട്‌ എഡിറ്റര്‍ അമ്മു, സി.സി.എസ്‌. ടെക്‌നോളഡീസ്‌, മിസ്റ്റര്‍ ബട്‌ലേഴ്‌സ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ സി.പി.മാമ്മന്‍ എന്നിവരാണ്‌ മരുമക്കളുമാണ്‌.

കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌, യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വലാര്‍ രവി, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവരും മലയാള മാദ്ധ്യമ-സാഹിത്യ രംഗങ്ങളിലെ പ്രഗത്ഭര്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ, എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ പ്രതിനിധികളും കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

മറഞ്ഞുപോയത്‌ മാദ്ധ്യമരംഗത്തെ വഴികാട്ടി

മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യുവിന്റെ നിര്യാണത്തിലൂടെ മലയാളത്തിനു നഷ്ടപ്പെട്ടത്‌ മാദ്ധ്യമപ്രവര്‍ത്തന രംഗത്തെ മികച്ച ഒരു വഴികാട്ടിയെ. മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ ഇന്നു കാണുന്ന പ്രൊഫഷണലിസത്തിന്റെ സൃഷ്ടാവ്‌ ശ്രീ കെ.എം. മാത്യുവായിരുന്നു. രാഷ്‌ട്രീയപ്രവര്‍ത്തനത്തിനോട്‌ ബന്ധപ്പെടുത്തി പത്രപ്രവര്‍ത്തനത്തെ കണ്ടിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനോരമയിലെ അരങ്ങേറ്റം. രാജ്യാന്തര പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ടായ ഐ.പി.ഐ.യിലെ കണ്‍സല്‍ട്ടന്റുമാരെ കൊണ്ടുവന്ന്‌ കേരളത്തിലെ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിച്ചായിരുന്നു അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തെ പ്രൊഫഷണലിസത്തിന്‌ തുടക്കമിട്ടത്‌. അതിനുവേണ്ടി അദ്ദേഹം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടങ്ങളിലെ പത്രപ്രവര്‍ത്തനരീതി നേരിട്ട്‌ പഠിക്കുകയും ചെയ്‌തു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ ഒന്നിലധികം പത്രങ്ങള്‍ കരുത്തോടെ നിലനില്‍ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനായി അദ്ദേഹം കോമണ്‍വെല്‍ത്ത്‌ പ്രസ്‌ യൂണീയന്റെയും തോംസണ്‍ ഫൗണ്ടേഷനെയും സഹകരിച്ചിപ്പ്‌ സംഘടിപ്പിച്ച പത്രപ്രവര്‍ത്തക ശില്‍പശാലകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.


മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ നിന്നും സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദമെടുത്തിരുന്ന അദ്ദേഹത്തിന്‌ പത്രവ്യവസായം ലാഭകരമാക്കുന്നതിനും കഴിഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രസിദ്ധീകരണ രംഗത്ത്‌ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ്‌ അപാരമായിരുന്നു. മലയാള ഭാഷയുടെ ഉന്നമനത്തിനായി സ്ഥാപിച്ച `ഭാഷാപോഷിണി' എന്ന പ്രസിദ്ധീകരണം മനോരമ വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയത്‌ അദ്ദേഹം ചുമതലയേറ്റതിനു ശേഷമാണ്‌. അതിമനോഹരമായ ഭാഷാശൈലിയുടെ ഉടമയായ അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. കേരളം കണ്ട കലാപങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷം ആളിക്കത്താതിരിക്കാന്‍ സംയമനത്തിന്റെ മാദ്ധ്യമപ്രവര്‍ത്തനം മറ്റു മാദ്ധ്യമങ്ങള്‍ക്കുകൂടി കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനോരമയ്‌ക്കു കഴിഞ്ഞു. മതസൗഹാര്‍ദ്ദത്തിനും തീവ്രവാദവിരുദ്ധതയ്‌ക്കും പ്രത്യേക പരിഗണനയും പ്രോത്സാഹനവും നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.

പത്‌നിയുടെ വിയോഗത്തെത്തുടര്‍ന്ന്‌ എഴുതിയ `അന്നമ്മ എന്ന ഓര്‍മ്മപ്പുസ്‌തകകം, ആത്മകഥയായ `എട്ടാമത്തെ മോതിരം' എന്നിവയാണ്‌ അദ്ദേഹം രചിച്ചിട്ടുള്ള പുസ്‌തകങ്ങള്‍.

ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക്‌ `ഇന്ത്യന്‍ എക്‌സിപ്രസ്‌ ഏര്‍പ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാര്‍ഡ്‌, ഫൗണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഓഫ്‌ ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ്‌, പത്രരംഗത്തെ ദീര്‍ഘകാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ്‌ അക്കാദമിയുടെ പ്രഥമ പുരസ്‌കാരം, ദേശീയോദ്‌ഗ്രനഥനത്തിനുള്ള രാമകൃഷ്‌ണ ജയ്‌ ദയാല്‍ ഹാര്‍മണി അവാര്‍ഡ്‌, ദുര്‍ഗ പ്രസാദ്‌ ചൗധരി അവാര്‍ഡ്‌, സ്വദേശാഭിമാനി പുരസ്‌കാരം, മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌, കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ മാനേജ്‌മെന്റ്‌ ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌.

ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്‌, പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍, പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍, റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ന്യൂസ്‌ പേപ്പര്‍ ഡവലപ്‌മെന്റിന്റെ ചെയര്‍മാന്‍, സെന്‍ട്രല്‍ പ്രസ്‌ അഡൈ്വസറി കമ്മിറ്റി അംഗം, പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗം, ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സര്‍ക്കുലേഷന്‍സിന്റെ ചെയര്‍മാന്‍, പത്രപ്രസാധകരുടെ രാജ്യാന്തര സംഘടന ഫീജിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
Posted on: 02 Aug 2010

 

 


കൈവെട്ടിയ സംഭവം സമുദായത്തിന്‌ അപമാനം : മുസ്‌ലിം സംഘടനകള്‍

കോട്ടയ്‌ക്കല്‍ : അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവം മുസ്‌ലീം സമുദായത്തിന്‌ അപമാനമുണ്ടാക്കിയതായി കോട്ടയ്‌ക്കലില്‍ ചേര്‍ന്ന മുസ്‌ലീം സംഘടനകളുടെ യോഗം വിലയിരുത്തി. എല്ലാത്തരം തീവ്രവാദത്തെയും ഒറ്റപ്പെടുത്താന്‍ മുസ്‌ലീം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആഹ്വാനം ചെയ്‌തു. വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ചെയ്‌ത പ്രവൃത്തികള്‍ കാരണം മുസ്‌ലിം സമുദായത്തിനാകെ മാനക്കേടുണ്ടായിയെന്ന്‌ യോഗത്തിനുശേഷം മുസ്‌ലീം ലീഗ്‌ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പോപ്പുലര്‍ഫ്രണ്ടിന്റെ ഈ നടപടിക്ക്‌ വിശ്വാസപരമായി യാതൊരു സാധുതയുമില്ല. അത്തരക്കാരെ സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തുകയും മാറ്റി നിര്‍ത്തുകയും വേണം. ഇതിനായി വേണ്ടി വന്നാല്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നം കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം സമുദായത്തിനുമേല്‍ ആര്‍ക്കും കുതിര കയറാനുള്ള സാഹചര്യം പോപ്പുലര്‍ഫ്രണ്ട്‌ ഉണ്ടാക്കിയെന്ന്‌ യോഗം വിലയിരുത്തി. എ.പി.ഇ.കെ.വിഭാഗം സുന്നികള്‍, രണ്ട്‌ വിഭാഗം മുജാഹിദുകള്‍, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, മുസ്‌ലീം സര്‍വ്വീസ്‌ സൊസൈറ്റി, എം.ഇ.എസ്‌. തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കളെ യോഗത്തിന്‌ ക്ഷണിച്ചിരുന്നില്ല. ഭാവിയില്‍ ഈ രണ്ട്‌ സംഘടനകളെ എല്ലാ തരത്തിലും ഒറ്റപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായതായി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.
Posted on: 31 Jul 2010

പോപ്പുലര്‍ ഫ്രണ്ടിനെതിരേ മുസ്‌ലീംലീഗിന്റെ നേതൃത്വത്തില്‍ യോഗം

കോട്ടയ്‌ക്കല്‍ : പോപ്പുലര്‍ ഫ്രണ്ടിനെതിരേ വ്യാപക പ്രചാരണം നടത്തുന്നതിനായി മുസ്‌ലീം ലീഗിന്റെ നേതൃത്വത്തില്‍ മുസ്‌ലീം സംഘടനകളുടെ യോഗം കോട്ടയ്‌ക്കലില്‍ ചേരുന്നു. തീവ്രവാദ സ്വഭാവം പുറത്തുവന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ വ്യാപകമായ പ്രചാരണത്തിന്‌ തുടക്കമിടുകയാണ്‌ യോഗത്തിന്റെ ലക്ഷ്യം. മുസ്‌ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗത്തില്‍ വിവിധ മുസ്‌ലീം സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്‌. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച്‌ ആരും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
Posted on: 31 Jul 2010


സുരേന്ദ്രന്‍പിള്ളയ്‌ക്ക്‌ കായിക, യുവജനക്ഷേമ വകുപ്പുകള്‍

തിരുവനന്തപുരം : പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സില്‍ നിന്നും മന്ത്രിയാകുന്ന വി. സുരേന്ദ്രന്‍ പിള്ളയ്‌ക്ക്‌ നല്‍കേണ്ട വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. സി.പി.എമ്മിലെ എം.വിജയകുമാര്‍ കൈകാര്യം ചെയ്‌തിരുന്ന കായിക, യുവജനക്ഷേമ വകുപ്പുകളാണ്‌ സുരേന്ദ്രന്‍ പിള്ളയ്‌ക്ക്‌ നല്‍കുക. എം.വിജയകുമാറിന്‌ പൊതുമരാമത്തിന്റെ ചുമതല നല്‍കും. നേരത്തേ പി.ജെ.ജോസഫ്‌ വഹിച്ചിരുന്ന പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതല ഇപ്പോള്‍ ധനമന്ത്രി തോമസ്‌ ഐസക്കിനാണ്‌.

തനിക്കു ലഭിച്ചിരിക്കുന്നത്‌ മികച്ച രണ്ടു വകുപ്പുകളാണെന്ന്‌ സുരേന്ദ്രന്‍പിള്ള പ്രതികരിച്ചു. എല്ലാ വകുപ്പുകളും ഒരുപോലെയാണ്‌. ദേശീയ ഗയിംസിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും യുവാക്കളില്‍ ദിശാബോധം ഉണ്ടാക്കി മുന്നോട്ടു നയിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.
Posted on: 31 Jul 2010


ബംഗ്ലാദേശില്‍ മൗദൂദിയുടെ പുസ്‌തകങ്ങള്‍ നിരോധിച്ചു

ധാക്ക : ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ അബ്‌ദുല്‍ അലാ മൗദൂദിയുടെ പുസ്‌തകങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിച്ചു. ഇതനുസരിച്ച്‌ പള്ളികളില്‍ നിന്നും ഗ്രന്ഥശാലകളില്‍നിന്നും മൗദൂദിയുടെ പുസ്‌തകങ്ങള്‍ നീക്കം ചെയ്‌തുതുടങ്ങി. മതമൗലികവാദത്തില്‍ നിന്നും മതനിരപേക്ഷതയിലേക്ക്‌ രാജ്യത്തെ തിരികെ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്‌ നടപടി. മതരാഷ്ട്ര സ്ഥാപനത്തിനായുള്ള വിശുദ്ധയുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്‌ മൗദൂദിയന്‍ രചനകള്‍. മൗദൂദിയുടെ പുസ്‌തകങ്ങള്‍ മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനത്തെയും വളര്‍ത്തുന്നവയാണെന്ന്‌ ബംഗ്ലാദേശ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ മേധാവി അഭിപ്രായപ്പെട്ടു.

ഷെയ്‌ഖ്‌ മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടിയെടുത്ത ബംഗ്ലാദേശ്‌ ആദ്യകാലത്ത്‌ മതനിരപേക്ഷരാഷ്ട്രമായാണ്‌ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌. ജനാധിപത്യം, ദേശീയത, മതനിരപേക്ഷത, സോഷ്യലിസം എന്നിവ രാജ്യത്തിന്റെ തത്ത്വങ്ങളായി 1972ല്‍ ഭരണഘടനയില്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍, 1975ല്‍ മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും വധിച്ച്‌ അധികാരത്തില്‍ വന്ന പട്ടാളഭരണകൂടം മതനിരപേക്ഷതയ്‌ക്കുപകരം മതമൗലികവാദത്തിനാണ്‌ പ്രാധാന്യം നല്‍കിയത്‌. സിയാവുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സര്‍ക്കാര്‍ മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്ന്‌ നീക്കം ചെയ്യുകയും ചെയ്‌തു. ഇപ്പോഴത്തെ ഷെയ്‌ഖ്‌ ഹസീന സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മതനിരപേക്ഷതയിലേക്ക്‌ രാജ്യത്തെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ക്കാണ്‌ ഊന്നല്‍ നല്‍കുന്നത്‌. മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെ നിരോധിക്കാനും നീക്കം നടക്കുന്നുണ്ട്‌. ഭരണഘടനയില്‍ നിന്ന്‌ മതനിരപേക്ഷത എന്ന വാക്ക്‌ നീക്കം ചെയ്‌ത നടപടി ബംഗ്ലാദേശ്‌ സുപ്രീം കോടതി മാസങ്ങള്‍ക്കുമുമ്പ്‌ റദ്ദാക്കിയിരുന്നു.
Posted on: 31 Jul 2010


സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലെന്ന്  ഹൈക്കോടതി 
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എസ്. സിരിജഗനാണ് രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനെ കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രമാണ് ഗുണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ ആരെങ്കിലും പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പണമുണ്ടെങ്കില്‍ ഏത് കോടതിവിധിയേയും മറികടക്കാവുന്ന കാലമാണിത്. നിയമം സാധാരണക്കാര്‍ക്കും ജഡ്ജിമാര്‍ക്കും മാത്രമാണ് ബാധകം. പോലീസ് തീര്‍ത്തും നിഷ്‌ക്രിയമാണ്. പണമുണ്ടെങ്കില്‍ ഏത്‌ കോടതി ഉത്തരവും മറികടക്കാവുന്ന കാലമാണിത്‌. പോലീസ്‌ തീര്‍ത്തും നിഷ്‌ക്രീയമാണ്‌. മാഫിയകളെ നിയന്ത്രിക്കുന്നതില്‍ പോലീസിന്‌ കഴിയുന്നില്ലെങ്കില്‍ സൈന്യത്തെ വിളിക്കാന്‍ കോടതിക്ക്‌ ഉത്തരവിടാമെന്നും ജസ്‌റ്റീസ്‌ സിരിജഗന്‍ പറഞ്ഞു.
Posted on: 30 Jul 2010


കൈവെട്ടിയ കേസ്‌ : പ്രതികളെ ആശുപത്രിയിലെത്തിച്ച കാര്‍ കണ്ടെത്തി
കൊച്ചി : അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ പരുക്കേറ്റ പ്രതികളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ പൊലീസ്‌ കണ്ടെത്തി. കറുത്ത ലാന്‍സര്‍ കാര്‍ ആണ്‌ പിടിച്ചെടുത്തത്‌. അദ്ധ്യാപകനെ ആക്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ ആളെ ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡോ.റെനീഷിന്റെ അടുത്തും പിന്നീട്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കാന്‍ ഈ കാറാണ്‌ ഉപയോഗിച്ചത്‌. കാറിന്റെ ഉടമസ്ഥന്‍ ആരെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടില്ല.
Posted on: 30 Jul 2010

എസ്‌.ഡി.പി.ഐ. ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്തു
കൊച്ചി : എസ്‌.ഡി.പി.ഐ. യുടെ എറണാകുളം ജില്ലാ സെക്രട്ടറി ആലുവ സ്വദേശി കെ.പി. മൊയ്‌തീന്‍കുഞ്ഞിനെതിരേ പൊലീസ്‌ കേസെടുത്തു. ഇയാളുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ മതവൈരം വളര്‍ത്തുന്ന രീതിയിലുള്ള രേഖകളും സിഡികളും കണ്ടെത്തിയതിനേത്തുടര്‍ന്നാണ്‌ കേസെടുത്തത്‌.
Posted on: 30 Jul 2010


എസ്‌.വൈ.ഖുറേഷി മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായി ചുമതലയേറ്റു
ന്യൂഡല്‍ഹി : എസ്‌.വൈ.ഖുറേഷി പുതിയ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായി ചുമതലയേറ്റു. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ സ്ഥാനത്തുനിന്ന്‌ നവീന്‍ ചൗള വ്യാഴാഴ്‌ച വിരമിച്ചിരുന്നു. 1971ലെ ബാച്ചില്‍പ്പെട്ട ഐ.എ.എസ്സുകാരനാണ്‌ എസ്‌.വൈ.ഖുറേഷി. സ്‌പോര്‍ട്‌സ്‌ സെക്രട്ടറിയായും ആരോഗ്യവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറിയായും നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഡയറക്‌ടര്‍ ജനറലായും സേവനമനുഷ്‌ഠിച്ചിട്ടുള്ള ഖുറേഷി 2006 മുതല്‍ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയാണ്‌.
Posted on: 30 Jul 2010


കെ.സി.ബി.സി. സര്‍ക്കുലറിനെതിരെ അന്വേഷണം
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക്‌ വോട്ടുചെയ്യരുതെന്ന്‌ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍, കാത്തലിക്‌ ബിഷപ്പ്‌സ്‌ കോണ്‍ഫറന്‍സ്‌ പുറത്തിറക്കിയെന്നു കാണിച്ച്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സര്‍ക്കുലറിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എറണാകുളം ജില്ലാ കളക്ടറോട്‌ ആവശ്യപ്പെട്ടു.

രണ്ടാഴ്‌ച മുന്‍പ്‌ കാത്തോലിക്കാ സഭയിലെ പള്ളികളില്‍ വായിച്ച കെ.സി.ബി.സി സര്‍ക്കുലറിനേക്കുറിച്ച്‌ നിരവധി പരാതികളാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ലഭിച്ചത്‌. വിശ്വാസികളല്ലാത്തവര്‍ക്ക്‌ വോട്ടു ചെയ്യരുതെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു ജയിക്കുന്നവരില്‍ പലരും പിന്നീട്‌ നിറം മാറുമെന്നതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്യരുതെന്നുമായിരുന്നു സര്‍ക്കുലറിലെ ഉള്ളടക്കമെന്നാണ്‌ പരാതി. എന്നാല്‍ ആര്‍ക്കെങ്കിലും വോട്ടു ചെയ്യാന്‍ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തിട്ടില്ലെന്ന്‌ കെ.സി.ബി.സി. വൃത്തങ്ങള്‍ പ്രതികരിച്ചു.
Posted on: 29 Jul 2010

പ്രതിപക്ഷ ബഹളം : നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം : അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റം അന്വേഷിക്കാന്‍ പുതിയ അന്വേഷണ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. കോണ്‍ഗ്രസ്സില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അടിയന്തിര പ്രമേയത്തിന്‌ അനുമതി തേടിയത്‌. ഭൂമി കയ്യേറ്റത്തിന്‌ ഒത്താശ ചെയ്‌ത ഉദ്യോഗസ്ഥരെ പേരെടുത്തു പരാമര്‍ശിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌ അവഗണിച്ചാണ്‌ സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നും നടപടി സ്വീകരിക്കുന്നതിന്‌ കാലതാമസം വരുത്താന്‍ വേണ്ടിയാണ്‌ ഇതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള അന്വേഷണം വൈകിപ്പിക്കുന്നത്‌ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും ആരോപിച്ചു.

ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ അന്വേഷണം നടന്നുവരികയാണെന്നും ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ മറുപടി നല്‍കി. മന്ത്രിയുടെ മറുപടി പരിഗണിച്ച്‌ സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ സഭ അനിശ്ചിതകാലത്തേയ്‌ക്ക്‌ പിരിഞ്ഞു.
Posted on: 29 Jul 2010


മഅദനിയുടെ ജാമ്യാപേക്ഷ മാറ്റി
ബാംഗ്ലൂര്‍ : അബ്‌ദുള്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കര്‍ണ്ണാടക ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി. പ്രോസിക്യൂഷന്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ്‌ ജാമ്യഹര്‍ജി പരിഗണിക്കുന്നത്‌ വീണ്ടും മാറ്റിവച്ചത്‌. അതേസമയം കര്‍ണ്ണാടക സര്‍ക്കാര്‍ കേസില്‍ നിലപാട്‌ അറിയിക്കാന്‍ വൈകുന്നതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ജാമ്യാപേക്ഷ ഇനിയും മാറ്റിവയ്‌ക്കാനാവില്ലെന്നും ചൊവ്വാഴ്‌ച തന്നെ നിലപാട്‌ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Posted on: 29 Jul 2010


പാകിസ്‌താനില്‍ യാത്രാവിമാനം തകര്‍ന്നുവീണു
ഇസ്‌ലാമാബാദ്‌ : പാക്‌ തലസ്ഥാനമായ ഇസ്‌ലാമാബാദിന്‌ സമീപം മര്‍ഗല മലനിരകളില്‍ ജീവനക്കാരടക്കം 159 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു. 10 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.  മരണസംഖ്യ 100 കവിയുമെന്നാണ്‌ സൂചന. സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ `എയര്‍ബ്ലൂ' വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കനത്ത മഴയും മഞ്ഞുമാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതുന്നു. റോഡോ മറ്റ്‌ യാത്രാ മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത സ്ഥലത്താണ്‌ അപകടം ഉണ്ടായത്‌. സൈനിക ഹെലികോപ്‌ടറുകള്‍ ഉപയോഗിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന്‌ തിരിച്ചടിയാവുന്നുണ്ട്‌.

തുര്‍ക്കിയില്‍ നിന്ന്‌ കറാച്ചിവഴി ഇസ്‌ലാമാബാദിലേക്ക്‌ വരികയായിരുന്നു എയര്‍ബ്ലൂ വിമാനം രാവിലെ 7.51നാണ്‌ വിമാനം കറാച്ചിയില്‍നിന്നും പറന്നുയര്‍ന്നത്‌. അപകടം നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന്‌ അപ്രത്യക്ഷമായതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.
Posted on: 28 Jul 2010


നെല്‍വയല്‍ നികത്തി കെട്ടിടം നിര്‍മ്മിച്ചാല്‍ നടപടി : പാലോളി
തിരുവനന്തപുരം : നെല്‍വയല്‍ നികത്തി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതായി കണ്ടാല്‍ പഞ്ചായത്തുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിയമസഭയില്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും പാലോളി പറഞ്ഞു.
Posted on: 28 Jul 2010


അധികാരം സംസ്ഥാനത്തിനു നല്‍കൂ,
ലോട്ടറിക്കാരെ നിലയ്‌ക്കുനിര്‍ത്താം - തോമസ്‌ ഐസക്‌
തിരുവനന്തപുരം : ലോട്ടറിക്കാരെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പുതിയ ലോട്ടറി നിയമം മൂലം എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയയ്‌ക്ക്‌ എല്ലാ ഒത്താശകളും ചെയ്‌തുകൊടുക്കുകയാണെന്ന ധനമന്ത്രി തോമസ്‌ ഐസക്‌ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ലോട്ടറി വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പാകുന്നതിനുള്ള അധികാരവും സംസ്ഥാനത്തിനില്ലെന്നത്‌ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വ്യക്തമാണ്‌. ജോണ്‍ കെന്നഡി എന്നയാളെ സംസ്ഥാനത്തെ സിക്കിം ലോട്ടറി പ്രൊമോട്ടറായി നിയമിച്ചത്‌ യു.ഡി.എഫ്‌. സര്‍ക്കാരാണ്‌. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വന്നതിനുശേഷം നടത്തിയ വിജിലന്‍സ്‌ അന്വേഷണത്തില്‍ നിയമലംഘനം നടന്നുവെന്ന്‌ കണ്ടതിനാല്‍ ലോട്ടറി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ വിധി സമ്പാദിച്ചു. സര്‍ക്കാര്‍ ഇതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്‌. ലോട്ടറി നടത്തുന്നത്‌ നേരിട്ടല്ലെങ്കിലും അംഗീകൃത ഏജന്റ്‌ ആണെന്ന്‌ സിക്കിം സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ നികുതി പിരിക്കാന്‍ അധികാരമുണ്ടെന്നാണ്‌ ഹൈക്കോടതി വിധി. ഹൈക്കോടതി വിധി അനുസരിച്ച്‌ രജിസ്‌ട്രേഷന്‍ പ്രൊമോട്ടര്‍ക്കാണ്‌ നറുക്കിനല്ല. അതിനാല്‍ നിലവിലുള്ള രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ നറുക്കെടുക്കാനുള്ള അനുമതി നല്‍കാതിരിക്കാന്‍ സംസ്ഥാനത്തിന്‌ അധികാരമില്ല. അധികാരം നല്‍കിയാല്‍ ലോട്ടറിക്കാരെ നിലയ്‌ക്കു നിര്‍ത്തുന്നത്‌ എങ്ങിനെയാണെന്ന്‌ സംസ്ഥാനസര്‍ക്കാര്‍ കാണിച്ചുകൊടുക്കാം. കേന്ദ്ര ലോട്ടറി നിയമങ്ങള്‍ ജനവിരുദ്ധമാണ്‌, അതിനാല്‍ പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ കേന്ദ്രത്തില്‍ ചെന്ന്‌ ആവശ്യപ്പെടട്ടെ. അതു ചെയ്യാതെ ഇല്ലാത്ത ഒരു കാര്യം ഉയര്‍ത്തിപ്പിടിച്ച്‌ സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ്‌ പ്രതിപക്ഷം ഇന്നലെ സഭയില്‍ നിന്നിറങ്ങിപ്പോയതെന്നും ധനമന്ത്രി ആരോപിച്ചു.
Posted on: 28 Jul 2010

കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ വിധിക്ക്‌ ഉപാധികളോടെ സ്റ്റേ
കൊച്ചി : കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്‌ ഉപാധികളോടെ സ്റ്റേ അനുവദിച്ചു. തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി ജസ്റ്റിസ്‌ ശശിധരന്‍ നമ്പ്യാര്‍ തന്നെയാണ്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന്‌ സമയം അനുവദിക്കുന്നതിനായി മൂന്നാഴ്‌ചത്തേക്ക്‌ സ്റ്റേ അനുവദിച്ചത്‌. പാര്‍ലമെന്റ്‌ നടപടികളില്‍ പങ്കെടുക്കാം എന്നാല്‍ ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റാന്‍ പാടില്ല, പാര്‍ലമെന്റിലെ സുപ്രധാന ചര്‍ച്ചകളിലും വോട്ടെടുപ്പുകളിലും പങ്കെടുക്കാന്‍ അവകാശമില്ല, പാര്‍ലമെന്ററി സമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കരുത്‌ തുടങ്ങിയ ഉപാധികളോടെയാണ്‌ സ്റ്റേ അനുവദിച്ചിരിക്കുന്നത്‌.

2009ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്നാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മത്സരിച്ചു ജയിച്ചത്‌. എന്നാല്‍ സുരേഷ്‌ പരിവര്‍ത്തിത ക്രൈസ്‌തവനാണെന്നും പട്ടികജാതി സംവരണസീറ്റില്‍ മത്സരിക്കാന്‍ സുരേഷിന്‌ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ. സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍.എസ്‌. അനില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുരേഷിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ അടക്കമുള്ള രേഖകള്‍ തെളിവായി സ്വീകരിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ അസാധുവാക്കി വിധി പ്രഖ്യാപിച്ചു. ഈ വിധിയാണ്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം നല്‍കാനായി മൂന്നാഴ്‌ചത്തേയ്‌ക്ക്‌ ഉപാധികളോടെ സ്റ്റേ ചെയ്‌തിരിക്കുന്നത്‌.
Posted on: 28 Jul 2010

കോണ്‍ഗ്രസ്‌ എം.പി.മാര്‍ക്ക്‌ വിപ്പ്‌
ന്യൂഡല്‍ഹി : പാര്‍ലമെന്റ്‌ സമ്മേളനങ്ങളില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം എം.പി. മാര്‍ക്ക്‌ വിപ്പ്‌ നല്‍കി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ന്യായീകരിക്കാനും വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിലപാട്‌ വിശദീകരിക്കാനും മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
Posted on: 28 Jul 2010



ലോട്ടറി അഴിമതി: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം : പുതിയ രണ്ട്‌ ലോട്ടറികള്‍ നടത്താന്‍ ചട്ടങ്ങള്‍ മറികടന്ന്‌ സാന്റിയാഗോ മാര്‍ട്ടിന്‌ അനുമതി നല്‍കിയതുവഴി 25 കോടി രൂപയുടെ അഴിമതി നടന്നു എന്ന്‌ പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും വി.ഡി സതീശന്‍ എം.എല്‍.എ യാണ്‌ പ്രശ്‌നം നിയമസഭയില്‍ രേഖാമൂലം ഉന്നയിച്ചത്‌. സംസ്ഥാനത്ത്‌ അന്യസംസ്ഥാന ലോട്ടറി മാഫിയ തഴച്ചുവളരുകയാണ്‌. പ്രതിവര്‍ഷം 14000 കോടി രൂപ ലോട്ടറിമാഫിയ കേരളത്തില്‍ നിന്ന്‌ കടത്തുന്നു. ഇതുകൂടാതെയാണ്‌ മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ എന്ന കമ്പനിയുടെ പുതിയ രണ്ടു ലോട്ടറികള്‍ക്ക്‌ പാലക്കാട്‌ വാണിജ്യനികുതി വിഭാഗം അസിസ്റ്റന്റ്‌ കമ്മീഷണര്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ അനുമതി നല്‍കിയത്‌. ജൂലായ്‌ ഒന്നിന്‌ നല്‍കിയ അപേക്ഷയില്‍ ജൂലൈ മൂന്നിന്‌ അനുമതി നല്‍കി. ഒരു മാസത്തെ മുന്‍കൂര്‍ നികുതി അടച്ചാലേ ഇത്തരം ലോട്ടറികള്‍ക്ക്‌ അനുമതി നല്‍കാവൂ എന്ന ചട്ടം മറികടന്നാണിത്‌. ലോട്ടറിക്കമ്പനിക്കാര്‍ പ്രതിവര്‍ഷം സി.പി.എമ്മിന്‌ കോടികള്‍ നല്‍കുന്നുണ്ടെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

ധൃതിപിടിച്ച്‌ ലോട്ടറി നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ മറുപടി നല്‍കി. ലോട്ടറി നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്‌. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‌ പരിമിതികളുണ്ട്‌. അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങിയ അസി.കമ്മീഷണറെ മുന്‍പ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. എന്നാല്‍ ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധി സമ്പാദിക്കുകയാണ്‌ ഉണ്ടായത്‌. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പുതുക്കുക മാത്രമല്ല, മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കുന്നതിലൂടെ ലോട്ടറികള്‍ക്ക്‌ അനുമതി നിഷേധിക്കുവാന്‍ സംസ്ഥാനത്തിന്‌ അധികാരമില്ലെന്ന്‌ സുപ്രീം കോടതിയെ ബോധിപ്പിക്കുകയും ചെയ്‌തു. അന്യസംസ്ഥാന ലോട്ടറികളെ സഹായിക്കുന്ന കേന്ദ്ര നിലപാടുകളാണ്‌ യഥാര്‍ത്ഥ പ്രശ്‌നം. അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേന്ദ്രത്തില്‍ നിന്ന്‌ സംസ്ഥാനത്തിന്‌ അധികാരം വാങ്ങിത്തരികയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. അന്യ സംസ്ഥാന ലോട്ടറികളെ സര്‍ക്കാര്‍ വഴിവിട്ട സഹായിക്കുന്നു എന്നാരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
Posted on: 27 Jul 2010


സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്‌ പി.സി.തോമസ്‌ വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതുമുന്നണിയോഗം തീരുമാനിച്ചു. ഇതോടെ പാര്‍ട്ടിയുടെ ഏക എം.എല്‍.എ. ആയ സുരേന്ദ്രന്‍പിള്ളയ്‌ക്ക്‌ മന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞു. പുതിയ മന്ത്രിയ്‌ക്ക്‌ ഏതു വകുപ്പ്‌ നല്‍കണം, സത്യപ്രതിജ്ഞ എന്നു നടത്തണം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട്‌ തീരുമാനിക്കും. ഇടതുമുന്നണിയുടെ തീരുമാനം സന്തോഷകരമാണെന്ന്‌ പി.സി.തോമസ്‌ പറഞ്ഞു.
Posted on: 27 Jul 2010

റിപ്പോ, റിവേഴ്‌സ്‌ റിപ്പോ
നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക്‌, കാല്‍ ശതമാനവും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ അര ശതമാനവും വര്‍ദ്ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക്‌ 5.75 ശതമാനമായും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 5 ശതമാനമായും വര്‍ദ്ധിക്കും. എന്നാല്‍ കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല.
Posted on: 27 Jul 2010


വിലക്കയറ്റത്തിനെതിരേ പ്രതിപക്ഷം;
സഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി : വിലക്കയറ്റ പ്രശ്‌നം സഭ നിര്‍ത്തിവത്ത്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം പാര്‍ലമെന്റ്‌ നടപടികള്‍ സ്‌തംഭിപ്പിച്ചു. ലോക്‌സഭയും രാജ്യസഭയും 12 മണിവരെ നിര്‍ത്തിവെച്ചു. വിലക്കയറ്റ പ്രശ്‌നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്‌ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ ആവശ്യപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ഇതേവിഷയമുന്നയിക്കുകയും സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്‌തു.
Posted on: 27 Jul 2010

ജ്വല്ലറിയുടെ മറവില്‍ അനധികൃത പണമിടപാടെന്ന്‌ പൊലീസ്‌
കൊച്ചി : അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനായ അയൂബിന്റെ ഉടമസ്ഥതയിലുള്ള ഹിബ ജ്വല്ലറിയുടെ മറവില്‍ അനധികൃത പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന്‌ സംശയിക്കുന്നതായി ആലുവ റൂറല്‍ പോലീസ്‌ കോടതിയെ അറിയിച്ചു. ജൂവലറി തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കുകയായിരുന്നു കോടതി. ജൂവലറിയുടെ മറവില്‍ കൈമാറ്റം ചെയ്യപ്പെടുന്ന പണം എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും ജൂവലറിയുടെ പെരുമ്പാവൂരിലും ആലുവയിലുമുള്ള ശാഖകള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ്‌ കോടതിയെ അറിയിച്ചു. പൊലീസ്‌ പരിശോധന നടത്തി സീല്‍ ചെയ്‌ത ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവും രേഖകളും കടത്തിക്കൊണ്ടുപോയതായി കണ്ടെന്നും പൊലീസ്‌ അറിയിച്ചു.
Posted on: 27 Jul 2010


ചെക്ക്‌ പോസ്റ്റുകളില്‍ ഇനി
നിരീക്ഷണ ക്യാമറയും

തിരുവനന്തപുരം : ആഗസ്‌ത്‌ ഒന്നുമുതല്‍ പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ പറഞ്ഞു. ഇതോടെ ചെക്ക്‌പോസ്റ്റുകളിലെ സംഭവവികാസങ്ങള്‍ മന്ത്രിയുടെയും മേലുദ്യോഗസ്ഥരുടെയും ഓഫീസിലിരുന്ന്‌ നിരീക്ഷിക്കാന്‍ സാധിക്കും. നികുതി വെട്ടിപ്പ്‌ കണ്ടൈത്താന്‍ നികുതി വകുപ്പിന്‌ ഒരുകോടി രൂപയുടെ സീക്രട്ട്‌ ഫണ്ട്‌ അനുവദിക്കും. വാണിജ്യനികുതി വകുപ്പിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി നാല്‌ ജില്ലകളില്‍ കൂടി ട്രൈബ്യൂണലിന്റെ അഡീഷണല്‍ ബഞ്ചുകള്‍ സ്ഥാപിക്കും. ആവശ്യമായ സ്ഥലം ഇല്ലാത്തതാണ്‌ വിവിധവകുപ്പുകളുടെ സംയോജിത ചെക്ക്‌പോസ്റ്റ്‌ സ്ഥാപിക്കുന്നതിന്‌ തടസ്സമെന്നും മന്ത്രി പറഞ്ഞു.
Posted on: 27 Jul 2010


ഇന്റര്‍സെപ്‌റ്റര്‍ മിസൈല്‍
പരീക്ഷണം വിജയം

ബാലസോര്‍ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്റര്‍സെപ്‌റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 80 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചു വരെ ശത്രു മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണമാണ്‌ വിജയമായത്‌.
Posted on: 26 Jul 2010


പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്‌താവന വളച്ചൊടിക്കുന്നത്‌ ദുരുപദിഷ്‌ഠമെന്ന്‌ വി.എസ്‌.
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്‌താവന മുസ്‌ലീം വിരുദ്ധമാണെന്ന ചിലരുടെ ആരോപണം ദുരുപദിഷ്‌ഠമാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ത്ത്‌ കേരളത്തില്‍ മുസ്‌ലീം രാജ്യം സൃഷ്ടിക്കാനാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ ശ്രമിക്കുന്നതെന്ന്‌ വി.എസ്‌. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രസ്‌താവിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ കെ.ബാബുവിന്റെ സബ്‌മിഷന്‌ നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ താന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രസ്‌താവന നടത്തിയത്‌. പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധങ്ങളായിരുന്നു. ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‍കേണ്ടത്‌ അത്യാവശ്യമായിരുന്നതിനാലാണ്‌ പോപ്പുലര്‍ ഫ്രണ്ടിനെതിരേ പ്രസ്‌താവന നടത്തിയത്‌. ചിലര്‍ ഈ പ്രസ്‌താവനയെ വളച്ചൊടിക്കുകയാണ്‌. മുസ്‌ലീം സമുദായത്തിലെ ഭൂരിപക്ഷം പോപ്പുലര്‍ ഫ്രണ്ടിനെതിരാണ്‌. സമുദായത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ്‌ പോപ്പുലര്‍ ഫ്രണ്ടിലുള്ളത്‌. ആര്‍.എസ്‌.എസി.നെയും ഹിന്ദു തീവ്രവാദത്തെയും എതിര്‍ക്കുന്ന നിലപാടാണ്‌ തന്റെ പാര്‍ട്ടിക്കുള്ളത്‌. അതിനര്‍ത്ഥം തങ്ങള്‍ ഹിന്ദു സമുദായത്തിന്‌ എതിരാണെന്നല്ല. വി.എച്ച്‌.പി.യെയും ആര്‍.എസ്‌.സിനേയും പോലെ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ്‌ പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്‌ എസ്‌.ഡി.പി.ഐ. ഓഫീസുകളില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളിലുള്ള ചില ആഹ്വാനങ്ങള്‍ മുഖ്യമന്ത്രി നിയസമഭയില്‍ വായിക്കുകയും ചെയ്‌തു.
Posted on: 26 Jul 2010


യു.എസ്‌. - പാക്‌ ആയുധകരാറില്‍
ഇന്ത്യയ്‌ക്ക്‌ ആശങ്ക

ന്യൂഡല്‍ഹി : താലിബാന്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിനെന്ന പേരില്‍ അമേരിക്ക പാകിസ്‌താന്‌ വന്‍തോതില്‍ ആയുധസഹായം നല്‍കുന്നതില്‍ ഇന്ത്യയ്‌ക്ക്‌ ആശങ്കയുണ്ടെന്ന്‌ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന്റെ പതിനൊന്നാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി അമര്‍ജവാന്‍ ജ്യോതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്‌താന്‌ നല്‍കുന്ന ആയുധങ്ങള്‍ തീവ്രവാദികള്‍ക്കെതിരെ മാത്രമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ അമേരിക്ക ഉറപ്പുവരുത്തണം. താലിബാന്‍ തീവ്രവാദികളെ നേരിടാന്‍ ഉഗ്രപ്രഹരശേഷിയുള്ള ആയുധങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇത്തരം ആയുധങ്ങള്‍ പാകിസ്‌താന്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്‌. അമേരിക്കന്‍ സൈനിക മേധാവി മൈക്ക്‌ മുള്ളര്‍, സുരക്ഷാ ഉപദേഷ്ടാവ്‌ ജയിംസ്‌ ജോണ്‍സ്‌ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു.
Posted on: 26 Jul 2010


അമിത്‌ഷായുടെ അറസ്റ്റുമായി കേന്ദ്രത്തിന്‌ ബന്ധമില്ല : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : സി.ബി.ഐ. യെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ്‌ മാദ്ധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ്‌ ഗുജറാത്ത്‌ മുന്‍ ആഭ്യന്തരസഹമന്ത്രി അമിത്‌ ഷായെ സി.ബി.ഐ. അറസ്റ്റു ചെയ്‌തത്‌. സൊഹ്‌റാബുദ്ദീന്‍ ശൈഖ്‌ വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്‌ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന വസ്‌തുത പ്രതിപക്ഷത്തിന്‌ അറിയാവുന്നതാണ്‌. എന്നിട്ടും സി.ബി.ഐ. കോണ്‍ഗ്രസ്‌ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ ആയെന്ന പ്രതിപക്ഷ ആരോപണത്തില്‍ കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Posted on: 26 Jul 2010


സംസ്ഥാന പദ്ധതികള്‍ കേന്ദ്രം വൈകിപ്പിക്കുന്നു : വി.എസ്‌.
ന്യൂഡല്‍ഹി : കേരള സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ കേന്ദ്രം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആരോപിച്ചു. മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ റയില്‍ പദ്ധതി ഡല്‍ഹി മെട്രോ മാതൃകയില്‍ നടപ്പാക്കണം. പെട്രോളിയം ഉല്‍പന്നങ്ങലുടെ വില വര്‍ദ്ധിപ്പിച്ച നടപടി പുനപരിശോധിക്കണമെന്നും വി.എസ്‌. ആവശ്യപ്പെട്ടു.
Posted on: 24 Jul 2010

അമിത്‌ ഷാ രാജിവച്ചു
അഹമ്മദാബാദ്‌ : ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രി അമിത്‌ ഷാ രാജിവച്ചു. സൊഹ്‌റാബുദ്ദീന്‍ ശൈഖും ഭാര്യ കൗസര്‍ബിയും വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അമിത്‌ ഷായുടെ പങ്ക്‌ വെളിപ്പെടുത്തുന്ന കുറ്റപത്രം ഇന്നലെ സി.ബി.ഐ. അഹമ്മദാബാദ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഭിഭാഷകര്‍ മുഖേന അമിത്‌ ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്നലെ തള്ളുകയും ചെയ്‌തു. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച്‌ സി.ബി.ഐ. അമിത്‌ ഷായ്‌ക്ക്‌ പല തവണ സമന്‍സയച്ചിരുന്നു. ഹാജരാകാന്‍ ഷാ തയ്യാറാകാത്തതിനേത്തുടര്‍ന്നാണ്‌ സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. മന്ത്രിയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 14 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. കേസില്‍ അമിത്‌ ഷായുടെ പങ്ക്‌ തെളിയിക്കുന്ന നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുള്ളതായാണ്‌ സി.ബി.ഐ.യുടെ ആരോപണം. സി.ബി.ഐ.യുടെ അറസ്റ്റ്‌ ഭീഷണി നിലനില്‍ക്കുന്നതിനാലാണ്‌ അമിത്‌ ഷാ രാജിവച്ചത്‌. രാജിക്കത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്ക്‌ കൈമാറി.
Posted on: 24 Jul 2010

അദ്ധ്യാപകനെതിരെ മൂന്നു തവണ ആക്രമണശ്രമം നടത്തിയിരുന്നുവെന്ന്‌ യൂനസ്‌
കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അദ്ധ്യാപകന്‍ ടി.ജെ. ജോസഫിനെ മുന്‍പ്‌ മൂന്നുതവണ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്‌ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി യൂനസ്‌ പൊലീസിന്‌ മൊഴി നല്‍കി. ഒരു തവണ വീട്ടില്‍ കയറി ആക്രമിക്കാനും രണ്ടു തവണ ബൈക്കില്‍ എത്തി ആക്രമിക്കാനും ശ്രമിച്ചിരുന്നു. ആക്രമണത്തിന്‌ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിച്ചിട്ടില്ലെന്നും കൈവെട്ടിയ സംഭവത്തിലെ ഉള്‍പ്പെട്ടിട്ടുള്ളവരെല്ലാം പോപ്പുലര്‍ഫ്രണ്‌ട്‌ പ്രവര്‍ത്തകരാണെന്നും യൂനസ്‌ പൊലീസിനോട്‌ പറഞ്ഞു.
Posted on: 24 Jul 2010


ജോയ്‌ തിരുമൂലപുരം അന്തരിച്ചു
കോട്ടയം : മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ജോയ്‌ തിരുമൂലപുരം അന്തരിച്ചു. 73 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ പ്രധാന മാദ്ധ്യമങ്ങളിലെല്ലാം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ഏറ്റവും മികച്ച പത്രസംവിധാനത്തിന്‌ തുടര്‍ച്ചയായി രണ്ടുതവണ (1975, 76 വര്‍ഷങ്ങളില്‍) രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ഒരേയൊരു മലയാളി പത്രപ്രവര്‍ത്തനാണ്‌. ഈ നാട്‌, മംഗളം തുടങ്ങിയ ദിനപത്രങ്ങളുടെ ആദ്യകാല എഡിറ്റോറിയല്‍ വിഭാഗം മേധാവിയായിരുന്നു. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള രാജ്യത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡ്‌ നേടിയ ആദ്യ മലയാളിയാണ്‌. വാര്‍ത്ത, റിപ്പോര്‍ട്ടിങ്ങ്‌, എഡിറ്റിങ്ങ്‌, സമ്പൂര്‍ണ്ണ പത്രസംവിധാനം തുടങ്ങിയ പത്രപ്രവര്‍ത്തന മേഖലയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ജോയി തിരുമൂലപുരത്തിന്റേതാണ്‌.
Posted on: 23 Jul 2010

നിലമ്പൂരില്‍ മാവോവാദി നേതാവിനെ അറസ്റ്റുചെയ്‌തു
മലപ്പുറം : നിലമ്പൂരില്‍ മാവോവാദി നേതാവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. തൃക്കാക്കര സ്വദേശി സിനിക്‌ എന്ന ബേബിയെയാണ്‌ നിലമ്പൂരിലെ കരുളായി പാട്ടക്കരിമ്പ്‌ ആദിവാസി കോളനിയില്‍ നിന്നും പൊലീസ്‌ ഇന്നലെ അറസ്റ്റു ചെയ്‌തത്‌. ഇയാള്‍ നേരത്തെ `പോരാട്ടം' എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മാവോവാദികളുടെ പ്രചരണവിഭാഗത്തിന്റെ ചുമതലയുള്ള ഇയാള്‍ തേന്‍ കച്ചവടക്കാരനെന്ന വ്യാജേനയാണ്‌ ആദിവാസിക്കോളനിയിലെത്തിയത്‌.
Posted on: 23 Jul 2010


വഴിയോരയോഗ റിവ്യൂ ഹര്‍ജി: പിന്മാറില്ലെന്ന്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍
കൊച്ചി : വഴിയോരത്തെ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പിന്മാറില്ല. റിവ്യൂ ഹര്‍ജി കേള്‍ക്കേണ്ടത്‌ ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്‌ജി തന്നെയാണെന്നും റിവ്യൂ ഹര്‍ജിയില്‍ നിന്ന്‌ ഒഴിവാകില്ലെന്നും ഇന്നു രാവിലെ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ വിധി പ്രഖ്യാപിച്ചത്‌. പൊതുനിരത്തിലെ യോഗങ്ങള്‍ ജനങ്ങള്‍ക്ക്‌ ഒരുപാട്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട എന്നും ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

റോഡരികില്‍ പൊതുയോഗം നടത്തുന്നത്‌ നിരോധിച്ചതിനെതിരേ റിവ്യൂ ഹര്‍ജി പരിഗണനയിലുണ്ടെന്നറിഞ്ഞിട്ടും സ്വന്തം ഉത്തരവിനെ ന്യായീകരിച്ച്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നും ജസ്റ്റിസ്‌ രാമചന്ദ്രന്‍നായരെ മാറ്റിനിര്‍ത്തണമെന്നും ഹര്‍ജി അദ്ദേഹമുള്‍പ്പെടാത്ത മറ്റൊരു ബഞ്ചിലേക്ക്‌ വിടുന്ന കാര്യം പരിഗണിക്കാന്‍ ചീഫ്‌ ജസ്റ്റിസിന്‌ വിടണമെന്നുമാവശ്യപ്പെട്ട്‌ സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഉപഹര്‍ജി ഫയല്‍ ചെയ്‌തത്‌. നീതിന്യായവ്യവസ്ഥയുടെ മൂല്യം കാത്തുസൂക്ഷിക്കാനായി സുപ്രീം കോടതി അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ ലംഘിച്ചു എന്ന്‌ സര്‍ക്കാര്‍ ഉപഹര്‍ജിയില്‍ പരാതിപ്പെട്ടു.

നിതിന്യായവ്യവസ്ഥയുടെ മൂല്യം കാത്തുസൂക്ഷിക്കാനായി 1997 മെയ്‌ 7ന്‌ സുപ്രീം കോടതി ഫുള്‍കോര്‍ട്ട്‌ അംഗീകരിച്ച 16 വ്യവസ്ഥകളില്‍ ഒരു വ്യവസ്ഥ ജഡ്‌ജിമാരുടെ പരസ്യ അഭിപ്രായപ്രകടനങ്ങളെ സംബന്ധിച്ചുള്ളതാണ്‌. കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിക്കു മുന്നിലെത്താന്‍ സാധ്യതയുള്ളതോ ആയ കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ, പൊതുവേദിയില്‍ സ്വന്തം അഭിപ്രായപ്രകടനങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നാണ്‌ പ്രസ്‌തുത വ്യവസ്ഥ.
Posted on: 23 Jul 2010

അഭയക്കേസ്‌ : രാസപരിശോധനാലാബില്‍ രേഖകള്‍ തിരുത്തി
തിരുവനന്തപുരം : അഭയക്കേസില്‍ രാസപരിശോധന നടത്തിയ ലാബിലെ വര്‍ക്ക്‌ രജിസ്റ്ററില്‍ തിരുത്തലുകള്‍ നടന്നിട്ടുണ്ടെന്ന്‌ മൊഴി. വര്‍ക്ക്‌ രജിസ്റ്റര്‍ പരിശോധിച്ച ഹൈദരാബാദ്‌ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലെ മുന്‍ അസിസ്റ്റന്റ്‌ കെമിക്കല്‍ എക്‌സാമിനര്‍ വൈ.സൂര്യപ്രസാദാണ്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മൊഴി നല്‍കിയത്‌. രാസപരിശോധനാ ലാബിലെ ഉദ്യോഗസ്ഥകളായ ആര്‍.ഗീത, എം.ചിത്ര എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ ആന്തരായവ പരിശോധനാ ഫലം രേഖപ്പെടുത്തിയ രജിസ്റ്ററില്‍ എട്ടോളം സ്ഥലങ്ങളില്‍ തിരുത്തല്‍ നടത്തിയിട്ടുണ്ടെന്നാണ്‌ മൊഴി. പോസിറ്റീവ്‌ എന്നെഴുതിയത്‌ വെട്ടി നെഗറ്റീവ്‌ എന്നാക്കി. ഇരുവരുടെയും കൈയ്യക്ഷരം തന്നെയാണ്‌ രജിസ്റ്ററിലുള്ളതെന്നും സൂര്യപ്രസാദ്‌ മൊഴി നല്‍കി. കേസ്‌ സപ്‌തംബര്‍ 2ന്‌ വീണ്ടും പരിഗണിക്കും.
Posted on: 23 Jul 2010


എ.ശ്രീധരമേനോന്‍ അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ ചരിത്രകാരനായ ആലപ്പാട്ട്‌ ശ്രീധരമേനോന്‍ എന്ന പ്രൊഫ.എ.ശ്രീധരമേനോന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്ത്‌ ജവഹര്‍നഗറിലെ വസതിയില്‍ ഇന്നലെ രാവിലെ ആറ്‌ മണിയോടെയാണ്‌ അന്ത്യം സംഭവിച്ചത്‌. അദ്ധ്യാപകനായിരുന്ന ശ്രീധരമേനോന്‍ കേരളചരിത്രത്തെക്കുറിച്ച്‌ ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്‌ കേരളത്തിന്റെ ചരിത്രപഠനത്തില്‍ കൂടുതലും ഉപയോഗിക്കപ്പെടുന്നത്‌. സാഹിത്യത്തിലും വിദ്യാഭ്യാസമേഖലയിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 2009ല്‍ അദ്ദേഹത്തിന്‌ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. സരോജിനി ദേവിയാണ്‌ ഭാര്യ. പൂര്‍ണിമ, സതീഷ്‌ കുമാര്‍ എന്നിര്‍ മക്കളാണ്‌. സംസ്‌കാരം നാളെ രാവിലെ 10.30ന്‌ തൈക്കാട്‌ ശ്‌മശാനത്തില്‍ നടക്കും.
Posted on: 23 Jul 2010

കൈവെട്ടിയ സംഭവം: മൂന്നു പേര്‍ കൂടി അറസ്റ്റില്‍

ആലുവ: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി യൂനസിന്റെ കൂട്ടാളിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി കോതമംഗലം സ്വദേശി ഷിയാസ്, പോപ്പുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി മൂവാറ്റുപുഴ സ്വദേശി മുഹമ്മദാലി, ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനും ആലുവ ഹിബ ജ്വല്ലറി ഉടമയുമായ അയൂബിനെയും മൊയ്തീനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ അയൂബിന്റെ വീട്ടില്‍ ജൂലായ് എട്ടിന് രാത്രി നടന്ന റെയ്ഡില്‍ തോക്ക് കണ്ടെടുത്തിരുന്നു. ഇയാള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടിനും പോലീസ് കേസെടുത്തിട്ടുണ്ട്. പുത്തന്‍പുഴയിലെ ഒരുവീട്ടില്‍ കഴിഞ്ഞയാഴ്ച പണവുമായെത്തിയ അഞ്ചംഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. മുഹമ്മദാലി യും ഈ സംഘത്തിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ മൂവാറ്റുപുഴ ഡിവിഷന്‍ പ്രസിഡന്റ് യൂനസിന്റെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. യൂനസ്‌ ഏര്‍പ്പെടുത്തിയ മൂന്നംഗസംഘവും പോലീസ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട്‌ നാസര്‍ ഏര്‍പ്പെടുത്തിയവരും ചേര്‍ന്നാണ്‌ അധ്യാപകന്റെ കൈവെട്ടിയത്‌. സംഭവത്തില്‍ നേരിട്ടു പങ്കെടുത്തത്‌ ഏഴുപേരാണെന്നു യൂനസ്‌ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
Posted on: 22 Jul 2010


മഅദനിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 29ന് വീണ്ടും പരിഗണിക്കും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദു ന്നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 29 ലേക്ക് മാറ്റി. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കവേ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി 29 ലേക്ക് മാറ്റിയത്. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി ജൂലായ് 9ന് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ മഅദനിക്ക് ജാമ്യം നല്‍കുന്നതില്‍ സര്‍ക്കാര്‍ നിലപാട് ഒരാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് ഉത്തരവിട്ടിരുന്നു.അതിവേഗ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച അഡ്വ. പി. ഉസ്മാന്‍ തന്നെയാണ് ഹൈക്കോടതിയിലും മഅദനിക്കു വേണ്ടി ഹാജരായത്. കുറ്റപത്രത്തില്‍ തനിക്കെതിരെ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നവയല്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മഅദനിയുടെ ആവശ്യം.
Posted on: 22 Jul 2010

കൊച്ചി മെട്രോ: പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റയില്‍വേയുടെ കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയുണ്ടെന്ന് ഡല്‍ഹി മെട്രോ റയില്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. ഡല്‍ഹി മാതൃകയില്‍ സംസ്ഥാന-കേന്ദ്ര പങ്കാളിത്തോടെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആസൂത്രണകമ്മീഷന്റെ രേഖാമൂലമുള്ള ഉറപ്പ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശ്രീധരനും വി.എസ് അച്യുതാനന്ദനും കേന്ദ്ര നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Posted on: 22 Jul 2010


കൈയേറ്റവും  കുടിയൊഴിപ്പിക്കലും
സുപ്രീംകോടതി മാതൃകാപരമായി ഇടപെടുന്നു.


ഭരണകൂടങ്ങള്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന ഭൂമി കൈയേറ്റവും തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കല്‍ പദ്ധതികളിലും സുപ്രീംകോടതി  ശക്തമായി ഇടപെടുന്നു. മനുഷ്യ ജീവനുകള്‍ക്കും അവന്റെ ജീവിത സ്വാതന്ത്ര്യത്തിനും ആവശ്യമായ നിയമങ്ങളെയെല്ലാം നിഷ്പ്രഭമാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി, ചൂഷണത്തിന് വിട്ടു കൊടുക്കുകയും മണ്ണിന്റെ ഉടമസ്ഥരെ പുനരിധിവസിപ്പിക്കാതെ മനുഷ്യത്വം ചവിട്ടി മെതിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. നക്‌സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമായ ഒറീസയിലെ സുന്ദര്‍ഗഢില്‍ നിന്ന് ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും ആവശ്യമായ നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ ഇടപെടല്‍. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ പരമോന്നത കോടതിയുടെ  ഉത്കണ്ഠ പ്രകടമായ പരാമര്‍ശം ഇങ്ങിനെ  "ദശലക്ഷക്കണക്കായ പൗരന്മാര്‍ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്‍പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? " -കോടതി ചോദിച്ചു.ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമ്മീഷന്‍ രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

വികലമായ കാഴ്ചപ്പാടിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന  വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്ന മനുഷ്യ സമൂഹത്തോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നീതിയുക്തമായി നടപ്പാക്കണമെന്ന താല്‍പര്യമില്ലായ്മ - ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമനിര്‍മാണസഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ സത്യമായി ഭവിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. മുഖ്യധാര മാദ്ധ്യമങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം നടത്തുന്ന നിയമങ്ങളുടെ ഭാഗികമായ നടപ്പിലാക്കല്‍ മാത്രമാണ് പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ അരങ്ങേറാറുള്ളത്. ഇത്തരം മാദ്ധ്യമങ്ങളുടെ ശ്രദ്ധ പ്രസ്തുത വിഷയത്തില്‍ നിന്ന്  മറ്റൊരു ആനുകാലിക വിഷയത്തിലേക്ക് മാറിയാല്‍ അവിടെ അവസാനിക്കും നിയമങ്ങളുടെ നടപ്പിലാക്കല്‍ പ്രക്രിയ.!!  വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യ ജീവികളോടും ഇതര പ്രകൃതിയോടും ജീവ ജാലങ്ങളോടും ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ മാനുഷിക നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. സ്‌കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കല്‍ നേരത്ത്, കുടിയിറക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. ഭൂമി ഏറ്റെടുക്കല്‍ കഴിഞ്ഞാല്‍, അര്ഹതയുള്ളവനെ  കൊഞ്ഞനംകുത്തി വാഗ്ദാനങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു തുടങ്ങും. ഇതിനൊക്കെ പുറമെയാണ്  ഇത്തരം പ്രദേശത്ത് രാസ മാലിന്യങ്ങളും മറ്റു അപകടകരമായ വിഷ വസ്തുക്കളും  പുറം തള്ളുന്ന സ്ഥാപനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും  മലിനീകരണവും സൃഷ്ടിക്കുന്നത്. മനുഷ്യര്‍ എങ്ങിനെ തീവ്ര വാദികള്‍ ആകാതിരിക്കണം? ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും അങ്ങിനെ ആയി പോയാല്‍ ഭരണകൂടങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും? വികസനത്തിന്റെയും സാമ്പത്തികവളര്‍ച്ചയെയും (?!!!) ചൂണ്ടി കാണിച്ചു ഭരണകൂടങ്ങള്‍ നടത്തുന്ന നീക്കങ്ങളോടുള്ള സാമൂഹിക എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച്  വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതാണ്‌ സുപ്രീം കോടതിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരം ചര്‍ച്ചകളും പഠനങ്ങളും സൂക്ഷ്മ ഗവേഷണത്തിനു എടുക്കേണ്ട ചിലത് : ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കും മനുഷ്യവികസനസൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്‍പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ?!!! കുടിയോഴിപ്പിക്കപ്പെടുന്ന പാവം മനുഷ്യജീവികളുടെ പ്രശ്നത്തില്‍ അല്പം വൈയ്കിയാണെങ്കിലും പരമോന്നത കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു കഴിഞ്ഞു. ഇനിയും ആരോഗ്യകരമായ ചര്‍ച്ച മുഖ്യധാര മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും സാംസ്കാരിക  രാഷ്ട്രീയ രംഗങ്ങളും ആരംഭിച്ചില്ലങ്കില്‍, ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു ഭരണകൂടത്തിനും രാജ്യത്തിനും ഭീഷണി ഉയര്‍ത്തുന്നവിധം ശക്തി സമാഹരിക്കുന്ന  രാഷ്ട്രീയ-മത- ജാതി തീവ്രവാദിക രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന കാലം അതിവിദൂരമല്ല . മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവരെ വളര്‍ത്താതിരിക്കാന്‍ അടിച്ചൊതുക്കല്‍ അല്ല ആവശ്യം. അത് പരിഹാരവും അല്ല.  ഇവര്‍ ചൂണ്ടി കാണിക്കുന്ന വിഷയങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ ജനാധിപത്യപരമായി ഏറ്റെടുക്കണം. പരിഹാരം കാണണം. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഇതൊക്കെ ആവര്‍ത്തിക്കാതിരിക്കാന്‍  ഇത്തരം വിഷയങ്ങള്‍ മുഖ്യധാര ജനാധിപത്യപരമായി ഏറ്റെടുക്കണം.
Posted on: 22 Jul 2010


കൈവെട്ട്‌ കേസ്‌: മുഖ്യപ്രതി പിടിയിലായി
മൂവാറ്റുപുഴ : തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി യൂനസ്‌ പൊലീസ്‌ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട്‌ ഡിവിഷന്‍ ഭാരവാഹിയും പരിശീലകനുമായ യൂനസ്‌ സംഭവത്തിന്റെ സൂത്രധാരനാണെന്നാണ്‌ പൊലീസ്‌ നിഗമനം. കൈവെട്ടുസംഭവത്തിനുശേഷം യൂനസിന്റെ കാറിലാണ്‌ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്‌. തമിഴ്‌നാട്ടിലെ നാഗൂരില്‍ നിന്ന്‌ പാലക്കാട്ടേക്ക്‌ വരുമ്പോഴാണ്‌ ഇയാള്‍ പൊലീസ്‌ പിടിയിലായതെന്നാണ്‌ സൂചന. എസ്‌.പി.ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം യൂനസിനെ ചോദ്യം ചെയ്‌തുവരികയാണ്‌. യൂനസിന്റെ അറസ്റ്റ്‌ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായേക്കും.
Posted on: 21 Jul 2010



അട്ടപ്പാടി ഭൂമികയ്യേറ്റം : പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടി. കോണ്‍ഗ്രസ്സില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിയത്‌. കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ 230 ഏക്കര്‍ സ്ഥലം വേണ്ടിടത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ 400 ഏക്കര്‍ സ്ഥലമാണ്‌ തട്ടിയെടുത്ത്‌ കമ്പനിയ്‌ക്ക്‌ നല്‍കിയതെന്ന്‌ തിരുവഞ്ചൂര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പ്രോജക്ട്‌ ഓഫീസര്‍ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രശ്‌നം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ വീഴ്‌ച വരുത്തിയെന്ന്‌ കണ്ടാല്‍ നടപടിയെടുക്കുമെന്നും പിന്നോക്ക ക്ഷേമമന്ത്രി എ.കെ.ബാലന്‍ മറുപടി നല്‍കി. രജിസ്‌ട്രേഷന്‍ വകുപ്പില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി എസ്‌.ശര്‍മ്മയും അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസഭാസമിതി അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റം നടന്നുവെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ ഷോളയാര്‍ താലൂക്കിലെ കാറ്റാടിയന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ മറുപടിയെത്തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Posted on: 21 Jul 2010


വഞ്ചിനാട്‌ എക്‌സ്‌പ്രസിലെ സ്‌ഫോടകവസ്‌തു
പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
മാവേലിക്കര : വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ സ്‌ഫോടകവസ്‌തു കണ്ടെടുത്തതുമായി ബന്ധപ്പെട്ട്‌ പ്രതിയെന്ന്‌ സംശയിക്കപ്പെടുന്ന ആളിന്റെ രേഖാചിത്രം കോട്ടയം റെയില്‍വേ പോലീസ്‌ പുറത്തുവിട്ടു. ട്രെയിനില്‍ യാത്രചെയ്‌തിരുന്നവരെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളനുസരിച്ചാണ്‌ പോലീസ്‌ രേഖാചിത്രം തയ്യാറാക്കിയത്‌. എറണാകുളത്തിനും കോട്ടയത്തിനും ഇടയിലാണ്‌ സ്‌ഫോടകവസ്‌തു ട്രെയിനില്‍ വെച്ചതെന്നാണ്‌ പോലീസിന്റെ നിഗമനം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ അറുപത്തിയെട്ടാം നമ്പര്‍ സീറ്റിലായിരുന്നു സ്‌ഫോടകവസ്‌തുക്കളായ നിയോജല്‍, ഫ്യൂസ്‌വയര്‍ തുടങ്ങിയവ പൊതിഞ്ഞുവച്ച നിലയില്‍ കണ്ടെത്തിയത്‌. ഈ സീറ്റിന്‌ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന ആളെയാണ്‌ സംശയിക്കുന്നത്‌.
Posted on: 21 Jul 2010



സുനാമി പുനരധിവാസം : പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം : സുനാമി പുനരധിവാസ പദ്ധതി നടത്തിപ്പില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പദ്ധതിയുടെ ഫണ്ട്‌ വകമാറ്റി ചെലവഴിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും പി.സി.ജോര്‍ജ്ജ്‌ അടിയന്തിരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. 12000 വീടുകള്‍ നിര്‍മ്മിക്കേണ്ടിടത്ത്‌ 4657 വീടുകള്‍ മാത്രമാണ്‌ ഉണ്ടാക്കിയതെന്ന്‌ പി.സി.ജോര്‍ജ്ജ്‌ ആരോപിച്ചു. സുനാമി ഫണ്ട്‌ വകമാറ്റി ചെലവഴിക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഏഴായിരത്തിലധികം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും നവംബറോടെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി പറഞ്ഞ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഫണ്ട്‌ വകമാറ്റിയെന്ന്‌ ആരോപിച്ച്‌ നടത്തുന്ന വിജിലന്‍സ്‌ അന്വേഷണം എവിടെവരെയായെന്ന്‌ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി സഭയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മറുപടി. 2007ല്‍ അഞ്ചുതെങ്ങില്‍ കത്തിനശിച്ച വീടുകള്‍ക്ക്‌ സുനാമി ഫണ്ടില്‍ നിന്നും തുക അനുവദിച്ചതും വകമാറ്റി ചെലവഴിക്കലല്ലേയെന്നായി പ്രതിപക്ഷനേതാവ്‌. ഇക്കാര്യം അന്വേഷണവിധേയമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇതിനെച്ചൊല്ലി ഭരണ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ റവന്യൂമന്ത്രിയുടെ മറുപടി തൃപ്‌തികരമാണെന്നു കാണിച്ച്‌ സ്‌പീക്കര്‍ അടിയന്തിര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.
Posted on: 20 Jul 2010


പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്‌
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരായ നൗഷാദിനും റെനീഷിനുമെതിരേ പൊലീസ്‌ രാജ്യദ്രോഹക്കുറ്റത്തിന്‌ കേസെടുത്തു. തീവ്രവാദ ആശയങ്ങളടങ്ങിയ പുസ്‌തകങ്ങള്‍ കൈവശം വയ്‌ക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതിനാണ്‌ കേസെടുത്തിരിക്കുന്നത്‌. ലഷ്‌കര്‍ തീവ്രവാദിയായ സര്‍ഫ്രാസ്‌ നവാസ്‌ എഴുതിയ ലഘുരേഖയും ജിഹാദ്‌ എന്ന പുസ്‌തകവും ഇവരുടെ വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ പൊലീസിന്‌ ലഭിച്ചിരുന്നു. നൗഷാദിന്റെ വീട്ടില്‍ നിന്നാണ്‌ സര്‍ഫ്രാസ്‌ നവാസ്‌ എഴുതിയ ലഘുരേഖ കിട്ടിയത്‌. ജിഹാദ്‌ എന്ന പുസ്‌തകം റെനീഷിന്റെ വീട്ടില്‍ നിന്നുമാണ്‌ പൊലീസിന്‌ ലഭിച്ചത്‌. പുസ്‌തകപ്രസാധകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്‌.
Posted on: 20 Jul 2010


കൊച്ചിയില്‍ സ്വകാര്യബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു
കൊച്ചി : ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയില്‍ പത്തടിപ്പാലത്ത്‌ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. കെ.എസ്‌.ഇ.ബി. ജീവനക്കാരനായ ജയപ്രകാശാണ്‌ മരിച്ചത്‌. രാവിലെ 9.30ഓടെ ആലുവയിലേക്ക്‌ പോവുകയായിരുന്ന ബസ്സാണ്‌ അപകടത്തില്‍ പെട്ടത്‌. നിയന്ത്രണം വിട്ടുവന്ന വാട്ടര്‍ ടാങ്കര്‍ ലോറി ബസ്സിലിടിച്ചതിനേത്തുടര്‍ന്ന്‌ ബസ്സ്‌ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌.
Posted on: 20 Jul 2010

കോട്ടയ്‌ക്കല്‍ ശിവരാമന്‍ അന്തരിച്ചു
പാലക്കാട്‌ : പ്രശസ്‌ത കഥകളി നടന്‍ കോട്ടയ്‌ക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പാലക്കാട്‌ കാറല്‍മണ്ണയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തേത്തുടര്‍ന്ന്‌ ശരീരം തളര്‍ന്ന്‌ ചികിത്സയിലായിരുന്നു. നളചരിതത്തിലെ ദമയന്തിയുള്‍പ്പെടെ സ്‌ത്രീകഥാപാത്രങ്ങളുടെ അവതരണത്തിലൂടെ കഥകളിയരങ്ങില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ കളിയരങ്ങിലെ സ്‌ത്രീരത്‌നം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കലാമണ്ഡലം ഗോപിയുടെ നളവേഷത്തോടൊപ്പമുള്ള ശിവരാമന്റെ ദമയന്തി കഥകളി ആസ്വാദകര്‍ക്ക്‌ മറക്കാനാവാത്ത അനുഭവമായിരുന്നു. 2009ലെ സംസ്ഥാന സര്‍ക്കാര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം അവാര്‍ഡ്‌, കലാമണ്ഡലത്തിന്റെ പ്രഥമ കലാരത്‌നം അവാര്‍ഡ്‌, കേന്ദ്ര-കേരള സംഗീത നാടകി അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്‌, നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ജെ.ടി.പാര്‍ക്ക്‌ ഫൗണ്ടേഷന്റെ കഥകളി ഫെല്ലോഷിപ്പ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. മരണസമയത്ത്‌ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഉച്ചയ്‌ക്ക്‌ 2.30ന്‌ വീട്ടുവളപ്പില്‍ നടക്കും.
Posted on: 20 Jul 2010


കണ്ടല്‍പാര്‍ക്ക്‌ : പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം : പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക്‌ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടി. എന്നാല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക്‌ കൈമാറിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ മറുപടി നല്‍കി. പാര്‍ക്കിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച വിദഗ്‌ദ്ധസമിതി രണ്ടുദിവസത്തിനുള്ളില്‍ പാര്‍ക്ക്‌ സന്ദര്‍ശിച്ച്‌ കേന്ദ്രസര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയേത്തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

പാര്‍ക്ക്‌ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ്‌ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. എല്ലാക്കാര്യത്തിലും പരിസ്ഥിതിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്ന വനംമന്ത്രി ബിനോയ്‌ വിശ്വം ഇക്കാര്യത്തില്‍ നിശബ്‌ദത പാലിക്കുകയാണ്‌. വീടുനിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു നേരെ തീരദേശ പരിപാലന നിയമം ഉയര്‍ത്തി തടസ്സം നില്‍ക്കുന്ന സര്‍ക്കാര്‍, നിയമം ലംഘിക്കുന്ന പാര്‍ക്കിന്‌ അനുമതി നല്‍കിയത്‌ നാണക്കേടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 19 Jul 2010


അതിരപ്പള്ളി പദ്ധതി കേന്ദ്രം തടസ്സപ്പെടുത്തുന്നു - എ.കെ.ബാലന്‍
തിരുവനന്തപുരം : അതിരപ്പള്ളി, പൂയംകുട്ടി പദ്ധതികള്‍ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രനീക്കമെന്ന്‌ വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞു. നിലവില്‍ മൂന്നു പരിസ്ഥിതി സമിതികളുടെ അംഗീകാരം അതിരപ്പള്ളി പദ്ധതിക്ക്‌ ലഭിച്ചിട്ടുള്ളതാണ്‌. എന്നിട്ടും പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ ഗാഡ്‌ഗില്‍ കമ്മറ്റിയെ നിയോഗിച്ച തീരുമാനം തെറ്റാണ്‌. ഗാഡ്‌ഗില്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ പദ്ധതിയോടെതിര്‍പ്പുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളുടെയും വൈദ്യുതനിലയങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. കേരളത്തിലെ അണക്കെട്ടുകള്‍ക്ക്‌ തീവ്രവാദ സംഘടനകളുടെയും എല്‍.ടി.ടി.ഇ ഉള്‍പ്പെടെയുള്ള ചില സംഘടനകളുടെയും ഭീഷണി ഉണ്ടെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്‌. അതിനാല്‍ എല്ലാ പ്രധാന അണക്കെട്ടുകള്‍ക്കും വൈദ്യുത നിലയങ്ങള്‍ക്കും പൂര്‍ണ്ണസമയ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഐ.ജി.റാങ്കിലുള്ള ഒരു ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍, പൊലീസ്‌ സൂപ്രണ്ട്‌, രണ്ട്‌ ഡപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘം സമയാസമയങ്ങളില്‍ അണക്കെട്ടുകളും വൈദ്യുതനിലയങ്ങളും സന്ദര്‍ശിക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Posted on: 19 Jul 2010


നികേഷ്‌കുമാര്‍ ഇന്ത്യാവിഷന്‍ വിട്ടു
കൊച്ചി : ഇന്ത്യാവിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും എക്‌സിക്യൂട്ടീവ്‌ എഡിറ്ററുമായ എം.വി നികേഷ്‌കുമാര്‍ ചാനലില്‍ നിന്ന്‌ വിടവാങ്ങി. കൊച്ചിയില്‍ നടന്ന ഇന്ത്യാവിഷന്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തകര്‍ നികേഷ്‌കുമാറിന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി. ഇന്ത്യാവിഷന്റെ ചരിത്രത്തെ മാത്രമല്ല, മലയാള ടെലിവിഷന്‍ വാര്‍ത്താചരിത്രത്തെ തന്നെ നിര്‍ണയിച്ച മാധ്യമപ്രവര്‍ത്തകനാണ്‌ നികേഷ്‌കുമാര്‍ എന്ന്‌ ചെയര്‍മാന്‍ ഡോ. മുനീര്‍ പറഞ്ഞു. നികേഷിനുള്ള മാനേജ്‌മെന്റിന്റെ ഉപഹാരം ഡോ. എം.കെ. മുനീറും സഹപ്രവര്‍ത്തകരുടെ ഉപഹാരം പ്രോഗ്രാം കണ്‍സള്‍ട്ടന്റ്‌ എ സഹദേവന്‍, ന്യൂസ്‌ എഡിറ്റര്‍ പ്രിയാ രവീന്ദ്രന്‍ എന്നിവരും സമ്മാനിച്ചു.
Posted on: 19 Jul 2010


പശ്ചിമബംഗാളില്‍ ട്രെയിനുകള്‍
കൂട്ടിയിടിച്ച്‌ 50 മരണം

സയിന്തിയ : പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 50 പേര്‍ മരിച്ചു. 170 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്‌. പുലര്‍ച്ചെ രണ്ടുമണിയോടെ ബിര്‍ഭും ജില്ലയിലെ സയിന്തിയ സ്റ്റേഷനിലാണ്‌ സംഭവം. പുറപ്പെടാന്‍ തയ്യാറായിക്കിടന്നിരുന്ന റാഞ്ചി വനാഞ്ചല്‍ എക്‌സ്‌പ്രസ്സില്‍ അതേ പ്ലാറ്റ്‌ഫോമിലൂടെ എത്തിയ ഉത്തര്‍ബംഗാ എക്‌സ്‌പ്രസ്‌ ഇടിക്കുകയായിരുന്നു. രാത്രി 8.54ന്‌ പുറപ്പെടേണ്ട വനാഞ്ചല്‍ എക്‌സ്‌പ്രസ്‌ അഞ്ച്‌ മണിക്കൂര്‍ വൈകി യാത്ര പുറപ്പെടാന്‍ തുടങ്ങവേയാണ്‌ സംഭവം. ഈ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ഉത്തര്‍ബംഗ എക്‌സ്‌പ്രസ്‌ അമിതവേഗത്തിലാണ്‌ എത്തിയത്‌. ഇടിയുടെ ആഘാതത്തില്‍ ഒരു കോച്ച്‌ സ്റ്റേഷനിലെ മേല്‍പ്പാലത്തിന്‌ മുകളിലേക്ക്‌ തെറിച്ചുപോയി. വനാഞ്ചല്‍ എക്‌സ്‌പ്രസ്സിന്റെ രണ്ട്‌ ജനറല്‍ കോച്ചുകളും ലഗേജ്‌ വാനും പൂര്‍ണ്ണമായും തകര്‍ന്നു. ഉത്തര്‍ബംഗാ എക്‌സ്‌പ്രസിന്റെ ഡ്രൈവറും അസിസ്റ്റന്റ്‌ ഡ്രൈവറും വനാഞ്ചല്‍ എക്‌സ്‌പ്രസിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 49 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്‌. മരണസംഖ്യ ഉയര്‍ന്നേക്കും. രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ചു കമ്പനി ബി.എസ്‌.എഫിനെ നിയോഗിച്ചിട്ടുണ്ട്‌.

അപകടത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ സുരക്ഷാ കമ്മീഷണര്‍ ആര്‍.പി.യാദവിനെ ചുമതലപ്പെടുത്തിയതായി കിഴക്കന്‍ റയില്‍വേ ജനറല്‍ മാനേജര്‍ വി.എന്‍.ത്രിപാഠി അറിയിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ - സിയല്‍ധാ: 03323503535, 03323503537. മാല്‍ഡ: 06436222061, ജമല്‍പ്പൂര്‍: 0634443101, ഭഗല്‍പ്പൂര്‍: 064124222433
Posted on: 19 Jul 2010

അതിരപ്പള്ളി : അന്തിമതീരുമാനം ഗാഡ്‌കില്‍ കമ്മറ്റിയ്‌ക്ക്‌
ന്യൂഡല്‍ഹി : അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച്‌ അന്തിമതീരുമാനം മാധവ്‌ ഗാഡ്‌കില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ . പദ്ധതിയ്‌ക്കുവേണ്ടി നടത്തിയ കൂടിക്കാഴ്‌ചയില്‍ വൈദ്യുതിമന്ത്രി എ.കെബാലനെ കേന്ദ്രമന്ത്രി ജയറാം രമേശ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. വ്യക്തിപരമായി തനിക്ക്‌ അതിരപ്പള്ളി പദ്ധതിയോട്‌ യോജിപ്പില്ലെങ്കിലും മന്ത്രിയെന്ന നിലയില്‍ വിശദമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ജയറാം രമേശ്‌ പറഞ്ഞു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഗാഡ്‌ഗില്‍ കമ്മറ്റി, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ടി.ബി.ജി.ആര്‍.ഐ എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരേക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും അതിരപ്പള്ളി പദ്ധതിയെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുക.
Posted on: 17 Jul 2010

ട്രെയിന്‍ അട്ടിമറി : എന്‍.ഐ.എയ്‌ക്ക്‌ വിടുന്നതില്‍ എതിര്‍പ്പിലെന്ന്‌ മുല്ലപ്പള്ളി
കോഴിക്കോട്‌ : നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിശ്രമത്തിന്റെ അന്വേഷണം എന്‍.ഐ.എയ്‌ക്ക്‌ വിടുന്ന കാര്യത്തില്‍ എതിര്‍പ്പില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. എന്‍.ഐ.എയ്‌ക്ക്‌ ഇപ്പോള്‍ തന്നെ ജോലിഭാരം അധികമായതിനാലാണ്‌ നിലമ്പൂര്‍ കേസ്‌ എന്‍.ഐ.എയ്‌ക്ക്‌ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന്‌ താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി കോഴിക്കോട്‌ പറഞ്ഞു.
Posted on: 17 Jul 2010

കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിയമലംഘനം : ജയറാം രമേശ്‌
ന്യൂഡല്‍ഹി : പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേശ്‌ പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശത്ത്‌ അനുയോജ്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല. പാര്‍ക്കിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ജയറാം രമേശ്‌ പറഞ്ഞു.
Posted on: 17 Jul 2010

മദ്യപിച്ചെത്തിയ ജവാന്‍
6 പേരെ വെടിവച്ചു കൊന്നു

റാഞ്ചി : ജാര്‍ഖണ്ഡിലെ സരൈകെല ജില്ലയിലെ സുരക്ഷാ ക്യാമ്പില്‍ മദ്യപിച്ചെത്തിയ സി.ആര്‍.പി.എഫ്‌. ജവാന്‍ ആറ്‌ സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. ഹര്‍ബീന്ദര്‍ സിങ്‌ എന്ന ജവാനാണ്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ ബിസാഹു സിങ്‌ ഉള്‍പ്പെടെ 6 പേരെ കൊലപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. നാലുമണിക്കൂറോളം നീണ്ട വെടിവെയ്‌പിനൊടുവില്‍ ഹര്‍ബീന്ദര്‍ സിങിനെ മറ്റൊരു ജവാന്‍ വെടിവച്ചു കൊല്ലുകയും ചെയ്‌തു. സംഭവത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌.
Posted on: 17 Jul 2010

പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തില്‍ മാരകായുധങ്ങള്‍ കണ്ടെത്തി
കാസര്‍കോട്‌ : തൃക്കരിപ്പൂരിലെ പോപ്പുലര്‍ഫ്രണ്ട്‌ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ ബോംബും വടിവാളും ഇരുമ്പുപൈപ്പുകളും ബോംബ്‌ നിര്‍മ്മാണ സാമഗ്രികളും പിടികൂടി. പോപ്പുലര്‍ഫ്രണ്ട്‌്‌ ഓഫീസിന്‌ സമീപത്തെ ശ്‌മശാനത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്‌. ഓഫീസും സമീപത്തെ കെട്ടിടങ്ങളും കഴിഞ്ഞ ദിവസം പോലീസ്‌ പരിശോധിച്ചിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന്‌ കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി ജോസി ചെറിയാന്‍ അറിയിച്ചു.
Posted on: 17 Jul 2010

കൈവെട്ട്‌ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
ആലുവ : തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകന്‍ കെ.എ.അലി ആലുവയില്‍ അറസ്റ്റിലായി. ഇയാളില്‍ നിന്ന്‌ വ്യാജ എസ്‌.എസ്‌.എല്‍.സി. ബുക്കുകളും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്‌. കേസിലുള്‍പ്പെട്ട പ്രതികള്‍ക്കുവേണ്ടി വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന്‌ പൊലീസ്‌ സംശയിക്കുന്നു.
Posted on: 17 Jul 2010

കണ്ടല്‍ പാര്‍ക്ക്‌ പ്രവര്‍ത്തിക്കുമെന്ന്‌ പി.ശശി, തടയുമെന്ന്‌ സുധാകരന്‍
കണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്ന്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശി പറഞ്ഞു. കെ.സുധാകരന്‍ എം.പി.യ്‌ക്ക്‌, കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടാനുള്ളതല്ല പാര്‍ക്കെന്നും ശശി പറഞ്ഞു.

അതേസമയം പാര്‍ക്ക്‌ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന ശശിയുടെ പ്രസ്‌താവന നിയമത്തോടുള്ള വെല്ലുവിളിയാണെന്ന്‌ കെ.സുധാകരന്‍ എം.പി.ആരോപിച്ചു. പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്താണെന്നും ഇത്‌ പുനഃസ്ഥാപിച്ചുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
Posted on: 16 Jul 2010

തെക്കുവടക്ക്‌ അതിവേഗ റയില്‍പാതയ്‌ക്ക്‌ സാധ്യതാപഠനം
ന്യൂഡല്‍ഹി : കേരളത്തില്‍ തെക്കുവടക്ക്‌ അതിവേഗ റയില്‍പാത നിര്‍മ്മിക്കുന്നതു സംബന്ധിച്ച്‌ സാധ്യതാപഠനം നടത്താന്‍ തീരുമാനമായി. ഇതു സംബന്ധിച്ച്‌ ഡല്‍ഹി മെട്രോറയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനുമായി വ്യവസായമന്ത്രി എളമരം കരീം ചര്‍ച്ച നടത്തി. ചര്‍ച്ചയ്‌ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.ശ്രീധരനും പങ്കെടുത്തു. ഒരു കിലോമീറ്ററിന്‌ 70 കോടി രൂപയാണ്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതിക്കാവശ്യമായ പണം എങ്ങനെ കണ്ടെത്താനാവുമെന്നതും സാധ്യതാ പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന്‌ എളമരം കരീം പറഞ്ഞു.
Posted on: 16 Jul 2010


ടാറ്റയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കും
തിരുവന്തപുരം : മൂന്നാറില്‍ ടാറ്റ കൈയ്യേറി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന്‌ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വനഭൂമിയിലെ നോട്ടിഫിക്കേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
Posted on: 16 Jul 2010


മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ മാറ്റിവച്ചു
ബാംഗ്ലൂര്‍ : അബ്‌ദുള്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കര്‍ണാടക ഹൈക്കോടതി അടുത്ത ആഴ്‌ചയിലേക്ക്‌ മാറ്റിവച്ചു. കേരള പൊലീസിന്റെ കൈവശമുള്ള മഅദനിയുടെ യാത്രാരേഖകള്‍ പരിഗണിച്ച്‌ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ്‌ മഅദനിയുടെ ആവശ്യം. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന്‌ ഗൂഡാലോചന നടത്തിയെന്ന കുറ്റം അടിസ്ഥാനമില്ലാത്തതാണെന്നും ഈ വകുപ്പനുസരിച്ച്‌ ഒരാളെ പ്രതിചേര്‍ക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അപേക്ഷയില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ജസ്റ്റിസ്‌ എന്‍.ആനന്ദയാണ്‌ ഹര്‍ജി പരിഗണിച്ചത്‌.
Posted on: 14 Jul 2010

മുല്ലപ്പെരിയാര്‍ : പുതിയ ഡാമിനുള്ള സര്‍വ്വേ പൂര്‍ത്തിയായി
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള വനം സര്‍വെ പൂര്‍ത്തിയായതായി ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. 2009 ഒക്‌ടോബര്‍ മാസം ആരംഭിച്ച സര്‍വെ ജോലികള്‍ കഴിഞ്ഞമാസത്തോടെ പൂര്‍ത്തിയായി. റിവര്‍ സര്‍വ്വേയും പൂര്‍ത്തിയായി. ഭൂജലനിയമം ഫലപ്രദമായി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Posted on: 14 Jul 2010


ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം
ന്യൂഡല്‍ഹി : ഇന്ത്യന്‍ രൂപയെ പ്രതിനിധീകരിക്കുന്ന ചിഹ്നം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. തമിഴ്‌നാട്‌ സ്വദേശിയും മുംബൈ ഐ.ഐ.ടി. വിദ്യാര്‍ത്ഥിയുമായ ഡി. ഉദയകുമാര്‍ രൂപകല്‍പന ചെയ്‌ത ചിഹ്നമാണ്‌ അംഗീകരിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ നടത്തിയ മത്സരത്തിലൂടെ തെരഞ്ഞെടുത്ത അഞ്ച്‌ ചിഹ്നങ്ങളില്‍ നിന്നാണ്‌ ഉദയകുമാര്‍ തയ്യാറാക്കിയ ചിഹ്നം തെരഞ്ഞെടുത്തത്‌. 2.5 ലക്ഷം രൂപ ഉദയകുമാറിന്‌ സമ്മാനമായി ലഭിക്കും. പുതുതായി അച്ചടിക്കുന്ന നോട്ടുകളില്‍ ഈ ചിഹ്നം ഉള്‍പ്പെടുത്തും. ഇതോടെ സ്വന്തമായി ചിഹ്നമുള്ള അമേരിക്കന്‍ ഡോളര്‍, യൂറോ, ജാപ്പനീസ്‌ യെന്‍ തുടങ്ങിയ കറന്‍സികളുടെ നിരയിലേക്ക്‌ ഇന്ത്യന്‍ രൂപയുമെത്തി.
Posted on: 14 Jul 2010


ഇന്ധനവില പുതുക്കുന്നതിനുള്ള യോഗം മാറ്റിവച്ചു
ന്യൂഡല്‍ഹി : ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിനായി ഇന്ന്‌ ചേരാനിരുന്ന അവലോകനയോഗം മാറ്റിവച്ചു. അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയും ഉല്‍പാദനച്ചെലവും കണക്കാക്കി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള യോഗമാണ്‌ മാറ്റിവച്ചത്‌. ഈ മാസം അവസാനമേ ഇനി യോഗം നടക്കൂ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പെട്രോളിയം നയമനുസരിച്ച്‌ ഓരോ എണ്ണക്കമ്പനിക്കും സ്വന്തം വില നിശ്ചയിക്കാം. എന്നാല്‍ ഭാരത്‌ പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന്‌ ഒരേവില നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
Posted on: 14 Jul 2010


ഫ്രീഡം പരേഡ്‌ തടയും
കൊച്ചി : തീവ്രവാദബന്ധം സംശയിക്കപ്പെട്ട സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ആഗസ്‌ത്‌ 15ന്‌ നടത്താറുള്ള ഫ്രീഡം പരേഡ്‌ പൊലീസ്‌ തടയും. പരേഡിന്റെ സായുധ പരിശീലനം നിര്‍ത്തിവയ്‌ക്കാന്‍ എറണാകുളം റൂറല്‍ പൊലീസ്‌ നോട്ടീസ്‌ നല്‍കി. അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവവും, സ്‌ഫോടക വസ്‌തുശേഖരവും തീവ്രവാദബന്ധം സൂചിപ്പിക്കുന്ന രേഖകളും പിടികൂടിയതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഫ്രീഡം പരേഡ്‌ അനുവദിക്കാനാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്നാണ്‌ പൊലീസ്‌ നിലപാട്‌. പൊലീസ്‌ ആക്ടിലെ 18 (എ) വകുപ്പനുസരിച്ചാണ്‌ പരേഡ്‌ തടഞ്ഞുകൊണ്ടുള്ള നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.
Posted on: 13 Jul 2010


പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം:
സര്‍ക്കാരുകള്‍ നിലപാടറിയിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിനെയും എസ്‌.ഡി.പി.ഐ.യെയും നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കളമശ്ശേരി സ്വദേശി ഗിരീഷ്‌ ആണ്‌ രണ്ടു സംഘടനകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്‌. പോപ്പുലര്‍ ഫ്രണ്ടും എസ്‌.ഡി.പി.ഐ.യും രാഷ്‌ട്രീയ ക്ഷികളാണോയെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
Posted on: 13 Jul 2010

ഇന്ധന വില വര്‍ദ്ധന: ബസ്‌ ഉടമകള്‍ സമരത്തിന്‌
തിരുവനന്തപുരം : ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ ബസ്സുടമകള്‍ സമരത്തിനൊരുങ്ങുന്നു. തിരുവനന്തപുരത്ത്‌ ഇന്നു ചേര്‍ന്ന ബസ്സുടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി ഇതു സംബന്ധിച്ച തീരുമാനമെടുത്തു. ഓഗസ്‌റ്റ്‌ ആദ്യവാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങാനാണ്‌ തീരുമാനം. അതിനു മുന്നോടിയായി സൂചനാ പണിമുടക്ക്‌ ഉടന്‍ നടത്തും. ഇന്ധനവില വര്‍ദ്ധനയ്‌ക്ക്‌ ആനുപാതികമായി ബസ്‌ ചാര്‍ജ്ജും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കും വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ബസ്സുടമകളുടെ ആവശ്യം.
Posted on: 13 Jul 2010

പെട്രോള്‍ വില കുറയാന്‍ സാധ്യത
ന്യൂഡല്‍ഹി : പെട്രോള്‍വില ഈ മാസം 15 ന്‌ പുതുക്കുമെന്ന്‌ കേന്ദ്ര പെട്രോളിയം സെക്രട്ടറി എസ്‌.സുന്ദരേശന്‍ അറിയിച്ചു. പെട്രോളിയം വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നും മാറ്റിയതിനുശേഷമുള്ള ആദ്യ അവലോകനയോഗമാണ്‌ 15ന്‌ നടക്കുന്നത്‌. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനവ്‌ ഉടനെയൊന്നും പെട്രോള്‍ വില വര്‍ദ്ധനക്ക്‌ കാരണമാകില്ല. എന്നാല്‍ വില കുറയാന്‍ സാധ്യതയുമുണ്ട്‌. അതേ സമയം ഡീസല്‍ വില കുറയില്ല. എല്‍.പി.ജി. വിതരണം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചതായും സുന്ദരേശന്‍ അറിയിച്ചു.
Posted on: 13 Jul 2010

കൈവെട്ടു കേസില്‍ ഒരാളെക്കൂടി അറസ്റ്റു ചെയ്‌തു
കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട്‌ ഒരാളെക്കൂടി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആലുവ സ്വദേശി അബ്‌ദുള്‍ സലാമിനെയാണ്‌ ഇന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഡിവിഷന്‍ സെക്രട്ടറിയാണ്‌. കൈവെട്ടു സംഭവത്തിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും ഇയാളുടെ വാഹനമാണ്‌ പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ചതെന്നും പൊലീസ്‌ അറിയിച്ചു. പൊലീസ്‌ കസ്റ്റഡിയിലുണ്ടായിരുന്ന ഇയാളെ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.
Posted on: 13 Jul 2010

ഉല്‍പാദനത്തിലും സംഭരണത്തിലുമുള്ള കുറവ്‌ വെല്ലുവിളി : പവാര്‍
ന്യൂഡല്‍ഹി : ഭക്ഷ്യോത്‌പാദനത്തിലും സംഭരണത്തിലുമുള്ള കുറവ്‌ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നുവെന്ന്‌ കേന്ദ്രകൃഷിമന്ത്രി ശരദ്‌ പവാര്‍. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങളെ ശരിയായ രീതിയില്‍ കണ്ടെത്താന്‍ കഴിയാത്തത്‌ പൊതുവിതരണ സമ്പ്രദായം നേരിടുന്ന വെല്ലുവിളിയാണ്‌.

പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. സുരക്ഷിതമല്ലാത്ത രീതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ശരദ്‌ പവാര്‍ പറഞ്ഞു.
Posted on: 13 Jul 2010

പോപ്പുലര്‍ ഫ്രണ്ടിനെതിരേ നാവികസേനാ അന്വേഷണം
കൊച്ചി : നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും മോക്‌ഡ്രില്ലും തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്‌ നിരീക്ഷിച്ചതിനേക്കുറിച്ച്‌ നാവികസേന അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന നേവല്‍ പൊലീസ്‌ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്‌ എം.ആര്‍.അജയകുമാര്‍, പ്രൊമോസ്റ്റ്‌ മാര്‍ഷല്‍ കമാന്‍ഡര്‍ നായിക്‌ എന്നിവര്‍ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിനെ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. നാവികസേനാ എക്‌സിബിഷനും, നാവികസേനയും കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികളും കേരളാ പൊലീസും സംയുക്തമായി നടത്തിയ മോക്‌ഡ്രില്ലും നിരീക്ഷിക്കുകയോ ചര്‍ച്ച ചെയ്‌ത്‌ മിനിട്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം രാജ്യത്തെ ഒരു സംഘടനയ്‌ക്കുമില്ല. അതുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ട്‌ ഇവയെല്ലാം നിരീക്ഷിച്ചത്‌ ദേശീയ താല്‍പര്യത്തിനു നിരക്കുന്നതല്ല. പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ അല്‍ക്വയ്‌ദ - താലിബാന്‍ പരിശീലന സി.ഡി.കള്‍ കണ്ടെടുത്തത്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും റെയ്‌ഡ്‌ ചെയ്‌ത്‌ പിടിച്ചെടുത്ത രേഖകളെക്കുറിച്ചുള്ള വിവരങ്ങളും നേവിയുടെ അന്വേഷണസംഘം ശേഖരിച്ചുതുടങ്ങി. അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്‌ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരുമായും നേവി സംഘം ബന്ധപ്പെട്ടു. അന്വേഷണചുമതല മിലിട്ടറി യൂണീറ്റിന്‌ കൈമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്‌. നേവിക്കെതിരേ പ്രവര്‍ത്തിച്ചവരെ അറസ്റ്റ്‌ അധികാരമുള്ള സി.ബി.ഐ പോലുള്ള ഏജന്‍സികളുടെ സഹായത്തോടെ പിടികൂടാനും സാധ്യതയുണ്ട്‌.
Posted on: 13 Jul 2010

തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ അടിയന്തിരമായി രൂപീകരിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത്‌ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ അടിയന്തിരമായി രൂപവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ചീഫ്‌ സെക്രട്ടറി പി.പ്രഭാകരന്‍, ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ തുടങ്ങിയവരും സംസ്ഥാനത്തെ മറ്റ്‌ ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദബന്ധമുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്‌. തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ രൂപീകരണത്തിനു പുറമേ പൊതു സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി ജനബാഹുല്യമുണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം പല തട്ടുകളായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ റയില്‍വേ സ്റ്റേഷനുകളിലും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനങ്ങള്‍ സ്ഥാപിക്കും. വലിയ യോഗങ്ങള്‍ക്ക്‌ കനത്ത സുരക്ഷാവലയം ഏര്‍പ്പെടുത്തും. എന്നാല്‍ പൊതുജനങ്ങള്‍ക്ക്‌ അസൗകര്യമുണ്ടാകാത്തവിധമാവും ഇവ രൂപീകരിക്കേണ്ടതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇന്ന്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കാനാണ്‌ ഡി.ജി.പി.യ്‌ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ സ്‌ക്വാഡ്‌ രൂപീകരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കും. സ്‌ക്വാഡിന്‌ ആവശ്യമായ ആധുനിക സംവിധാനങ്ങളെല്ലാം ഉടനെ തന്നെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
Posted on: 13 Jul 2010


എടയ്‌ക്കാട്‌ മണപ്പുറത്ത്‌ റെയ്‌ഡ്‌
ബോംബുകളും മാരകായുധങ്ങളും കണ്ടെടുത്തു

കണ്ണൂര്‍ : എടയ്‌ക്കാട്‌ മണപ്പുറത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ക്യാമ്പെന്നു കരുതുന്ന സ്ഥലത്ത്‌ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ നാടന്‍ ബോംബുകളും, മഴു, വാളുകള്‍ തുടങ്ങിയ മാരകായുധങ്ങളും ലഘുലേഖകളും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ടാണ്‌ ഇവ സൂക്ഷിച്ചിരിക്കുന്നതെന്നാണ്‌ പിടിച്ചെടുത്ത ലഘുലേഖകളില്‍ നിന്ന്‌ ലഭിക്കുന്ന സൂചനയെന്നറിയുന്നു. കണ്ണൂര്‍ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ ബോംബ്‌ സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും പങ്കെടുത്തു.
Posted on: 12 Jul 2010

തീവ്രവാദം : സഭ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം : സംസ്ഥാനത്ത്‌ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പെരുകുന്നത്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. കോണ്‍ഗ്രസ്സില്‍ നിന്നും ആര്യാടന്‍ മുഹമ്മദ്‌ നല്‍കിയ നോട്ടീസിനെത്തുടര്‍ന്ന്‌ ചര്‍ച്ചയ്‌ക്കു തയ്യാറാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ അടിയന്തിര പ്രമേയത്തിന്‌ സ്‌പീക്കര്‍ അവതരണാനുമതി നല്‍കി. ചര്‍ച്ചയുടെ സമയം വിവിധ കക്ഷി നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനിക്കാമെന്ന്‌ സ്‌പീക്കര്‍ നിര്‍ദ്ദേശിച്ചു. ധനാഭ്യര്‍ത്ഥന ബില്ലുകളുടെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയെ ബാധിക്കാത്ത വിധത്തിലായിരിക്കും അടിയന്തിരപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്‌.
Posted on: 12 Jul 2010

സി.എഫ്‌.എല്‍ വിതരണം : 230 മെഗാവാട്ട്‌ വൈദ്യുതി ലാഭം
തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒരുകോടി അഞ്ചുലക്ഷം സി.എഫ്‌.എല്‍ ലാംപുകള്‍ വിതരണം ചെയ്‌തുവെന്നും അതുവഴി 230 മെഗാവാട്ട്‌ വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞുവെന്നും വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടം വൈകാതെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Posted on: 12 Jul 2010


പി.എസ്‌.എല്‍.വി. വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട : ഇന്ത്യയുടേതടക്കം അഞ്ച്‌ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്‌എല്‍വി 15 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്‌ രാവിലെ 9.22 ഓടെയായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌ 2ബി, അല്‍ജീരിയയുടെ അല്‍സാറ്റ്‌, ടൊറാന്റോ സര്‍വ്വകലാശാലയിലെ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ ലാബോറട്ടറി വികസിപ്പിച്ച ഐസാറ്റ്‌, സ്വിറ്റ്‌സര്‍ലന്റിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ വികസിപ്പിച്ച ടിബാറ്റ്‌, ഹൈദരാബാദിലേയും ബാംഗ്ലൂരിലേയും ഏഴ്‌ എഞ്ചിനീയറിംഗ്‌ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത സ്റ്റുഡ്‌സാറ്റ്‌ എന്നീ അഞ്ച്‌ ഉപഗ്രഹങ്ങളാണ്‌ പിഎസ്‌എല്‍വി 15 ഭ്രമണപഥത്തിലെത്തിച്ചത്‌. നഗരാസൂത്രണം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ കാര്‍ട്ടോസാറ്റ്‌ 2 ബിയുടെ സേവനം ഇന്ത്യയ്‌ക്ക്‌ പ്രയോജനപ്പെടും.
Posted on: 12 Jul 2010



മഅദനിയുടെഅറസ്റ്റ് ഉചിതസമയത്തെന്ന് കര്‍ണാടക പോലീസ്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുല്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് ഉചിതമായ സമയത്തുണ്ടാകുമെന്ന് ബാംഗ്ലൂര്‍ പോലീസ് വ്യക്തമാക്കി. അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അറസ്റ്റിന് ഇപ്പോള്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നായിരുന്നു ശങ്കര്‍ ബിദരിയുടെ മറുപടി.  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കുന്നതും അറസ്‌റ്റും തമ്മില്‍ ബന്ധമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ചയാണ് സെഷന്‍സ് കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിയെ സമീപിക്കുന്നത്‌
Posted on: 10 Jul 2010


മഅദനിയുടെ അറസ്റ്റ്‌ : എല്ലാ സഹായവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം : അബ്‌ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കര്‍ണാടക പോലീസ്‌ ആവശ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Posted on: 10 Jul 2010


ഭീകരസംഘടനകളെ നിരോധിക്കുന്നതിന്‌ യു.ഡി.എഫ്‌ പിന്തുണയ്‌ക്കും : ഉമ്മന്‍ചാണ്ടി
കോട്ടയം : ഭീകര സംഘടനകളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കോട്ടയത്ത്‌ പറഞ്ഞു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ യുഡിഎഫ്‌ സംരക്ഷിക്കില്ല. പോപ്പുലര്‍ ഫ്രണ്ടുമായി യു.ഡി.എഫ്‌. ഒരിക്കലും ബന്ധം ഉണ്ടാക്കിയിട്ടില്ലെന്നും ഇനി ബന്ധം ഉണ്ടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 10 Jul 2010


ന്യൂനപക്ഷബദലിനുള്ള സി.പി.എമ്മിന്റെ ശ്രമം തീവ്രവാദം വളര്‍ത്തി : കുഞ്ഞാലിക്കുട്ടി
കോഴിക്കോട്‌ : മുസ്ലീംലിഗിനെതിരെ ന്യൂനപക്ഷബദല്‍ സംഘടനകളെ വളര്‍ത്താന്‍ ശ്രമിച്ച സി.പി.എം ആണ്‌ കേരളത്തിലെ തീവ്രവാദസംഘടനകളുടെ വളര്‍ച്ചയ്‌ക്ക്‌ ഉത്തരവാദിയെന്ന്‌ മുസ്‌ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ ബദല്‍ എന്നും സി.പി.എമ്മിന്റെ സ്വപ്‌നമായിരുന്നു. അതിനുവേണ്ടി അവര്‍ സകല തീവ്രവാദ സംഘടനകളേയും പ്രോത്സാഹിപ്പിച്ചു. അതിന്റെ ദുരന്തഫലമാണ്‌ കേരളത്തിലെ ജനങ്ങളിപ്പോള്‍ അനുഭവിക്കുന്നത്‌. മഅദനിയുടെ അറസ്റ്റിനെക്കുറിച്ച്‌ മറിച്ചും തിരിച്ചും അഭിപ്രായം പറയാന്‍ മുസ്ലീംലീഗില്ല. ഇതേക്കുറിച്ച്‌ അഭിപ്രായം പറയേണ്ടത്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മഅദനിയുമായി വേദി പങ്കിട്ടവരാണ്‌. മുമ്പ്‌ മഅദനിയോട്‌ മാനുഷികപരിഗണന കാട്ടിയെങ്കിലും മഅദനി തിരിച്ച്‌ നന്ദി കാട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Posted on: 10 Jul 2010


കേരളത്തില്‍ ഐ.എസ്‌.ഐ. സാന്നിദ്ധ്യമുണ്ടെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌
മലപ്പുറം : പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കേരളത്തിലെ ചില തീവ്രവാദസംഘടനകള്‍ക്ക്‌ ഐ.എസ്‌.ഐ. സഹായം ലഭിക്കുന്നുണ്ട്‌. നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറിശ്രമവും തൊടുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഭവവും ഇതിന്റെ ഭാഗമാണോ എന്ന്‌ സംശയമുണ്ട്‌. തീവ്രവാദസംഘടനകളുടെ വോട്ട്‌ കോണ്‍ഗ്രസിന്‌ വേണ്ട. ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എസ്‌.ഡി.പി.ഐ., എന്‍.ഡി.എഫ്‌ ഇവയുടെയൊന്നും യാതൊരു സഹായവും കോണ്‍ഗ്രസ്സിന്‌ ആവശ്യമില്ലെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.
Posted on: 10 Jul 2010


തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. അനുകൂല നിലപാടെന്ന്‌ മുരളീധരന്‍
കോഴിക്കോട്‌ : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്ന്‌ കെ. മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്‌ മുരളീധരന്‍ അനുയായികള്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവുമായി സഖ്യത്തിനില്ല. ദുര്‍ബ്ബല സഖ്യകക്ഷികളെയാണ്‌ ഇടതുപക്ഷത്തിനാവശ്യം. കോണ്‍ഗ്രസ്സില്‍ കടുത്ത മുരളീവിരോധം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
Posted on: 10 Jul 2010


മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ കോടതി തള്ളി. രാജ്യദ്രോഹം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പട്ടിട്ടുള്ളവര്‍ക്ക് പ്രഥമദൃഷ്ട്യാ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചുകൊണ്ടാണ് മദനിക്ക് ജാമ്യം നിഷേധിച്ചത്. മദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു.സ്‌ഫോടനവുമായി നേരിട്ടുബന്ധമുള്ള പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാംഗളുരു സ്‌ഫോടന കേസില്‍ 31-ാം പ്രതിയാണ്‌ മഅദനി. മദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു. ഭാവികാര്യങ്ങള്‍ വിധിയുടെ പകര്‍പ്പ് ലഭിച്ചതിനുശേഷം തീരുമാനിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു.
Posted on: 09 Jul 2010

കണ്ണൂരില്‍ ബസ്സില്‍ നിന്ന് ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: എടക്കാട്ടില്‍ സ്വകാര്യ ബസ്സില്‍ നിന്ന് പോലീസ് മുന്നൂറോളം ഡിറ്റണേറ്ററുകളും 96 മീറ്റര്‍ ഫ്യൂസ് വയറുകളും കണ്ടെടുത്തു. ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോടില്‍ നിന്ന് പയ്യന്നൂരിലേയ്ക്ക് പോകുന്ന കെ.എല്‍-58എ 9027 'ഡി.ടി.എസ് എഫ്-4' എന്ന ബസ്സില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഡി.വൈ.എസ്.പി സി.ടി.ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നാളെ കണ്ണൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. നാളെ ജില്ലയില്‍ രണ്ടിടങ്ങളിലെ പരിപാടികളിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Posted on: 09 Jul 2010

നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

തിരുവനന്തപുരം: നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം ക്രൈംബ്രാഞ്ചിന്‌ വിട്ടു. പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി എം.ആര്‍ മണിയനാണ്‌ അന്വേഷണ ചുമതല. റെയില്‍വേയുമായി സഹകരിച്ച്‌ ലോക്കല്‍ പോലീസിന്റെ കൂടെ സഹകരണത്തോടെയാണ്‌ അന്വേഷണം മുന്നോട്ടുപോകുക. ഡി.ജി.പി ജേക്കബ്‌ പുന്നൂസാണ്‌ ഇക്കാര്യമറിയിച്ചത്‌. ട്രെയിന്‍ അട്ടിമറി ശ്രമത്തിനു പിന്നില്‍ മത തീവ്രവാദി- നക്‌സല്‍ സംഘടനകള്‍ക്ക്‌ ബന്ധമുണ്ടെന്ന പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച്‌ സൂചനയെ തുടര്‍ന്നാണ്‌ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്‌. ഷൊര്‍ണ്ണൂര്‍- നിലമ്പൂര്‍ എക്‌സ്പ്രസിന്റെ എയര്‍ ബ്രേക്ക്‌ 20 ഇടങ്ങളില്‍ മുറിച്ച നിലയില്‍ ഇന്നലെയാണ്‌ കണ്ടെത്തിയത്‌.
Posted on: 09 Jul 2010
 
പോലീസ്‌ ജീപ്പ്‌ ബൈക്കിലിടിച്ചു; പോലീസുകാരന്‌ നാട്ടുകാരുടെ മര്‍ദ്ദനം‍

ആലപ്പുഴ: ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ഓടിച്ച പോലീസ്‌ ജീപ്പ്‌ ബൈക്കിലിടിച്ചതിനേ തുടര്‍ന്ന്‌ പോലീസുകാരന്‌ നാട്ടുകാരുടെ വക മര്‍ദ്ദനം. ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപമാണ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ഓടിച്ച്‌ ജീപ്പ്‌ ബൈക്കിലിടിച്ചത്‌. തുടര്‍ന്ന്‌ മുന്നോട്ടെടുത്ത ജീപ്പ്‌ ഒരു ലോറിയിലും ഇടിച്ചു. ഇതോടെ ക്ഷുഭിതനായ നാട്ടുകാര്‍ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മദ്യപിച്ചിട്ടുണ്ടെന്ന്‌ ആരോപിച്ച്‌ ഇയാളെ മര്‍ദ്ദിച്ചു. മുഖത്തിന്‌ ഇടിയേറ്റ പോലീസുകാന്റെ മൂക്കില്‍ നിന്നും രക്‌തം വന്ന നിലയിലാണ്‌.തടിപ്പാലം സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുള്‍ സമദിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന്‌ സൗത്ത്‌ സ്‌റ്റേഷനിലെ പോലീസെത്തിയാണ്‌ ക്ഷുഭിതനായ ജനക്കൂട്ടത്തിനിടയില്‍ നിന്നും ഇയാളെ രക്ഷിച്ചുകൊണ്ടുപോയത്‌. മദ്യപിച്ചിട്ടുണ്ടോയെന്ന്‌ അറിയുന്നതിനായി ഇയാളെ വൈദ്യ പരിശോധനയക്ക്‌ വിധേയനാക്കാന്‍ ആശുപത്രിയിയേലക്ക്‌ കൊണ്ടുപോയി. താന്‍ മദ്യപിച്ചിട്ടില്ലെന്നും തെറ്റായ ദിശയില്‍ വന്നതിനാലാണ്‌ ബൈക്ക്‌ ജീപ്പിലിടിച്ചതെന്നും പോലീസുകാരന്‍ അറിയിച്ചു.
Posted on: 09 Jul 2010

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് അല്‍ ഖ്വെയ്ദ പരിശീലന സി.ഡി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് കുഞ്ഞുമോന്റെ വീട്ടില്‍ നിന്ന് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത സി.ഡിയില്‍ അല്‍ ഖ്വെയ്ദയുടെ പരിശീലന ചിത്രങ്ങള്‍. ഇത് അല്‍ ഖ്വെയ്ദയുടെ പ്രചരണ സി.ഡികളാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്‍ രീതിയില്‍ ആളുകളെ വധിക്കുന്നതിന്റെ പരിശീലന ചിത്രങ്ങളും സി.ഡിയിലുണ്ടെന്ന് അറിയുന്നു. കുഞ്ഞുമോനെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസ്സെടുത്തു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കലാധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് കുഞ്ഞുമോന്‍. റെയ്ഡിന്റെ വിശദാംശങ്ങള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും അറിയിക്കും. ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കണ്ടെടുത്തിരുന്നു. . ഈ കാറില്‍ നിന്ന് കണ്ടെടുത്ത ലാപ്പ്‌ടോപ്പും സി.ഡികളും ലഘുലേഖകളും പോലീസ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചുകൊടുത്തപ്പോഴാണ് സി.ഡിയിലെ ചിത്രങ്ങള്‍ അല്‍ ഖ്വെയ്ദയുമായി ബന്ധപ്പെട്ടതാണെന്ന് അറിയുന്നത്.
Posted on: 09 Jul 2010

കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ദ്ധിപ്പിക്കില്ല: മന്ത്രി തെറ്റയില്‍

തിരുവനന്തപുരം: ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായെങ്കിലും കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധന മൂലം കെ.എസ്.ആര്‍.ടി.സിയ്ക്ക് പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഗതാഗത മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍, യാത്രാക്കൂലി വര്‍ധന എന്നിവ പഠിക്കുന്നതിന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
Posted on: 09 Jul 2010

നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറി: ബ്രേക്ക് പൈപ്പുകള്‍ മുറിച്ചുമാറ്റി

മലപ്പുറം: നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി ശ്രമം. ബോഗികള്‍ക്കിടയിലൂടെ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കാരന്‍ ഘടിപ്പിച്ചിരിക്കുന്ന വാക്വം പൈപ്പുകളാണ് ഇന്നലെ രാത്രി മുറിച്ചുമാറ്റിയത്. രാവിലെ 6.45 ന് ഷൊര്‍ണൂരിലേക്ക് പോകേണ്ട ട്രെയിന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് എയര്‍ പ്രഷര്‍ കുറയുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൈപ്പുകള്‍ മുറിച്ചത് കണ്ടെത്തുകയായിരുന്നു. 11 ബോഗികളുള്ള ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ 15 ഇടത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. മുക്കട്ട എന്ന സ്ഥലത്തുനിന്നാണ് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. റബര്‍ പൈപ്പുകളായതിനാലാണ് ആരുടെയും ശ്രദ്ധയില്‍പെടാതെ വളരെ എളുപ്പത്തില്‍ ഇവ മുറിച്ചുമാറ്റാന്‍ കഴിഞ്ഞത്. ഇന്നലെ അര്‍ദ്ധരാത്രിക്കും ഇന്നുപുലര്‍ച്ചക്കും ഇടയിലായിരിക്കും ഇവ മുറിച്ചതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവം അട്ടിമറിയാണെന്നും സംഭവം പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുമെന്നും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ അറിയിച്ചു. ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി കരീമിനായിരിക്കും അന്വേഷണചുമതല. സംഭവത്തെക്കുറിച്ച് റയില്‍വേ മന്ത്രി ഇ അഹമ്മദ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Posted on: 08 Jul 2010

കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷക കൊല്ലപ്പെട്ടു

ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ വനിതാ അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു. സംഭവത്തിനു ശേഷം അഭിഭാഷന്‍ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.നവീന റെഡ്ഡി എന്ന അഭിഭാഷകയെ രാജപ്പ എന്ന അഭിഭാഷകനാണു കുത്തിക്കൊന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് അക്രമമെന്നാണു പ്രാഥമിക നിഗമനം. നവീന റെഡ്ഡിയുടെ കഴുത്തിലും തോളിലുമാണു കുത്തേറ്റത്. രാജപ്പയെ ഗുരുതര പരുക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
Posted on: 08 Jul 2010

വഞ്ചിനാട് എക്‌സ്​പ്രസില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

കൊല്ലം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്​പ്രസില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. രാവിലെ അഞ്ചു മണിക്ക് എറണാകുളത്തുനിന്നും പുറപ്പെട്ട വഞ്ചിനാട് എക്‌സ്​പ്രസ് മാവേലിക്കര റയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. അലുമിനിയം കമ്പികള്‍, ഒരുമീറ്റര്‍ നീളം വരുന്ന തിരി, രണ്ട് ഡിറ്റൊണേറ്റര്‍, സ്‌ഫോടകവസ്തുവായ നിയോജല്‍ 90 എന്നിവയാണ് ബോഗിയില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റയില്‍വേ പോലീസാണ ഇവ പരിശോധിച്ചത്. സ്‌ഫോടകവസ്തുക്കള്‍ ലോക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ പരസ്​പരം ബന്ധിപ്പിക്കാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു ഇവ. വ്യാവസായികമേഖലയില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് നിയോജല്‍ 90. കഴിഞ്ഞവര്‍ഷം ചെറിയതുറയിലും ഹൈദരാബാദില്‍ 2007 ലും നടന്ന സ്‌ഫോടനങ്ങളില്‍ നിയോജല്‍ ആണ് ഉപയോഗിച്ചിരുന്നത്‌. സംഭവത്തേ തുടര്‍ന്ന്‌ ട്രെയിന്‍ മാവേലിക്കര സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്‌.
Posted on: 08 Jul 2010


പ്രതികള്‍ പറയേണ്ടത്‌ ജനമധ്യത്തിലല്ല: എന്‍ഐഎ കോടതി‍
കൊച്ചി: തീവ്രവാദ മകസുകളിലെ പ്രതികള്‍ക്ക്‌ പറയാനുള്ളത്‌ പറയേണ്ടത്‌ പൊതുജനമധ്യത്തിലല്ലെന്ന്‌ കൊച്ചിയിലെ പ്രത്യേക  എന്‍.ഐ.എ കോടതി. പ്രതികള്‍ക്ക്‌ പരാതി പറയാന്‍ കോടതിയില്‍ സ്വാതന്ത്ര്യമുണ്ട്‌.  പ്രതികളെ മുഖം മറയ്‌ക്കാതെ കോടതിയില്‍ ഹാജരാക്കിയതിനെതിരെ എന്‍ഐഎയും പരാതി നല്‍കിയിരുന്നു. ലഷ്‌കറെ തീവ്രവാദി തടിയന്റവിട നീസറിനെയും കൂട്ടാളിയെയും മുഖം മറയ്‌ക്കാതെ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിച്ച പോലീസ്‌ നടപടി വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് തീവ്രവാദ കേസുകളിലെ പ്രതികളെ പുറത്തിറക്കുനേ്പാള്‍ മുഖം മറയ്ക്കണമെന്ന് എന്‍ഐഎ കോടതി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നതിനെതിരെ കോഴിക്കോട്‌ സ്‌ഫോടനക്കേസിലെ പ്രതി അബ്‌ദുള്‍ ഹാലിം സമര്‍പ്പിച്ച പരാതിയിലാണ്‌ കോടതിയുടെ ഈ പരാമര്‍ശം.
Posted on: 08 Jul 2010

കൈവെട്ടിയ സംഭവം: ഒരുവാഹനം കൂടി പിടിച്ചെടുത്തു
മൂവാറ്റുപുഴ: ന്യൂമാന്‍സ് കോളജ് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന ഒരുവാഹനം കൂടി പോലീസ് പിടിച്ചെടുത്തു. മുന്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ആലുവസ്വദേശി കുഞ്ഞുമോന്റെ ഇന്നൊവ വാന്‍ ആണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ നിന്നും ചില സിഡികളും രേഖകളും ലഭിച്ചിട്ടുണ്ട്. അക്രമം നടന്ന സ്ഥലം ഇന്ന് ഡി.ജി.പി. സന്ദര്‍ശിച്ചു. അക്രമണത്തില്‍ ഗൂഢാലോചനനടന്നിട്ടുണ്ടെന്നും ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ മുഖ്യപ്രതികളുമായി കുഞ്ഞുമോന്‍ ഫോണില്‍ സംസാരിച്ചതായി പോലീസിന്‌ ബോധ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ ഇയാളുടെ വീട്ടില്‍ റെയ്‌ഡ് നടത്തിയത്‌.മുന്‍പ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ ആലുവ സ്വദേശിയാണ്. കുഞ്ഞുമോന്‍ ഒളിവിലാണ്‌. മുന്‍പ്‌ ആര്‍.എസ്‌.എസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്‌ കുഞ്ഞുമോന്‍. വിവാദചോദ്യപ്പേപ്പര്‍ ഉണ്ടാക്കിയ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അഷ്‌റഫ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
Posted on: 08 Jul 2010

സാംസ്‌കാരിക നായകര്‍ക്ക് ധാര്‍മ്മികതയില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കെല്ലാം ധാര്‍മ്മികത നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സാംസ്‌കാരിക നായകരെല്ലാം കാശിക്ക് പോയെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ ആരും പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
Posted on: 08 Jul 2010

കേരളത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍ ഭീഷണി

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍ ഭീഷണി. കേരളത്തിലെ പ്രമുഖ സാമൂഹിക നേതാവിനെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ശനിയാഴ്ചയാണ് ഡി.ജി.പിയുടെ ഇമെയില്‍ അഡ്രസില്‍ ഭീഷണി ലഭിച്ചത്. ഇ മെയില്‍ ഗള്‍ഫില്‍നിന്നും അയച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിജിപിയ്‌ക്കൊപ്പം ഏഴ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മെയില്‍ അയച്ചിട്ടുണ്ട്.  കഴിഞ്ഞ ശനിയാഴ്‌ച ലഭിച്ച ഇമെയിലിനെ സംഭവത്തില്‍ ശക്‌തമായ അന്വേഷണം തുടരുകയാണെന്നുംകേന്ദ്ര ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Posted on: 07 Jul 2010

പി.സി. തോമസും എന്‍.സി.പിയും ഇടതുമുന്നണിയില്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചു. പി.സി. തോമസ് , സ്‌കറിയാ തോമസ്, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവരെയാണ് ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുപേരും മുന്നണിയോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ.ജി സെന്ററിലെത്തി. കേരളകോണ്‍ഗ്രസ് (ജെ) മുന്നണി വിട്ടപ്പോള്‍ അവര്‍ക്കൊപ്പം നീങ്ങാതെ നിന്നവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ഉറച്ച നിലപാട് സി.പി.എം. സ്വീകരിച്ചതിനെ തുടര്‍ന്നാണ് തോമസ് വിഭാഗത്തിന് മുന്നണി പ്രവേശനം ഉറപ്പായത്. നേരത്തെ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോഴൊക്കെ സി.പി.ഐ, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ തോമസ് വിഭാഗത്തെ തിരക്കിട്ട് മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു.കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന എന്‍.സിപിയെ മുന്നണിയില്‍ എടുക്കുന്നതിനെ അനൗചത്യം ഇവര്‍ ഉയര്‍ത്തികാണിച്ചുവെങ്കിലും പൊതുവായ തീരുമാനത്തെ അംഗീകരിക്കുയായിരുന്നു. എന്നാല്‍ സി.പി.എം. ഇതിനോട് ശക്തിയായി വിയോജിച്ചു. സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും നിലപാടില്‍ അയവ് വന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പി.സി. തോമസ് വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. എന്‍.സി.പിയെ ഇടതുമുന്നണിയിലെടുക്കാനും എല്‍.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. പി.സി.തോമസ് വിഭാഗത്തിന്റെ എല്‍.ഡി.എഫ്. പ്രവേശനം നടന്നെങ്കിലും ഈ വിഭാഗത്തിലെ ഏക എം. എല്‍.എയായ വി.സുരേന്ദ്രന്‍പിള്ളക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല.
Posted on: 07 Jul 2010

നാവികസേന റിയര്‍ അഡ്മിറല്‍ കൊച്ചിയില്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: നാവികസേനയിലെ ഉന്നതോദ്യോഗസ്ഥനെ പരിശീലനകേന്ദ്രത്തില്‍ വെടിയേറ്റ് മരിച്ചു. റിയര്‍ അഡ്മിറല്‍ എസ്.എസ് ജാംവാളിനെ (50) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെയാണ് ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ മൃതദേഹം കണ്ടെത്തിയത്. ഐ.എന്‍.എസ് ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് ജാംവാള്‍ കൊല്ലപ്പെട്ടതെന്ന് നാവികസേനാ കമാന്‍ഡര്‍ പി.വി.എസ് സതീഷ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുസ്വദേശിയായ ജാംവാള്‍ കുടുംബസമേതം കൊച്ചിയിലാണ് താമസം.ഇന്ത്യന്‍ നാവികസേനയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്ത പരിചയമുള്ള ഉദ്യോഗസ്ഥനാണ് ജാംവാള്‍. റഷ്യയുമായുള്ള നാവികസേനയുടെ കരാറുകള്‍ക്ക് ജാംവാള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. റഷ്യയില്‍ ഇന്ത്യന്‍ നാവിക ​േ​സനയ്ക്കു വേണ്ടി നിരവധി വര്‍ഷം സേവമനുഷ്ടിച്ചിട്ടുണ്ട്.
Posted on: 07 Jul 2010

ഇടമലയാര്‍: അന്തിമവാദം നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസിലെ അന്തമവാദം കേള്‍ക്കുന്നത് അഞ്ചുമാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ഹരജി നല്‍കി. കേസിനാവശ്യമായ രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാനാണ് സമയം ചോദിച്ചത്. കേസിന്റെ അന്തിമ വാദം അടുത്താഴ്ച തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. ഇടമലയാര്‍കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതിനെതിരെ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി നിരവധി തവണ അന്തിമവാദം കേള്‍ക്കാനായി മാറ്റിവെച്ചിരുന്നു. രേഖകള്‍ ഹാജരാക്കുന്നില്ല എന്നതിന്റെ പേരില്‍ കേസ് അനന്തമായി നീട്ടാനാവില്ലെന്നും കേസിലെ കക്ഷികളില്‍ ആര്‍ക്കുവേണമെങ്കിലും രേഖകള്‍ ഹാജരാക്കാമെന്നും കഴിഞ്ഞ ഡിസംബറില്‍ സുപ്രിം കോടതി പറഞ്ഞിരുന്നു.
Posted on: 07 Jul 2010


വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: പ്രതിപക്ഷം സഭവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ കരട് വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്​പീക്കര്‍ പ്രമേയാവതരണത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
Posted on: 07 Jul 2010



കോണ്‍ഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിനേതിരേ കരുണാകരന്‍
തിരുവനന്തപുരം : കോണ്‍ഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന്‌ മുതിര്‍ന്ന നേതാവ്‌ കെ കരുണാകരന്‍. തിരുവനന്തപുരത്തെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ കരുണാകന്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച തന്റെ അതൃപ്‌തി അറിയിച്ചത്‌. ഇത്തരമൊരു തെരഞ്ഞെടുപ്പ്‌ പ്രഹസനം കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. സമവായം എന്ന പേരില്‍ അന്നും ഇന്നും ചില ചര്‍ച്ചകള്‍ മാത്രമാണ്‌ നടക്കുന്നതെന്നും തെരഞ്ഞെടുപ്പ്‌ ഫലം എന്തായാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും ഇടയ്‌ക്ക്‌ തന്നെ കാണാന്‍ വരുന്നത്‌ നാട്ടുകാരെ പറ്റിക്കാനാണ്‌. തനിക്ക്‌ ഹൈക്കമാന്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Posted on: 03 Jul 2010

എം.ജി.രാധാകൃഷ്‌ണന്റെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ചു
തിരുവനന്തപുരം : സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്‌ണന്റെ മൃതദേഹം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. ആയിരങ്ങള്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. നേരത്തെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ച തിരുവനന്തപുരത്തെ തൈക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിലേക്ക്‌ ആരാധകരും സുഹൃത്തുക്കളും അടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. സംസ്‌കാരം വൈകിട്ട്‌ 3.45ന്‌ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട്‌ ശാന്തികവാടത്തില്‍ നടക്കും.
Posted on: 03 Jul 2010

ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം : ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാറിനെ തിരുവനന്തപുരം സൈബര്‍ പൊലീസ്‌ അറസ്റ്റുചെയ്‌തു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അലക്‌സാണ്ടറുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. തന്നെക്കുറിച്ച്‌ അപകീര്‍ത്തികരമായ ലേഖനം ക്രൈം വാരികയിലും ഓണ്‍ലൈന്‍ എഡിഷനിലും പ്രസിദ്ധീകരിച്ചുവെന്നാണ്‌ പരാതി. ഇയാളുടെ പരാതിയേത്തുടര്‍ന്ന്‌ ക്രൈം വാരികയുടെ കൊച്ചിയിലെ ഓഫീസ്‌ പൊലീസ്‌ റെയ്‌ഡ്‌ ചെയ്‌തിരുന്നു. കേസ്‌ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Posted on: 03 Jul 2010


കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചാല്‍ കേസെടുക്കുമെന്ന്‌ മന്ത്രി ദിവാകരന്‍
തിരുവനന്തപുരം : ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന്‌ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പു മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Posted on: 03 Jul 2010


എം.ജി രാധാകൃഷ്ണന്‍  അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം.ജി രാധാകൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയില്‍ ഇന്നുച്ചയ്ക്ക് 1.45-നാണ് അന്ത്യം സംഭവിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്നുരാവിലെ വഷളായതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. രോഗം മൂര്‍ച്‌ഛിച്ചതിനേ തുടര്‍ന്ന്‌ കുറച്ചുകാലമായി സംഗീത മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍  ശവസംസ്‌കാരം നടക്കും.ജി.അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്ന് തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2001-ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും. ശരശയ്യ, കള്ളിച്ചെല്ലമ്മ, ദേവാസുരം എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്‌.സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ച എം.ജി രാധാകൃഷ്ണന്‍ 1937-ല്‍ ആലപ്പുഴയിലെ ഹരിപ്പാടാണ് ജനിച്ചത്. അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരും അമ്മ കമലാക്ഷിയമ്മയും പ്രശസ്ത സംഗീതജ്ഞരായിരുന്നു. 1962-ല്‍ തിരുവനന്തപുരത്ത് ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത സപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പ്രശസ്ത സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയും ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സഹോദരങ്ങളാണ്. സൗണ്ട് എഞ്ചീനിയര്‍ രാജകൃഷ്ണന്‍  ഐ.ടി എഞ്ചീനിയറായ കാര്‍ത്തിക എന്നിവര്‍ മക്കളാണ്.  
Posted on: 02 Jul 2010


അധിക്ഷേപങ്ങള്‍ അപകടകരം: ഹൈക്കോടതി
കൊച്ചി: കോടതി വിധി വിമര്‍ശനത്തിന് അതീതമല്ലെന്നും എന്നാല്‍ അധിക്ഷേപകരവും വ്യക്തിപരവുമായ വിമര്‍ശനങ്ങള്‍ അപകടകരമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി വ്യക്തമാക്കി. വിധിയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അവ ആരോഗ്യകരമായിരിക്കണം. എന്നാല്‍ വ്യക്തിപരമായി ജഡ്ജിമാരെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് കോടതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നുമെന്നും ഇത് ജനാധിപത്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും ഹൈക്കോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. കേരളത്തില്‍ കുറച്ചുദിവസമായി നടക്കുന്ന കോടതിയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹര്‍ത്താല്‍ ദിവസം നടക്കുന്ന വിവാഹത്തിന് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Posted on: 02 Jul 2010

വിധികളെ വിമര്‍ശിക്കുന്നത്‌ കോടതിയെ അപമാനിക്കലല്ല: പിണറായി

തിരുവനന്തപുരം: പൊതുനിരത്തിലെ സമ്മേളനങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധി പിന്‍വലിക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. തെറ്റായി വിധികളെ വിമര്‍ശിക്കുന്നത്‌ കോടതിയെ അപമാനിക്കലല്ല. ജഡ്‌ജിമാരെക്കുറിച്ച്‌ മോശമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. വിധി പറയുന്നതിന്‌ കോടതി സര്‍ക്കാരിന്റെ വാദം കേട്ടിട്ടല്ലെന്നും പിണറായി പറഞ്ഞു.
Posted on: 02 Jul 2010

ഹൈക്കോടതി വിധി: പ്രത്യാഘാതമുണ്ടാക്കുമെന്ന്‌  വി.എസ്‌.
തിരുവനന്തപുരം: പൊതുനിരത്തിലെ യോഗം നിരോധിച്ച ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. വിധി പ്രസ്‌താവനത്തിന്‌ മുമ്പ്‌ കോടതി അവശ്യം ചെയ്‌തിരിക്കേണ്ട  ചില കാര്യങ്ങളുണ്ട് . സര്‍ക്കാര്‍ നിലപാട്‌ ആരായാന്‍ കോടതിക്ക്‌ ബാധ്യതയുണ്ടായിരുന്നു. കോടതിക്കെതിരെ ഉയര്‍ന്നത്‌ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍ക്കാരിന്‌ ജുഡീഷ്യറിയോട്‌ അങ്ങേയറ്റത്തെ ആദരവാണ്‌. അത്‌ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്ന്‌ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പൊതുനിരത്തില്‍ പ്രകടനം നിരോധിച്ച കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ഗവണ്‍മെന്റും പ്രതിപക്ഷവും ചേര്‍ന്ന്‌ അപ്പീല്‍ നല്‍കണമെന്നാണ്‌ താല്‍പ്പര്യം. അപ്പീല്‍ നല്‍കണമെന്ന ആഗ്രഹം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചിരുന്നു. അവര്‍ ഇല്ലെങ്കിലും അപ്പീലുമായി മുന്നോട്ട്‌ പോകുമെന്ന്‌ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Posted on: 02 Jul 2010

  പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

 

തിരുവനന്തപുരം: അടിയന്തിരാവസ്‌ഥയുമായി ബന്ധപ്പെടുത്തി സഞ്‌ജയ്‌ ഗാന്ധിക്കു പകരം രാജീവ്‌ ഗാന്ധിയുടെ പേര്‌ പരാമര്‍ശിച്ചതില്‍ ‌ പ്രതിഷേധിച്ച്‌  പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന്‌  സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. ഇനി 12-ാം തീയതി മാത്രമേ സഭ ചേരുകയുള്ളൂ.  പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസില്‍ മറുപടി പറയവേയാണ്‌  മുഖ്യമന്ത്രിയുടെ പരാമര്‍ശം. അലഹബാദ്‌ ഹൈക്കോടതി മുന്‍പ്‌ ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞപ്പോള്‍ തെരുവിലിറങ്ങിയ നിങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ പ്രതികരിക്കാനവകാശമില്ലെന്ന്‌ മുഖ്യമന്ത്രി മറുപടി പറഞ്ഞു. അടിയന്തിരാവസ്‌ഥ കാലത്ത്‌ നിങ്ങള്‍ക്കെതിരായി വിധി പറഞ്ഞ അന്നത്തെ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റീസ്‌ വി.ആര്‍ കൃഷ്‌ണയ്യരെ രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചിട്ടില്ലേയെന്നും വി.എസ്‌ ചോദിച്ചു. ഇതാണ്‌ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്‌. സഞ്‌ജയ്‌ഗാന്ധിയുടെ പേരിനു പകരം വി.എസ്‌ അബദ്ധത്തില്‍ രാജീവ്‌ ഗാന്ധിയുടെ പേര്‌ പരാമര്‍ശിക്കുകയായിരുന്നു. തെറ്റു മനസ്സിലാക്കിയ അദ്ദേഹം പരാമര്‍ശം രണ്ടു തവണ തിരുത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സി.പി.എം കോടതിക്കെതിരെ അവഹേളനം നടത്തുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്   .പ്രതിപക്ഷത്തു നിന്നും വി.ഡി സതീശനാണ്‌ നോട്ടീസ്‌ നല്‍കിയത്‌. വിഷയം പിന്നീട്‌ പരിഗണിക്കാമെന്ന്‌ സ്‌പീക്കര്‍ അറിയിച്ചതിനോട്‌ ഭരണപക്ഷവും യോജിച്ചിരുന്നു.. സഭയില്‍ പ്രതിഷേധം ശക്‌തമായതിനേ തുടര്‍ന്നാണ്‌ ഇന്നത്തേക്ക്‌ പിരിയാന്‍ സ്‌പീക്കര്‍ തീരുമാനിച്ചത്‌.
Posted on: 02 Jul 2010

മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രകോപനപരം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പൊതുനിരത്തുകളില്‍ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ സി.പി.എം കോടതിക്കും ജഡ്‌ജിമാര്‍ക്കുമെതിരെ നടത്തുന്ന പോര്‍വിളി അംഗീകരിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ ഉമ്മന്‍ചാണ്ടി. കോടതി വിധിയോട്‌ എതിര്‍പ്പുണ്ടെങ്ങില്‍ അത്‌ വ്യവസ്‌ഥാപിത രീതിയില്‍ മറികടക്കാന്‍ ശ്രമിക്കണം. അല്ലാതെ അണികളെ ഇളക്കിവിട്ട്‌ കേടതിയെ പേടിപ്പിക്കാനാണ്‌ ശ്രമമെങ്കില്‍ പ്രതിപക്ഷം ശക്‌തമായി എതിര്‍ക്കും. രാജീവ്‌ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദിത്തപരമാണ്‌. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു.ഇത് പ്രകോപനപരമാണ്. മുഖ്യമന്ത്രിയാണെന്നു കരുതി എന്തും  പറയാന്‍ ആരും ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Posted on: 02 Jul 2010

സ്വാശ്രയ കോളേജുകള്‍ നടത്തുന്ന തോന്ന്യാസത്തിന്‌ സര്‍ക്കാര്‍ ഉത്തരവാദിയല്ല : എം എ ബേബി
തിരുവനന്തപുരം:  സ്വാശ്രയ കോളേജുകള്‍ നടത്തുന്ന തോന്ന്യാസത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി എം എ ബേബി നിയമസഭയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്ത മുന്‍ സര്‍ക്കാരാണ്‌ ഇതിനുത്തരവാദിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസാവകാശനിയമം സംസ്ഥാനത്ത്‌ നടപ്പാക്കുന്നതിന്‌ ആദ്യഘട്ടത്തില്‍ 7,900 കോടി രൂപയുടെ അധികചെലവ്‌ വരുമെന്നും വിദ്യാഭ്യാസമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Posted on: 02 Jul 2010

മാറാട് കലാപം പ്രത്യേക ഏജന്‍സി അന്വേഷിക്കും

തിരുവനന്തപുരം: മാറാട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിലെതന്നെ പ്രത്യേക ഏജന്‍സിയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഗൂഢാലോചന, പണത്തിന്റെ ഉറവിടം തുടങ്ങി എല്ലാവശങ്ങളും അന്വേഷിക്കും. സി.ബി.ഐ. അന്വേഷണം വേണമെന്ന സംസ്ഥാനആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിനാലാണ് പ്രത്യേക ഏജന്‍സിയെ നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Posted on: 02 Jul 2010

ലാഹോറില്‍ ഇരട്ട സ്‌ഫോടനം: 38 മരണം 
ലാഹോര്‍: പാകിസ്താനില്‍ ലാഹോറിലെ സൂഫി ആരാധനാലയത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചു. 175 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. അബു ഹസന്‍ അലി ഹിജ്‌വേരിയിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആയിരക്കണക്കിനുപേര്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ആരാധനാലയത്തിന്റെ മുറ്റത്താണ് ആദ്യ സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ വിശ്വാസികള്‍ കാല്‍ കഴുകുന്ന സ്ഥലത്തും ചാവേര്‍ പോരാളി സ്‌ഫോടനം നടത്തി. 38 പേരുടെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ലാഹോറിലെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ 25 പേരുടെ നില ഗുരുതരമാണ്‌. മരിച്ചവരില്‍ അധികവും സ്‌ത്രീകളും കുട്ടികളുമാണ്‌. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്‌. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആരാധനാലയത്തിലെ സുരക്ഷാ വീഴ്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ആരോപിച്ച് വിശ്വാസികള്‍ പോലീസിനെതിരെ പ്രകടനം നടത്തി. അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടത്തിയ രണ്ട് ചാവേര്‍ പോരാളികളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകളായ അല്‍ ഖ്വൈദ , താലിബാന്‍ എന്നിവയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു. പാകിസ്താന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും താമസിക്കുന്ന നഗരമാണ് ലാഹോര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ നടന്ന ഒന്‍പത് സ്‌ഫോടനങ്ങളില്‍ 265 പേര്‍ മരിച്ചിരുന്നു.
Posted on: 02 Jul 2010

അട്ടപ്പാടിയില്‍ വീടുകള്‍ കത്തിനശിച്ചു: ആദിവാസി മരിച്ചു

പാലക്കാട്: അട്ടപ്പാടി വെള്ളകുളം ആദിവാസി കോളനിയിലെ മൂന്നു വീടുകള്‍ കത്തിനശിച്ചു. വെള്ളകുളം സ്വദേശി നടരാജന്‍ എന്ന ആദിവാസി പൊള്ളലേറ്റു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

Posted on: 02 Jul 2010


ബിഗ്‌ ബിയുടെ ക്ഷണം സ്വീകരിച്ച്‌ മോഹന്‍ലാല്‍ ട്വിറ്ററില്‍
കോട്ടയം: അമിതാഭ്‌ ബച്ചന്റെ ക്ഷണം സ്വീകരിച്ച്‌ മോഹന്‍ലാല്‍ ട്വിറ്ററിലേക്ക്‌. മേജര്‍ രവി ചിത്രമായ 'കാണ്ഡഹാറി'ന്റെ ഷൂട്ടിംഗിനായി ഊട്ടിയില്‍ എത്തിയ അമിതാഭ്‌ ബച്ചന്‍ ഇന്നലെയാണ്‌ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ മോഹന്‍ലാലിനോട്‌അഭ്യര്‍ഥിച്ചത്‌. ബിഗ്‌ ബിയുടെ ആവശ്യം അംഗീകരിച്ച ലാല്‍ ഇന്നലെത്തന്നെ ട്വിറ്റര്‍ അക്കൗണ്ട്‌ തുടങ്ങി. ബ്ലോഗില്‍ അമിതാഭ്‌ ബച്ചന്‍ തന്നെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ ആദ്യം ട്വീറ്റ്‌ ചെയ്‌തത്‌. "ബ്ലോഗില്‍ താങ്കള്‍ ചൊരിഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. താങ്കളുമൊത്ത്‌ അഭിനയിക്കുന്നതുതന്നെ വലിയൊരു അംഗീകാരമാണ്‌" എന്നായിരുന്നു ബച്ചന്‌ ലാലിന്റെ ബ്ലോഗ്‌. ലാലിന്റെ ട്വീറ്റിന്‌ ബച്ചന്‍ ഉടന്‍ മറുപടി നല്‍കുകയും ചെയ്‌തു. 'നന്ദി... ട്വിറ്ററില്‍ അംഗമായതിനും ജീവിതത്തിലെ എല്ലാ മേഖലകളിലും താങ്കള്‍ നല്‍കുന്ന പ്രചോദനത്തിന്‌ നന്ദി.. ' എന്നായിരുന്നു ലാലിന്‌ ബച്ചന്റെ ട്വിറ്റ്‌. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലാലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ലിങ്കും ബിഗ്‌ ബി നല്‍കിയിട്ടുണ്ട്‌. ട്വിറ്ററില്‍ അക്കൗണ്ട്‌ തുറന്ന്‌ 24 മണിക്കൂര്‍ തികയും മുന്‍പുതന്നെ 4000 പേരാണ്‌ ലാലിന്റെ ഫോളോവേഴ്‌സ് ആയത്‌. ട്വിറ്ററിലെ ബയോ ഡാറ്റയില്‍ 'ആത്മാഭിമാനമുള്ള അനുഗ്രഹീതനായ ഒരു ഇന്ത്യന്‍. ഇന്ത്യന്‍ സിനിമാ കുടുംബത്തിലെ ഒരംഗം' എന്നുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ലൊക്കേഷനായി നല്‍കിയിരിക്കുന്നത്‌ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്നാണ്‌.
Posted on: 02 Jul 2010

ഹര്‍ത്താലിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല : പിണറായി

കോഴിക്കോട്‌ : വിലക്കയറ്റത്തിനെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്‌ ചെറുവണ്ണൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. അന്നം കഴിക്കുന്നവര്‍ക്ക്‌ ആര്‍ക്കും തിങ്കളാഴ്‌ച വിലക്കയറ്റത്തിനെതിരെ നടക്കുന്ന ഹര്‍ത്താലിനെ എതിര്‍ക്കാനാവില്ല. വിലവര്‍ദ്ധനവിനെതിരേയുള്ള സമരം ഇവിടം കൊണ്ട്‌ തീരില്ല. ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട്‌ പോകും. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട്‌ മന്‍മോഹന്‍സിംഗിന്റെ പ്രഖ്യാപനങ്ങളെ എതിര്‍ക്കുന്നില്ല എന്ന്‌ പിണറായി വിജയന്‍ ചോദിച്ചു. സി.പി.എം നീതിന്യായ വ്യവസ്ഥയ്‌ക്ക്‌ എതിരല്ലെന്നും തെറ്റായ കോടതിവിധികള്‍ക്കെതിരെയാണ്‌ പ്രതിഷേധിക്കുന്നതെന്നും പിണറായി പറഞ്ഞു. വഴിയരുകിലെ പൊതുയോഗങ്ങള്‍ നിരോധിക്കുന്നതിനുമുമ്പ്‌ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടേണ്ടതായിരുന്നു. സി.പി.എമ്മിനെതിരെ എരിവ്‌ കേറ്റുന്നവരുടെ വാക്കുകള്‍ കേട്ട്‌ ഹൈക്കോടതി വിലപ്പെട്ട സമയം കളയരുതെന്നും പിണറായി പറഞ്ഞു.
Posted on: 1 July 2010


ഏത്‌ അന്വേഷണത്തിനും തയ്യാറെന്ന്‌ തച്ചങ്കരി

കൊച്ചി : തനിക്കെതിരേയുള്ള ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ ഐ.ജി. ടോമിന്‍ തച്ചങ്കരി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്‌ തന്റെ നിലപാട്‌ വിശദീകരിച്ച്‌ അയച്ച കത്തില്‍ അറിയിച്ചു. തന്റെ ഖത്തര്‍ സന്ദര്‍ശനം ഡിജിപിയുടെ മുന്‍കൂര്‍ അനുമതിയോടെയായിരുന്നു. ഖത്തര്‍ അംബാസഡറെ സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ വേണ്ടി ഫോണില്‍ വിളിച്ചിട്ടില്ല. ഏതെങ്കിലും തീവ്രവാദികളെപ്പറ്റിയോ ക്രിമിനലുകളെപ്പറ്റിയോ അംബാസിഡറുമായി സംസാരിച്ചിട്ടില്ല. അംബാസഡറുമായി അനൗപചാരികമായ ഹ്രസ്വസംഭാഷണം മാത്രമാണുണ്ടായത്‌. ഖത്തര്‍ അംബാസഡറുടെ ആരോപണങ്ങള്‍ പലതും സാങ്കല്‍പ്പികമാണെന്നും തച്ചങ്കരി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
Posted on: 1 July 2010


വിഴിഞ്ഞം പദ്ധതി 2011ല്‍ തുടങ്ങുമെന്ന്‌ മന്ത്രി വിജയകുമാര്‍

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി 2011ല്‍ ആരംഭിക്കാന്‍ കഴിയുമെന്ന്‌ മന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം അവസാനത്തോടെ ടെണ്ടര്‍ ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. 2005ല്‍ ടെണ്ടര്‍ ലഭിച്ച പദ്ധതി ഇത്രയും വൈകാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണെന്നും മന്ത്രി പറഞ്ഞു.
Posted on: 1 July 2010



കെല്‍ട്രോണിന്റെ കടബാദ്ധ്യത ഈ വര്‍ഷം തീര്‍ക്കും : എളമരം കരീം

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കടബാദ്ധ്യത ഈവര്‍ഷം തന്നെ തീര്‍ക്കാന്‍ കഴിയുമെന്ന്‌ വ്യവസായമന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. ഇനിയുള്ള കടബാദ്ധ്യത 12 കോടി രൂപയാണ്‌. അത്‌ ഒറ്റത്തവണയായി തീര്‍പ്പാക്കും. കമ്പനിയുടെ വാര്‍ഷിക വരുമാനം 106 കോടി രൂപയില്‍ നിന്ന്‌ 205 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചു. ഇത്‌ 1000 കോടിയിലെത്തിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്‌ ആരെയും പിരിച്ചുവിടാതെ മൂന്നുവര്‍ഷം കൊണ്ട്‌ ഉല്‍പാദനക്ഷമത കൈവരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.
Posted on: 1 July 2010


തച്ചങ്കരിയുടെ യാത്ര എന്‍.ഐ.എ. അന്വേഷിക്കും

ന്യൂഡല്‍ഹി : ഐ.ജി.യുടെ ചുമതലയിലിരിക്കേ ടോമിന്‍ ജെ തച്ചങ്കരി നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ച്‌ അന്വേഷണം എന്‍.ഐ.എയ്‌ക്ക്‌ കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഭീകര പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ്‌ എന്‍.ഐ.എ അന്വേഷണത്തിന്‌ ഉത്തരവിട്ടതെന്ന്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സെക്രട്ടറി ജി.കെ പിള്ള പറഞ്ഞു. കേരള സര്‍ക്കാരിന്റേയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടേയും റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ തീരുമാനം. വിദേശയാത്രയ്‌ക്കിടയില്‍ തച്ചങ്കരി നടത്തിയ ചര്‍ച്ചകളും സന്ദര്‍ശനങ്ങളും സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്താനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും കേന്ദ്രം അന്വേഷിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അന്വേഷിച്ചിരുന്നു. സര്‍വ്വീസിലിരിക്കെ തച്ചങ്കരി നടത്തിയ അനധികൃത യാത്രകളുടെയും തച്ചങ്കരിയുമായി ബന്ധപ്പെട്ട വിജിലന്‍സ്‌ കേസുകളുടെയും മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‌ കൈമാറും.
Posted on: 1 July 2010

 





എന്‍ ഡി എഫിന്റെ തേജസ് പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ
കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

എന്‍.ഡി.എഫിന്റെ (ഇപ്പോഴത്തെ പോപ്പുലര്‍ ഫ്രണ്ട്) മുഖപത്രമായ തേജസ് പത്രത്തിനും വാരികക്കും വര്‍ഗീയ അജണ്ടയുണ്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് കത്ത് അയച്ചു. കാശ്മീര്‍, മുസ്‌ലിം, അമേരിക്ക, ഇസ്രായേല്‍ വിഷയങ്ങളില്‍ തേജസ് പത്രത്തിനും വാരികക്കും ജനാധിപത്യ ഭരണ കൂട  വിരുദ്ധ സമീപനമാണുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ദേശീയോദ് ഗ്രഥന വകുപ്പ് ഡയരക്ടര്‍ വൈ.കെ.ബവേജ ഈ കഴിഞ്ഞ നവംബര്‍ പത്തൊമ്പതിനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. രാജ്യത്തിലെ തീവ്രവാദ വിരുദ്ധ നടപടികള്‍ ഭരണകൂട ഭീകരതയായാണ് ഈ പ്രസിദ്ധീകരണങ്ങള്‍ ചിത്രീകരിക്കുന്നത്. സമകാലീക സംഭവങ്ങള്‍ വര്‍ഗീയ കാഴ്ചപ്പാടോടെയാണ് പത്രം കാണുന്നത്. സമ്പന്ന വ്യവസായികളുടെ പണം കൊണ്ടാണ് തേജസ് പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പരസ്യങ്ങള്‍ പത്രത്തില്‍ വരുന്നുണ്ടെന്നും വര്‍ഗീയ അജണ്ട നിയന്ത്രിച്ച് സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

 Lt .Col മോഹന്‍ലാല്‍ പത്മശ്രീ പ്രചാരണ സ്ഥാനപതിയായ  ആക്ട്‌ ഫോര്‍ ഹുമാനിറ്റിയുടെ കീഴിലുള്ള TERRORISM FREE KERALA PROJECT മുഖ പ്രസിദ്ധീകരണമായ കേരളീയം ഓണ്‍ലൈന്‍ ഈ വിഷയം 2008 സെപ്തംബറിലും, നവംബറിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചൂണ്ടി കാണിച്ചിരുന്നു. പ്രസ്തുത ലേഖനം സര്‍ക്കാര്‍ നടപടിയും ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, ഈ മുന്നറിയിപ്പുകളും അതിനു മുന്‍പും, ശേഷവുമായി കേരളീയം നല്‍കിയ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാരും അധികൃതരും അവഗണിക്കുകയാണു ണ്ടായത്. ലേഖനങ്ങള്‍ ഇവിടെ വായിക്കാം.



     തേജസ് : കേരളീയം രണ്ടായിരത്തിയെട്ടില്‍
മുന്നറിയിപ്പ് നല്‍കിയിരുന്നു
കൊച്ചി: എന്‍ ഡി എഫിന്റെ മുഖപത്രമായ തേജസിന്റെ വര്‍ഗ്ഗീയ അജണ്ടകളെക്കുറിച്ച് കേരളീയം രണ്ടായിരത്തിയെട്ട് സെപ്തംബര്‍ ലക്കത്തില്‍ വളരെ വ്യക്തമായ തെളിവുകളോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തേജസ് വാരികയുടെ രണ്ടായിരത്തിയെട്ട് ജൂലായ്‌ മാസത്തിലിറങ്ങിയ പതിനാലാം ലക്കത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തിലെ വര്‍ഗ്ഗീയപാരമായ നിലപാടുകളും; ജസ്റ്റിസിന്റെ  വാക്കുകളും വസ്തുതകളും വളച്ചൊടിക്കുന്നതും ചൂണ്ടിക്കാണിച്ചു കൊണ്ട് കേരളീയം പ്രസിദ്ധീകരിച്ച എന്‍.ഡി.ഫും തേജസ്സും ; തീവ്രവാദപ്രചാരണത്തിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ വാക്കുകളെ ദുരുപയോഗം ചെയ്യുന്നു. എന്ന ലേഖനത്തിലാണ് തേജസിന്റെ തീവ്രവാദ നിലപാടുകളെ തുറന്നു കാണിച്ചിട്ടുള്ളത്. കേരളീയം നടത്തിയ ദീര്‍ഘമായ അന്വേഷണങ്ങളില്‍ ലഭിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു അതില്‍ വെളിപ്പെടുത്തിയിരുന്നത്. പക്ഷെ; ആ മുന്നറിയിപ്പുകകളും അതിനു മുന്‍പും, ശേഷവുമായി കേരളീയം നല്‍കിയ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാരും അധികൃതരും അവഗണിക്കുകയാണുണ്ടായത്. തീവ്രവാദവുമായി ബന്ധപ്പെട്ടു മറ്റു പ്രധാനപ്പെട്ട ചില കാര്യങ്ങളും രേഖാമൂലം മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു.





 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.